റോഡരികിൽ കുത്തേറ്റു മരിച്ചു കിടന്ന രണ്ടു പോലീസുകാർ, കേസ് തെളിയിച്ചത് അവരിലൊരാൾ കൈവെള്ളയിൽ കുറിച്ചിട്ട ഈ നമ്പർ

By Web TeamFirst Published Jul 6, 2020, 4:11 PM IST
Highlights

 അന്ന് പാതിരാത്രിക്കു ശേഷം ആ വാഹനത്തിൽ രണ്ടു സ്ത്രീകളടക്കം ആറുപേരാണ് മദ്യപാനത്തിൽ ഏർപ്പെട്ടിരുന്നത്.

ഏതൊരു കുറ്റവാളിയ്ക്കും എതിരായി ഒരു ചെറിയ തെളിവെങ്കിലും അവശേഷിപ്പിക്കാതെ ഒരു കുറ്റകൃത്യവും ഉണ്ടാവാറില്ല എന്ന ചിരപുരാതനമായ പഴഞ്ചൊല്ലിനെ വീണ്ടുമൊരിക്കൽ കൂടി ശരിതന്നെ എന്ന് തെളിയിക്കുന്ന ഒരു സംഭവം കഴിഞ്ഞ ദിവസം ഹരിയാനയിലെ സോനിപത്തിൽ നടന്നു. അവിടെ പട്രോളിംഗിന് പുറപ്പെട്ടുപോയ രണ്ടു ബീറ്റ് പൊലീസ് കോൺസ്റ്റബിൾമാരെ അജ്ഞാതർ കുത്തിക്കൊന്ന  കേസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കോൺസ്റ്റബിൾ രവീന്ദ്ര, സ്‌പെഷ്യൽ പൊലീസ് ഓഫീസർ കപ്താൻ സിംഗ്  എന്നിവരാണ് കൊല ചെയ്യപ്പെട്ടത്. സംഭവം നടന്നതിന് ദൃക്‌സാക്ഷികളുണ്ടായിരുന്നില്ല. വെടിവെപ്പ് നടന്ന സ്ഥലത്തിന്റെ ഏഴയലത്ത് സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നില്ല. ഒരു തരത്തിലുള്ള തെളിവുകളും ഇല്ലാതിരുന്നിട്ടും ഹരിയാന പൊലീസ് ആ കേസ്  തെളിയിച്ചു. അതിനു കരണമായതോ, കൊലചെയ്യപ്പെട്ട കോൺസ്റ്റബിളിന്റെ തന്നെ പൊലീസ് ബുദ്ധിയും. 

എന്തിന്റെ പേരിലായിരുന്നു ആ ഇരട്ടക്കൊല?

സോനിപതിലെ ബരോദാ സ്റ്റേഷനിലെ പൊലീസുകാരാണ് കഴിഞ്ഞ ദിവസം അജ്ഞാതരായ അക്രമികളുടെ തോക്കിനിരയായത്. ജൂൺ 29 -ന് അർധരാത്രി 12 മണിക്ക് ശേഷമായിരുന്നു സംഭവം. സ്റ്റേഷനിൽ നിന്ന് പാതിരാബീറ്റ് പട്രോളിംഗിന് ഇറങ്ങിയ കോൺസ്റ്റബിൾ രവീന്ദ്ര സിങ്ങും സ്‌പെഷ്യൽ പൊലീസ് ഓഫീസർ കപ്താൻ സിങ്ങും സ്റ്റേഷന്റെ പരിധിയിലുള്ള ബുട്ടാണ പൊലീസ് എയ്ഡ് പോസ്റ്റിൽ നിന്നും വെറും അഞ്ഞൂറ് മീറ്റർ അപ്പുറത്തുള്ള ഹരിയാലി സെന്ററിന് അടുത്തെത്തിയപ്പോൾ അവിടെ റോഡരികിൽ സംശയാസ്പദമായ രീതിയിൽ നിർത്തിയിട്ടിരുന്ന ഒരു വണ്ടി കണ്ടു. ആ സമയത്ത് അങ്ങനെയൊരു കാർ അവിടെ നിർത്തിയിട്ടത് എന്തിനെന്ന് തിരക്കാൻ വേണ്ടി അവർ വാഹനത്തിന്റെ അടുത്തേക്ക് നടന്നു ചെന്നു.  

വണ്ടിക്കടുത്തെത്തിയപ്പോൾ അതിനകത്തിരുന്നു മദ്യപിച്ചുകൊണ്ടിരുന്ന അപരിചിതരായ ചിലരെ അവരിരുവരും കണ്ടു. പൊലീസ് ഓഫീസർമാർ ആ അപരിചിതരോട്, പാതിരാത്രി കഴിഞ്ഞിട്ടും പൊതുനിരത്തിനടുത്ത് വാഹനം നിർത്തിയിട്ട് മദ്യപിക്കുന്നതിലെ നിയമവിരുദ്ധത ചൂണ്ടിക്കാട്ടി തർക്കിച്ചു. സംസാരിക്കുന്നതിനിടെ പതിവായി ചെയ്യുന്നതുപോലെ അന്നും, പരിശോധിക്കുന്ന വാഹനത്തിന്റെ നമ്പർ കോൺസ്റ്റബിൾ രവീന്ദ്ര സിംഗ് തന്റെ കൈവെള്ളയിൽ അവരറിയാതെ കുറിച്ചെടുത്തിരുന്നു. പൊലീസുകാരും കാറിൽ മദ്യപിച്ചുകൊണ്ടിരുന്നവരും തമ്മിൽ ഒന്നും രണ്ടും പറഞ്ഞ് തർക്കമായി. ഒടുവിൽ അവർ തമ്മിൽ ഉന്തും തള്ളുമായി, പൊരിഞ്ഞ സംഘട്ടനമായി. അക്രമികളുടെ കയ്യിൽ മൂർച്ചയേറിയ കഠാരകൾ പലതുണ്ടായിരുന്നു അടക്കമുള്ള മാരകായുധങ്ങൾ ഉണ്ടായിരുന്നു. പൊലീസുകാരുടെ കയ്യിലുണ്ടായിരുന്നതോ വെറും ലാത്തികളും. മല്പിടുത്തത്തിനൊടുവിൽ ഇരുപോലീസുകാർക്കും കുത്തേറ്റു. ഇരുവരെയും കുത്തിവീഴ്ത്തിയ ഉടൻ തന്നെ അക്രമികൾ വണ്ടിയുമെടുത്ത് സ്ഥലം കാലിയാക്കി. കുത്തേറ്റുവീണ പോലീസുകാരാണെങ്കിൽ ആ റോഡരികിൽ തന്നെ, ആരും ആശുപത്രിയിലെത്തിക്കാതെ ചോരവാർന്നൊഴുകി ഒടുവിൽ മരിച്ചുപോയി. 

 

കേസന്വേഷണം ഇങ്ങനെ 

രണ്ടു പൊലീസുകാരുടെ ചോരയിൽ കുളിച്ച ജഡങ്ങൾ റോഡരികിൽ കിടക്കുന്നു എന്ന വാർത്ത കേട്ടാണ് അടുത്ത ദിവസം സോനിപത് പട്ടണം ഉറക്കമുണർന്നത്. കോൺസ്റ്റബിൾ രവീന്ദ്ര സിംഗ് തന്റെ കൈപ്പത്തിയിൽ കുറിച്ചിട്ടിരുന്ന ആ വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിക്കപ്പെട്ടത്. ജിന്ദ് സ്വദേശി ഗുർമീതിന്റെതായിരുന്നു ആ കാർ. അയാളെ ചോദ്യം ചെയ്തപ്പോൾ കാർ കുറച്ചുനാൾ മുമ്പായാൽ സന്ദീപ് എന്നൊരാളിനു വിറ്റിരുന്നു എന്ന് പൊലീസിന് മനസ്സിലായി. സന്ദീപിന്റെ മൊബൈൽ ഫോൺ നമ്പർ നിരീക്ഷണത്തിൽ വെച്ച പൊലീസ് താമസിയാതെ അയാളെ വലയിൽ വീഴ്ത്തി. ചോദ്യം ചെയ്തപ്പോൾ അയാൾ കുറ്റമെല്ലാം ഏറ്റുപറഞ്ഞു. അന്ന് പാതി രാത്രിക്കു ശേഷം ആ വാഹനത്തിൽ രണ്ടു സ്ത്രീകളടക്കം ആറുപേരാണ് മദ്യപാനത്തിൽ ഏർപ്പെട്ടിരുന്നത്. പൊലീസുകാരെ കുത്തിയ സന്ദീപിന്റെ സംഘാംഗമായ അമിത് പൊലീസുമായുള്ള എൻകൗണ്ടറിൽ കൊല്ലപ്പെട്ടു.  

കോൺസ്റ്റബിൾ രവീന്ദ്ര സിംഗ് ആ വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ തന്റെ കൈവെള്ളയിൽ കുറിച്ചിടാൻ കാണിച്ച ബുദ്ധിയാണ് കേസ് ഇത്ര പെട്ടെന്ന് തെളിയാനിടയാക്കിയത്. ആ തെളിവിന്റെ സഹായമില്ലായിരുന്നു എങ്കിൽ കൊലപാതകികളിലേക്ക് പൊലീസ് എത്തിപ്പെടാനുള്ള സാധ്യത ഏറെ കുറഞ്ഞു പോയിരുന്നേനെ എന്ന് പൊലീസ് എസ്പി ജഷ്‌നദീപ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. 

click me!