ആ ചില്ലുകൂട്ടിനുള്ളിൽ ബൊമ്മയോ, അതോ കടയുടമയുടെ മരിച്ചുപോയ മകളോ?

By Web TeamFirst Published Jul 6, 2020, 2:45 PM IST
Highlights

കഥ അനുസരിച്ച്, സ്റ്റോർ ഉടമയായ പാസ്ക്വാല എസ്‍പാർസയ്ക്ക് ഒരു സുന്ദരിയായ മകളുണ്ടായിരുന്നു. കാമുകനുമായുള്ള അവളുടെ വിവാഹം തീരുമാനിച്ചു. എന്നാൽ, വിവാഹദിനത്തിൽ, ബ്ലാക്ക് വിഡോ എന്ന വിഷമുള്ള ചിലന്തി കടിച്ച് അവൾ മരിക്കുകയായിരുന്നു.

മെക്സിക്കോയിലെ ചിഹുവാഹുവയിൽ വധുവിന്റെ വസ്ത്രം വിൽക്കുന്ന ഒരു ചെറിയ കടയുണ്ട്. ആ കടയിലെ ചില്ലുകൂട്ടിനകത്ത് വധുവിന്റെ വേഷം ധരിച്ച ഉയരമുള്ളതും മെലിഞ്ഞതുമായ ഒരു ബൊമ്മയെ കാണാം. തൊണ്ണൂറ് വർഷത്തോളമായി, ബ്രൈഡൽ സ്റ്റോറിലെ ഈ പ്രതിമ അവിടെ വരുന്ന സന്ദർശകരെ ആശയക്കുഴപ്പത്തിലാക്കുന്നു. അതിന്റെ തൊലിയും, ഞരമ്പുകളും, കൈപ്പത്തിയിലെ ചുളിവുകളും, വിരലിലെ നഖങ്ങളും എല്ലാം ഒരു ഡമ്മിയുടേതുപോലെയല്ല, മറിച്ച് ജീവനുള്ള ഒരു രൂപത്തെത്തിന്റേതുപോലെ തോന്നിപ്പിക്കുന്നു. അതുകൊണ്ടുതന്നെ, അത് യഥാർത്ഥത്തിൽ ഒരു ഡമ്മിയല്ല, മറിച്ച് എംബാം ചെയ്ത ഒരു ശവശരീരമാണ് എന്നുവരെ വിശ്വസിക്കുന്ന ആളുകളുണ്ട്.

1930 മാർച്ച് 25 -നാണ് 'ലാ പാസ്ക്വാലിറ്റ' അല്ലെങ്കിൽ 'ലിറ്റിൽ പാസ്ക്വാല' എന്നറിയപ്പെടുന്ന ഈ പ്രേതരൂപം ആദ്യമായി കടയുടെ ചില്ലുകൂട്ടിനകത്ത് പ്രത്യക്ഷപ്പെട്ടത്. എന്നാൽ, താമസിയാതെ അവളുടെ കണ്ണുകളും, മുടിയും ബ്ലഷിംഗ് സ്‍കിൻ ടോണുകളും സ്റ്റോർ ജീവനക്കാരുൾപ്പെടെയുള്ള വഴിയാത്രക്കാരെ ആകർഷിച്ചു. ആ ബൊമ്മക്കും അടുത്തിടെ മരിച്ചുപോയ സ്റ്റോർ ഉടമയുടെ മകൾക്കും ശ്രദ്ധേയമായ സാമ്യമുള്ളതായി ആളുകൾ ശ്രദ്ധിച്ചു. ഈ വാർത്ത ഒരു കാട്ടുതീ പോലെ നാടാകെ പരന്നു. 

കഥ അനുസരിച്ച്, സ്റ്റോർ ഉടമയായ പാസ്ക്വാല എസ്‍പാർസയ്ക്ക് ഒരു സുന്ദരിയായ മകളുണ്ടായിരുന്നു. കാമുകനുമായുള്ള അവളുടെ വിവാഹം തീരുമാനിച്ചു. എന്നാൽ, വിവാഹദിനത്തിൽ, ബ്ലാക്ക് വിഡോ എന്ന വിഷമുള്ള ചിലന്തി കടിച്ച് അവൾ മരിക്കുകയായിരുന്നു. മകളെ നഷ്ടപ്പെട്ടതിൽ പാസ്ക്വാല എസ്‍പാർസ വളരെയധികം ദുഃഖിതനായി. മകളെ വധുവിന്റെ വേഷത്തിൽ സുന്ദരിയാക്കി മമ്മിഫൈയ് ചെയ്യാനും തനിക്ക് എല്ലാ ദിവസം കാണാൻ പാകത്തിന് കടയുടെ ചില്ലുകൂട്ടിൽ സ്ഥാപിക്കാനും ആ അച്ഛൻ തീരുമാനിച്ചു. ഒരു വധുവാകാനുള്ള അവളുടെ സ്വപ്‌നം അങ്ങനെ മരണത്തിന് ശേഷമെങ്കിലും നിറവേറ്റിക്കൊടുക്കാൻ ആ അച്ഛൻ തീരുമാനിച്ചു. എന്നാൽ, ഈ വാർത്ത നാട്ടുകാർ അറിഞ്ഞതോടെ അവർ പ്രകോപിതരാവുകയും ഉടമയ്ക്ക് ഭീഷണി രൂപത്തിൽ ഫോൺകോളുകൾ ലഭിക്കുകയും ചെയ്‍തു. പാസ്ക്വാല എസ്‍പാർസ പക്ഷേ ഈ ആരോപണം എല്ലാം നിഷേധിച്ചുകൊണ്ടിരുന്നു. എന്നാൽ, ആരും അത് വിശ്വസിക്കാൻ തയ്യാറായില്ല.  


നാട്ടുകാർ ഇതിനെ ചുറ്റിപ്പറ്റി പല കഥകളും അടിച്ചിറക്കാൻ തുടങ്ങി. അതിലൊരു കഥ അവളുമായി പ്രണയത്തിലായ ഒരു ഫ്രഞ്ച് മാന്ത്രികൻ രാത്രികാലങ്ങളിൽ പ്രതിമയ്ക്ക് ജീവൻ നൽകുമെന്നും, തെരുവുകളിൽ കൈകോർത്ത് അവർ നടക്കുമെന്നുമായിരുന്നു. തുടർന്ന് അവർ രണ്ടുപേരും രാത്രി മുഴുവൻ നൃത്തം ചെയ്യുകയും മദ്യപിക്കുകയും അവരുടെ ഹ്രസ്വസമയം ഒരുമിച്ച് ആഘോഷിക്കുകയും ചെയ്യും. മറ്റൊന്ന് സ്റ്റോറിൽ വരുന്ന സന്ദർശകരെ പിന്തുടരുന്ന അവളുടെ പേടിപ്പിക്കുന്ന നോട്ടത്തിന്റെ കഥകളായിരുന്നു. ആരും കാണാത്തപ്പോൾ അവൾ സ്ഥാനം മാറിക്കൊണ്ടിരിക്കാറുണ്ട് എന്നതായിരുന്നു മറ്റൊരു കഥ. ഇങ്ങനെ നിരവധി പേടിപ്പിക്കുന്ന കഥകൾ അവൾക്കുചുറ്റും ഉരുത്തിരിഞ്ഞു. എന്നാൽ അവളെ ഒരു വിശുദ്ധയായി ആരാധിക്കുന്ന നാട്ടുകാരും കുറവല്ല. വധുവായ പെൺകുട്ടികൾ പലപ്പോഴും അവൾക്ക് പൂക്കളും മെഴുകുതിരികളും കൊണ്ടുവന്ന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.  

ഓരോ വർഷവും കൂടുതൽ കൂടുതൽ സന്ദർശകരാണ് കടയിലേക്ക് വരുന്നത്. അവിടെ വരുന്ന സന്ദർശകർ ഇപ്പോഴത്തെ ഉടമയോട് അതൊരു ഡമ്മിയാണോ അതോ എംബാം ചെയ്‍ത ശവശരീരമാണോ എന്ന് ചോദിച്ചാൽ, അദ്ദേഹം ചിരിച്ചുകൊണ്ട് തല കുലുക്കും, എന്നിട്ട് പറയും "ഇത് സത്യമാണോ എന്ന് ചോദിച്ചാൽ ധാരാളം ആളുകൾ ഇത് വിശ്വസിക്കുന്നു, പക്ഷേ എന്റെ പക്കൽ ഇതിന് കൃത്യമായ ഒരുത്തരമില്ല."


 

click me!