
പിറന്നാൾ ആഘോഷത്തിനിടയിൽ പിറന്നാളുകാരന്റെ കയ്യിലിരുന്ന് കേക്ക് പൊട്ടിത്തെറിച്ചു. യുവാവ് പിന്നാലെ പൂളിലേക്ക് എടുത്തുചാടി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം, വീഡിയോയെ ചൊല്ലി വിവിധ തരത്തിലുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ഇത് അബദ്ധത്തിൽ സംഭവിച്ചതാണോ, അതോ പ്രാങ്കോ മറ്റോ ആണോ എന്നതാണ് നെറ്റിസൺസിന്റെ സംശയം.
വീഡിയോയിൽ ഒരു യുവാവ് വളരെ ആവേശത്തോടെ സുഹൃത്തുക്കളോടൊപ്പം തൻ്റെ പിറന്നാൾ ആഘോഷിക്കുന്ന രംഗങ്ങളാണ് ഉള്ളത്. അദ്ദേഹത്തിൻ്റെ കയ്യിൽ ഒരു കേക്ക് മുറിക്കുന്നതിനായി പിടിച്ചിരിക്കുന്നതും കാണാം. മുറിക്കാനുള്ള കത്തി കയ്യിലെടുക്കുന്നതിനിടയിൽ തീർത്തും അപ്രതീക്ഷിതമായി കേക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിക്കു ശേഷം ചെറിയതോതിൽ പുക ഉയരുന്നതും കണ്ണിലും മുഖത്തും കേക്ക് തെറിക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന് കണ്ണ് പൊത്തിപ്പിടിച്ചുകൊണ്ട് ഇയാൾ തൊട്ടടുത്തുള്ള പൂളിലേക്ക് എടുത്തുചാടുകയും ചെയ്യുന്നു.
പിറന്നാൾ ആഘോഷത്തിനിടയിലെ കേക്കുമുറിക്കൽ ദയനീയമായി പരാജയപ്പെട്ടെങ്കിലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സോഷ്യൽ മീഡിയ കണ്ടന്റിനു വേണ്ടി ബോധപൂർവ്വം സൃഷ്ടിച്ചതാകാം ഈ വീഡിയോ എന്നും നെറ്റിസൻസിന്റെ ഭാഗത്ത് നിന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. പിറന്നാൾ ആഘോഷം ഒരുക്കിയ സുഹൃത്തുക്കളിൽ ആരെങ്കിലും തയ്യാറാക്കിയ ഒരു പ്രാങ്ക് ആകാം ഇതെന്നും വീഡിയോയ്ക്ക് താഴെ ആളുകൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. പൊട്ടിത്തെറി ഉണ്ടായിട്ടും മറ്റാരും പിറന്നാളുകാരന്റെ അടുത്തേക്ക് ഓടി വരാതിരുന്നത് ബോധപൂർവ്വം ഒരുക്കിയ വീഡിയോ ആയതുകൊണ്ടാണെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.
പിറന്നാൾ ആഘോഷങ്ങൾ അവിസ്മരണീയമാക്കുന്നത് രസകരം ആണെങ്കിലും ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ സൂക്ഷിക്കണമെന്നും ആളുകൾ അഭിപ്രായപ്പെട്ടു. ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ചെറുതും വലുതുമായ അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നും നിരവധിപ്പേർ പറഞ്ഞു.