
കൊമേഡിയൻ പ്രണിത് മോർ ഉൾപ്പെട്ട 370 രൂപയുടെ ബിരിയാണി വിവാദവുമായി ബന്ധപ്പെട്ട മുംബൈ പോലീസിന്‍റെ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് വൈറലായി. മുംബൈ പോലീസിന്‍റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ നിന്നും പങ്കുവയ്ക്കപ്പെട്ട പോസ്റ്റ് സമ്മതത്തെയും ഉത്തരവാദിത്തത്തെയും ഊന്നിപ്പറയാൻ ഒരു താരതമ്യം ഉപയോഗിച്ചെങ്കിലും ഓൺലൈനിൽ രൂക്ഷമായ വിമർശനം നേരിട്ടു.
കൊമേഡിയൻ പ്രണിത് മോറിന്‍റെ സ്റ്റാൻഡ് - അപ്പ് ഷോയിലെ ഒരു പ്രേക്ഷകൻ 370 രൂപയുടെ ബിരിയാണിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം ഏറെ വിവാദമായിരുന്നു. ഒരു യുവതിയുമായുള്ള ഡേറ്റിംഗിനിനടെ 370 രൂപയ്ക്ക് ബിരിയാണി വാങ്ങി നൽകിയെന്നും ഇത് മുതലാക്കാൻ യുവതിയെ ലൈംഗികമായി സമീപിച്ചെന്നും യുവാവ് സ്റ്റാൻഡ് അപ്പ് കോമഡിക്കിടെ വെളിപ്പെടുത്തി. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ രൂക്ഷമായ വിമർശനമായിരുന്നു നേരിട്ടത്. നിരവധി പേർ ഈ വിഷയത്തിൽ സംസാരിക്കാൻ എത്തിയോടെ വിഷയം പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഡേറ്റിംഗ് നടത്തിയ യുവതിയ്ക്ക് ഭക്ഷണം വാങ്ങി നൽകിയ ശേഷം ആ പണം മുതലാക്കാൻ ലൈംഗീകമായി സമീപിച്ചുവെന്ന യുവാവിന്‍റെ വെളിപ്പെടുത്തൽ വിവാദമായി. സമൂഹ മാധ്യമ ഉപയോക്താക്കൾ അത്തരം പരാമർശങ്ങളിലെ ഉദ്ദേശ്യം, വ്യാഖ്യാനം, ഉത്തരവാദിത്തം എന്നിവയെക്കുറിച്ച് ചർച്ച ചെയ്തതോടെ #BiryaniIsNotConsent എന്ന ഹാഷ്‌ടാഗ് ട്രെൻഡിംഗിലേക്ക് പ്രവേശിച്ചു. പലരും ഇത് പോലീസിനോ കോടതിക്കോ സ്വമേധയാ കേസെടുക്കാനുള്ള വിഷയമാണെന്ന് പോലും ചൂണ്ടിക്കാണിച്ചു. ഇതിനിടെയാണ് 370 രൂപ ബീരിയാണി പരസ്യവുമായി മുംബൈ പോലീസ് തന്നെ രംഗത്തെത്തിയത്.
Do better @MumbaiPolice , this is so disgraceful pic.twitter.com/kx1uwPSuu1
— Priyanka Chaturvedi🇮🇳 (@priyankac19) June 10, 2026
മുൻ രാജ്യസഭാ എംപിയും ശിവസേനയുടെ (യുബിടി) മുതിർന്ന നേതാവുമായ പ്രിയങ്ക ചതുർവേദിയും ഈ പോസ്റ്റ് തന്‍റെ എക്‌സിൽ വീണ്ടും പങ്കുവച്ചു. "മുംബൈ പോലീസ് നന്നായി പ്രവർത്തിക്കൂ, ഇത് വളരെ അപമാനകരമാണ്" എന്നായിരുന്നു മുംബൈ പോലീസിന്‍റെ പോസ്റ്റ് പങ്കുവച്ച് കൊണ്ട് പ്രിയങ്ക ചതുർവേദി കുറിച്ചത്. എന്നാൽ, വിമർശനത്തെ തള്ളിക്കളഞ്ഞ പോലീസ് തങ്ങളുടെ ഉദ്ദേശ്യശുദ്ധിയെ ന്യായീകരിച്ച് രംഗത്തെത്തി. "മാഡം, നിങ്ങളുടെ വ്യാഖ്യാനത്തെ ബഹുമാനിച്ചുകൊണ്ട്, സ്ത്രീകൾക്കൊപ്പം നിൽക്കുക എന്നത് ഏറ്റവും ശരിയായ കാര്യമല്ലേ? വാക്കുകളിൽ പോലും അവരുടെ അന്തസ്സിനെ ലംഘിക്കുന്നതിനെ ഞങ്ങൾ അപലപിക്കുന്നു, കൂടാതെ ഏറ്റവും നന്നായി മനസ്സിലാകുന്ന ഭാഷയിൽ സന്ദേശം പ്രചരിപ്പിക്കാൻ ഞങ്ങൾ തയ്യാറാണ്. സ്ത്രീകളെയും അവരുടെ അന്തസ്സിനെയും സംരക്ഷിക്കുക എന്നത് ഒരിക്കലും ട്രെൻഡിന് പുറത്തല്ല." മുംബൈ പോലീസ് കുറിച്ചു.
അതേസമയം മുംബൈ പോലീസിന്‍റെ 370 ബിരിയാണി പരസ്യത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. പോലീസിന്‍റെ ഉദ്ദേശ്യശുദ്ധയെ പലരും ചോദ്യം ചെയ്തു. ഔദ്യോഗീക അക്കൗണ്ടുകളിൽ നിന്ന് ഇത്തരം പരസ്യം പങ്കുവയ്ക്കാൻ പോലീസിന് എങ്ങനെ കഴിഞ്ഞൂവെന്ന് നിരവധി പേർ ചോദിക്കുന്നു. "മുംബൈ പോലീസ് ബിരിയാണി വിൽക്കാൻ തുടങ്ങിയോ ? അവരെ അങ്ങനെ പോസ്റ്റ് ചെയ്യാൻ പ്രേരിപ്പിച്ചത് എന്താണെന്ന് ഞാൻ ഇപ്പോഴും ചിന്തിക്കുന്നു" എന്നായിരുന്നു ഒരു കുറിപ്പ്. "ലോക്കപ്പിൽ ചിക്കൻ ബിരിയാണി സൗജന്യമായി വിളമ്പുമോ? ഈ പോസ്റ്റിലെ അപമാനകരമായ കോമഡിയെ മുംബൈ പോലീസ് പരിഹസിച്ചുവെന്ന് ഞാൻ കരുതുന്നു" എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ കുറിച്ചത്. "ഇത് ഒരു മീം ഉണ്ടാക്കേണ്ട കാര്യമല്ല. എന്താണ് ഈ ഹാഷ്‌ടാഗ് ഇത്ര ഗൗരവമായി എടുക്കേണ്ടത്" എന്ന് മറ്റൊരു കാഴ്ചക്കാരൻ എഴുതി.