
കൊളംബിയയിലെ കാർട്ടജീന നഗരത്തിലെ ഒരു സിനിമാ തിയറ്ററിൽ 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' എന്ന സിനിമയുടെ പ്രദർശനത്തിനിടെയുണ്ടായ അസാധാരണ സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായി. പ്ലാസ ബോകാഗ്രാൻഡെ ഷോപ്പിങ് സെന്‍ററിലെ സിനെ കൊളംബിയ മൾട്ടിപ്ലക്സിൽ നടന്ന പ്രദർശനത്തിനിടെയാണ് നൂറുകണക്കിന് സിനിമാ ആസ്വാദകർക്ക് ദുർഗന്ധം സഹിക്കാനാകാതെ തിയറ്റർ വിട്ടിറങ്ങേണ്ടിവന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സിനിമ ഏതാണ്ട് പകുതിയോളം പിന്നിട്ടപ്പോഴാണ് തിയറ്ററിനുള്ളിൽ അസഹ്യമായ ദുർഗന്ധം ശക്തമായത്. ഒരു പ്രേക്ഷകൻ 'അധോവായു' വിട്ടത് മൂലമാണ് തിയറ്ററിൽ ദുർഗന്ധമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ, അതേസമയം ഒരു തിയറ്റർ മുഴുവനും ഇത്രയേറെ ദുർഗന്ധം നിറയണമെങ്കിൽ അത് ആരെങ്കിലും മനപ്പൂർവം സ്റ്റിങ്ക് ബോംബ് ഉപയോഗിച്ച് നടത്തിയ തമാശയായിരിക്കാമെന്ന സംശയവും ഉയർന്നു. അതേസമയം സംഭവത്തിന് ഉത്തരവാദിയായ വ്യക്തിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
Can’t decide what is funnier.
A rancid fart cleared out a theatre showing for the new Spiderman film. Or a jacked cosplaying guy in Spiderman suit was immediately on his phone getting to the bottom of the situation. pic.twitter.com/nRNwhIi3hG https://t.co/KhdhHoZXjY— Trung Phan (@TrungTPhan) August 3, 2026
ദുർഗന്ധം അസഹനീയമായതോടെ പ്രേക്ഷകർ കൂട്ടത്തോടെ തിയറ്ററിൽ നിന്നും പുറത്തേക്കിറങ്ങി. അതേസമയം സംഭവത്തെ തുടർന്ന് സിനിമാ പ്രദർശനം ഔദ്യോഗികമായി റദ്ദാക്കിയില്ലെന്നും മൾട്ടിപ്ലക്സിലെ മറ്റ് സ്‌ക്രീനുകളിലെ സിനിമാ പ്രദർശനങ്ങൾ സാധാരണ നിലയിൽ തുടർന്നെന്നും അധികൃതർ അറിയിച്ചു. ദുർഗന്ധം മാറിയതിന് ശേഷം ചിലർ വീണ്ടും ഹാളിലേക്ക് മടങ്ങി സിനിമ കാണാൻ ശ്രമിച്ചെങ്കിലും ഭൂരിഭാഗം പേരും സിനിമ പൂർത്തിയാക്കാതെ തിരികെ പോയിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.
സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേർ രസകരമായ കുറിപ്പുകളുമായി രംഗത്തെത്തി. “സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ സ്മെൽ”, “ഗ്രീൻ ഗോബ്ലിനും ഇത്ര ശക്തമായ രാസായുധമുണ്ടാകില്ല” തുടങ്ങിയ പരിഹാസ കുറിപ്പുകളായിരുന്നു കൂടുതലും. ടോം ഹോളണ്ട് നായകനായ സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ ലോകമെമ്പാടും ബോക്സ് ഓഫീസിൽ മികച്ച നേട്ടം കൊയ്യുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.