
എല്ലാവർക്കും ജീവിതത്തിൽ ആശങ്കകൾ കാണും. മുതിർന്നവർക്ക് ജോലിയെ കുറിച്ചോ, പണത്തെ കുറിച്ചോ, ആരോഗ്യത്തോ കുറിച്ചോ ഒക്കെയായിരിക്കും ആശങ്കകളെങ്കിൽ, ഒരു പത്തോ പതിനൊന്നോ വയസുകാരന് അത് എന്തായിരിക്കും? ഗൃഹപാഠം ചെയ്തു തീർക്കാൻ സാധിക്കുമോ, ടീച്ചർ തല്ലുമോ, അതുമല്ലെങ്കിൽ തെറ്റ് ചെയ്താൽ വീട്ടുകാർ വഴക്ക് പറയുമോ എന്നൊക്കെയായിരിക്കും, അല്ലെ? എന്നാൽ ജോർജിയയിലെ അറ്റ്ലാന്റ നിവാസിയായ ട്രൂത്ത് ജോൺസിന്റെ ( Truth Jones) കാര്യം അതല്ല. കാരണം 11 -ാം വയസ്സിൽ തന്നെ ഒരു കോടീശ്വരനായി മാറിയ ഒരുവനാണ് ജോൺസ്. ബാക്കിയുള്ളവർ പേന വേണമെന്നും, കളിപ്പാട്ടം വേണമെന്നും ഒക്കെ പറഞ്ഞ് മാതാപിതാക്കളുടെ പിന്നാലെ നടക്കുമ്പോൾ, അവൻ സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്ത് കളിക്കുകയായിരുന്നു. ഇപ്പോൾ അവന് പതിനാല് വയസ്സുണ്ട്.
എന്നാൽ എങ്ങനെയാണ് ചെറിയ പ്രായത്തിൽ അവൻ ഒരു കോടീശ്വരനായത്? അവൻ എഴുതിയ ഒരു പുസ്തകവുമാണ് അതിന്റെ മൂലകാരണം. "ദി വിൻ വിതിൻ" എന്നായിരുന്നു പുസ്തകത്തിന്റെ പേര്. ഇറങ്ങി മാസങ്ങൾക്കകം അത് വലിയ ഹിറ്റായി. വെറും 90 ദിവസത്തിനുള്ളിൽ അവന്റെ കൈയിൽ വന്നു ചേർന്നത് മൂന്നരലക്ഷം രൂപയാണ്. കൈയിലുള്ള പണം ഇരട്ടിപ്പിക്കാൻ എന്താണ് വഴി എന്നായി പിന്നീട് ചിന്ത. അങ്ങനെ ഷെയറിൽ നിക്ഷേപിച്ചാലോ എന്നൊരു ആലോചനയുമായി അവൻ അമ്മയെ സമീപിച്ചു. എന്നാൽ ഇതൊക്കെ മനസിലാക്കാൻ മാത്രം പ്രായമായിട്ടില്ല നിനക്കെന്ന് അമ്മ ജനൽ മറുപടി നൽകി.
പക്ഷേ അവൻ ആ ചിന്ത വിട്ടില്ല. കുറച്ച് ദിവസങ്ങൾക്കുള്ളിൽ അതിന്റെ വിശദാംശങ്ങൾ അവൻ അമ്മയെ പറഞ്ഞ് കേൾപ്പിച്ചു. അവർ അത്ഭുതത്തോടെ അത് കേട്ടിരുന്നു. ഇനി തനിക്ക് ഒരു അക്കൗണ്ട് ആരംഭിക്കാമോ എന്നവൻ ചോദിച്ചപ്പോൾ അവർക്ക് മറുത്തു പറയാൻ തോന്നിയില്ല. അങ്ങനെ കൈയിലുള്ള സമ്പാദ്യത്തിൽ നിന്ന് രണ്ട് ലക്ഷം രൂപ അവൻ അതിൽ നിക്ഷേപിച്ചു. മൂന്ന് വർഷത്തിനുള്ളിൽ അത് $1 മില്യൺ ആക്കി മാറ്റിയെന്ന് ജോൺസ് അവകാശപ്പെടുന്നു.
പണം കൈയിൽ വരുന്തോറും അവന് ഉത്സാഹം കൂടി. ഒടുവിൽ ഇപ്പോൾ ആ 14 -കാരന് 'ദ ട്രൂത്ത് സ്പീക്ക്സ്' എന്ന പേരിൽ സ്വന്തമായി ഒരു കമ്പനിയുണ്ട്. അവിടെ ഓഹരി വിപണിയിൽ എങ്ങനെ നിക്ഷേപം ആരംഭിക്കാമെന്ന് മറ്റുള്ളവരെ അവൻ പഠിപ്പിക്കുന്നു. നിക്ഷേപകൻ, മോട്ടിവേഷണൽ സ്പീക്കർ, രചയിതാവ് എന്നീ നിലകളിൽ താൻ പ്രതിമാസം 100,000 ഡോളർ സമ്പാദിക്കുന്നുണ്ടെന്ന് ആ കൗമാരക്കാരൻ അവകാശപ്പെടുന്നു. ട്രൂലി ചാനൽ പറയുന്നതനുസരിച്ച്, 20 വയസ്സാകുമ്പോഴേക്കും 40 മില്യൺ ഡോളർ സമ്പാദിക്കാനാണ് അവൻ ആഗ്രഹിക്കുന്നത്.
തന്റെ പ്രായത്തിലുള്ള മിക്ക കുട്ടികളേക്കാളും ആഡംബരപൂർണ്ണമായ ഒരു ജീവിതമാണ് അവൻ നയിക്കുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വെറും 14 വയസ്സുള്ളപ്പോൾ, അവൻ സ്വന്തമായി ഒരു വീട് വാങ്ങി. അതിൽ ഹോം തീയേറ്ററും, ജിമ്മും ഒക്കെയുണ്ട്. കൂടാതെ ആഡംബര വാച്ചുകളോട് അവന് വല്ലാത്ത ഒരു താൽപ്പര്യമാണ്. അടുത്തിടെ വജ്രം പതിപ്പിച്ച ഒരു റോളക്സ് വച്ച് ഒൻപത് ലക്ഷം കൊടുത്താണ് അവൻ സ്വന്തമാക്കിയത്.