
തൊഴിൽ വിപണി വലിയ പ്രതിസന്ധികൾ നേരിടുന്ന കാലമാണിത്. ആ പശ്ചാത്തലത്തിൽ നോയിഡയിലെ ഒരു കുടുംബത്തിന്റെ കമ്പനിയിൽ ജോലിക്ക് കയറിയതിന് പിന്നാലെയുണ്ടായ ദുരനുഭവം പങ്കുവച്ചുകൊണ്ട് ഒരു ഐഐഎം ബിരുദധാരി പങ്കുവച്ച റെഡ്ഡിറ്റ് പോസ്റ്റാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. ജെപി മോർഗൻ, ആദിത്യ ബിർള ഗ്രൂപ്പ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് ചെയ്തിട്ടുള്ള മിടുക്കനായ ഉദ്യോഗാർത്ഥിയാണ് ഈ അവസ്ഥയിലായത്.
അഞ്ച് മിനിറ്റ് വൈകിയാൽ ശമ്പളം പിടിക്കുക, ജീവനക്കാർ ജീൻസ് ധരിച്ചാൽ മാനേജ്‌മെന്റ് കർശനമായി ചോദ്യം ചെയ്യുക തുടങ്ങിയ വിചിത്രമായ രീതികളാണ് ഈ സ്ഥാപനത്തിലുള്ളത്. ഒട്ടും പ്രൊഫഷണലിസമില്ലാത്ത, മാറ്റങ്ങളെ ഉൾക്കൊള്ളാൻ തയ്യാറാകാത്ത ഔട്ട്ഡേറ്റഡ് ആയ ഒരു കമ്പനിയാണിതെന്ന് യുവാവ് കുറ്റപ്പെടുത്തുന്നു. മീറ്റിംഗിനിടയിൽ എം.ഡിയുടെ മകൾ 'ഐഐഎം ഗ്രൂപ്പുകാർക്ക് വല്ല കഴിവുമുണ്ടോ' എന്ന് ചോദിച്ച് തന്നെ നിരന്തരം അപമാനിച്ചതായും യുവാവ് വെളിപ്പെടുത്തി.
നിരവധിപ്പേരാണ് പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ രൂക്ഷമായി വിമർശിച്ചുകൊണ്ട് മുന്നോട്ട് വന്നത്. 'ഇത് വിശ്വസിക്കാൻ പ്രയാസമാണ്. നോയിഡയിൽ ജീവിക്കാൻ ആഗ്രഹിച്ചതുകൊണ്ട് മാത്രം നിങ്ങൾ ഒരു 'ലാലാ കമ്പനിയിൽ' ജോലിക്ക് കയറി. ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് എന്തെങ്കിലും അന്വേഷണം നടത്തിയിരുന്നോ? പ്രൊഫഷണലായി പ്രവർത്തിക്കുന്ന മറ്റ് കമ്പനികളിൽ നിന്ന് ഓഫറുകൾ ഒന്നും ഉണ്ടായിരുന്നില്ലേ?' എന്നായിരുന്നു ഒരാളുടെ ചോദ്യം. 'ഞാൻ ഒരിക്കലും അഭിമുഖത്തിനായി തയ്യാറെടുത്തിരുന്നില്ല, കമ്പനിക്ക് എന്റെ പ്രൊഫൈൽ ഇഷ്ടപ്പെട്ടതുകൊണ്ട് മാത്രമാണ് ജോലി ലഭിച്ചത്' എന്നായിരുന്നു ഈ കമന്റിന് മറുപടി.
'ഉടൻ തന്നെ പുതിയ ജോലിക്ക് വേണ്ടി നോക്കൂ. ഫുൾടൈം ജോലിക്കായി അപേക്ഷിച്ച് അവിടെനിന്നും പുറത്തു കടക്കുക. ഇതിലധികം എന്തിനാണ് വിഷമിക്കുന്നത്?' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. എന്തായാലും, എത്രയും പെട്ടെന്ന് ആ കമ്പനിയിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗം നോക്കണമെന്നും മറ്റൊരു ജോലിക്കു വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമായി നടത്തണമെന്നുമാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്.