യതിയുടെ സ്വൈരവിഹാരമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഭൂട്ടാനിലെ സാക്‌തെങ് സാങ്ച്വറിയിലും അതിർത്തിത്തർക്കവുമായി ചൈന

By Web TeamFirst Published Jul 6, 2020, 1:06 PM IST
Highlights

1984 മുതൽ 2016 വരെ 24 റൗണ്ട്  ചർച്ചകൾ ഭൂട്ടാന്റെയും ചൈനയുടെയും പ്രതിനിധികൾ അവരുടെ അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി നടത്തിയിട്ടുണ്ട്. അതിലൊന്നും തന്നെ ഒരിക്കൽ പോലും സാക്‌തെങ് സാങ്ച്വറി എന്ന പേര് ഒരിക്കൽ പോലും ചൈന പരാമർശിച്ചിട്ടില്ല. 

കിഴക്കൻ ഭൂട്ടാനിലെ അരുണാചൽ പ്രദേശിനോട് ചേർന്ന് കിടക്കുന്ന ഒരു വന്യജീവി സങ്കേതമാണ് സാക്‌തെങ്. പതിറ്റാണ്ടുകളായി ഭൂട്ടാനുമായി അതിർത്തിപ്രദേശങ്ങളുടെ പേരിൽ തർക്കങ്ങളും, പല റൌണ്ട് ചർച്ചകളും ഒക്കെ കഴിഞ്ഞിരിക്കുന്ന ചൈന, ആ ചർച്ചകളിൽ ഒന്നും ഇന്നോളം ഉന്നയിക്കാതിരുന്ന ഒരു അവകാശവാമാണ് സാക്‌തെങ് സാങ്ച്വറിയുടെ പേരിൽ ഇപ്പോൾ ഉന്നയിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ ഭൂട്ടാൻ ചൈനീസ് നയതന്ത്രജ്ഞനെ വിളിച്ചു വരുത്തി തങ്ങളുടെ പ്രതിഷേധം അറിയിച്ചതിനു പിന്നാലെ, തങ്ങൾ വർഷങ്ങളായി ഉന്നയിച്ചു വരുന്ന അതിർത്തിയിലെ അവകാശവാദങ്ങളുടെ പട്ടികയിലേക്ക് ഇപ്പോൾ സാക്‌തെങ് സാങ്ച്വറിയുടെ മേലുള്ള അവകാശം കൂടി കൂട്ടിച്ചേർത്തിരിക്കുകയാണ് ചൈന. 

 

 

ഹിമാലയ പർവതനിരകളുടെ മടിത്തട്ടിൽ, ഇന്ത്യക്കും ടിബറ്റിനുമിടയിൽ സ്ഥിതിചെയ്യുന്ന പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിട്ടുള്ള ഒരു രാജ്യമാണ് ഭൂട്ടാൻ. മഞ്ഞുപുതച്ച മലനിരകളും, വനസമ്പത്തേറെയുള്ള താഴ്വരകളും, ചിരപുരാതനമായ ബുദ്ധിസ്റ്റ് മൊണാസ്ട്രികളും ഒക്കെയുള്ള  ഭൂട്ടാൻ എന്ന രാജ്യം വളരെയധികം പ്രാധാന്യത്തോടെ കാണുന്ന ഒരു പ്രദേശമാണ് സാക്‌തെങ് സാങ്ച്വറി. ഈ വന്യജീവി സങ്കേതം ഒരർത്ഥത്തിൽ, ലോകത്തിൽ സമാനതകളില്ലാത്ത ഒരു പ്രദേശമാണ്. 253 ചതുരശ്ര മൈൽ വിസ്തൃതിയുള്ള ഈ സംരക്ഷിത വനപ്രദേശം, 'ഉണ്ട് എന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത' ഒരു ജീവിയുടെ സംരക്ഷണത്തിന് വേണ്ടിയുള്ള ആദ്യത്തെ സാങ്ച്വറിയാണ്. ഒരുപക്ഷെ അങ്ങനെയുള്ള ഒന്നേയൊന്നും. ആ ജീവി ഏതാണെന്നോ അതാണ് 'യതി' അഥവാ 'മിഗോയി' എന്നൊക്കെ അറിയപ്പെടുന്ന ഭീമാകാരനായ ജീവിയാണ് ഈ സങ്കേതത്തിൽ 'സംരക്ഷിക്കപ്പെടുന്നത്'. 

 

 

എന്താണ് യതി? 

ഷെർപ്പകളുടെ പ്രാചീന മിത്തുകളിൽ പലയിടത്തും പരാമർശിക്കപ്പെട്ടിട്ടുള്ള, പല ഹിമാലയൻ കൊടുമുടി കയറ്റക്കാരും നേരിൽ കണ്ടിട്ടുണ്ടെന്ന സാക്ഷ്യങ്ങൾ നൽകിയിട്ടുള്ള ഭീമാകാരനായ മഞ്ഞുമനുഷ്യനാണ് യതി. 'യതി'യുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതായി മുമ്പൊരിക്കൽ ഇന്ത്യന്‍ സേന ട്വീറ്റ് ചെയ്യുകയുണ്ടായി.  സേന തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ  ആ കാല്പാടുകളുടെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു അന്ന്.  2019  ഏപ്രില്‍ 9 ന് സേനയുടെ പര്‍വത നിരീക്ഷക സംഘമാണ് ഈ കാല്‍പ്പാടുകള്‍ കണ്ടതെന്നാണ് സേന മെയിൽ ചെയ്ത ട്വീറ്റിൽ പറഞ്ഞത്.

For the first time, an Moutaineering Expedition Team has sited Mysterious Footprints of mythical beast 'Yeti' measuring 32x15 inches close to Makalu Base Camp on 09 April 2019. This elusive snowman has only been sighted at Makalu-Barun National Park in the past. pic.twitter.com/AMD4MYIgV7

— ADG PI - INDIAN ARMY (@adgpi)

'യതി' എന്ന പേര് പലതവണ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നാഷണൽ ജോഗ്രഫിക് ചാനലും ഡിസ്കവറിയും അടക്കമുള്ള ചാനലുകളും, എഡ്‌മണ്ട് ഹിലാരിയെപ്പോലുള്ള വിഖ്യാതനായ പര്യവേക്ഷകരും മറ്റും വർഷങ്ങൾക്കു മുമ്പ് യതിയെ തിരഞ്ഞു കൊണ്ട് നിരവധി യാത്രകൾ നടത്തിയിട്ടുണ്ട്. 1954 -ൽ പങ്ക്‌ബോച്ചേ ബുദ്ധവിഹാരത്തിനടുത്തുവെച്ച് യതിയുടേതെന്ന് സംശയിക്കപ്പെടുന്ന ഒരു തലയോട്ടിയുടെ ഭാഗവും, തലമുടിയുടെ അവശിഷ്ടങ്ങളും കണ്ടെടുത്തു എന്ന വാർത്ത വരുന്നത് ഡെയ്‌ലി മെയ്ൽ പത്രത്തിലാണ്. പത്രം താനെ സംഘടിപ്പിച്ചതായിരുന്നു ആ പര്യവേക്ഷണം. വ്ലാദിമിർ ചെർനെസ്‌കി ആണ് അന്ന് ആ ലേഖനമെഴുതിയത്. അതിൽ യതിയെ വിശേഷിപ്പിച്ചത് 'Abominable Snowman ', ' Higher Anthropoid' എന്നൊക്കെയായിരുന്നു. അന്ന് ആ മുടിനാരിഴകൾ പരിശോധിച്ച പ്രശസ്ത ശാസ്ത്രജ്ഞൻ ഫ്രഡറിക് വുഡ് ജോൺസിന് കൃത്യമായി അത് ഏതെങ്കിലും മൃഗത്തിന്റെതുമായി സാമ്യപ്പെടുത്താനായില്ല. 1956-ൽ സ്ലാവോമിർ റാവിച്ച് എഴുതിയ 'ദി ലോങ്ങ് വാക്ക്' എന്ന പുസ്തകത്തിലും യതീസമാനമായ ഏതോ ഒരു അജ്ഞാത ജീവിയെ നേരിൽ കണ്ടതിന്റെ രസകരമായ വർണനകളുണ്ട്. 

 

 

1957 ൽ ടോം സ്ലിക്ക് എന്ന അമേരിക്കൻ കച്ചവടക്കാരൻ ഇത്തരത്തിലുള്ള പല യാത്രകൾക്കും ഫണ്ടിങ്ങ് നടത്തിയിരുന്നു. യതിയുടേതെന്നു കരുതുന്ന വിസർജ്യാവശിഷ്ടങ്ങൾ ശേഖരിച്ച് കൊണ്ടുവന്ന് പഠനങ്ങൾ നടത്തിയിരുന്നു. 1960  മുതൽക്കായിരുന്നു എഡ്മണ്ട് ഹില്ലാരിയുടെ പര്യവേക്ഷണം. അറുപതുകളിൽ ഭൂട്ടാനിലെ ഒരു ഇഷ്ടസങ്കല്പമായിരുന്നു യതി. യതിയുടെ ബഹുമാനാർത്ഥം ഭൂട്ടാൻ ഒരു യതി സ്റ്റാമ്പ് വരെ പുറത്തിറക്കി. പിന്നീട് അത്തരം ഒരു അവകാശവാദം ഉന്നയിച്ചത് 1970-ൽ അമേരിക്കൻ പര്യവേക്ഷകനായ ഡോൺ വിൽഹാൻസ് ആയിരുന്നു. അന്നപൂർണ്ണാ കൊടുമുടി കേറുന്നതിനിടെ നാലുകാലിൽ നടന്നു പോവുന്ന യതി എന്ന ഭീമാകാരരൂപിയെ നേരിൽ കണ്ടു എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്.  

1986 -ൽ പർവതാരോഹകനായ റെയ്ൻ ഹോൾഡ് മെസ്സനെർ 'മൈ ക്വസ്റ്റ് ഫോർ യതി' എന്ന   തന്റെ പുസ്തകത്തിൽ പറഞ്ഞത് തന്റെ യാത്രയ്ക്കിടെ താൻ യതിയെ നേരിൽ കണ്ടിട്ടുണ്ട് എന്നും ഒരെണ്ണത്തിനെ കൊന്നിട്ടുണ്ട് എന്നുമാണ്. യതി ഒരിനം ഹിമാലയൻ കരടിയാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 2004 -ൽ നേച്ചർ മാസികയുടെ എഡിറ്ററായ ഹെൻറി ജീ പറഞ്ഞത് യതി എന്നത് ആഴത്തിൽ ഗവേഷണം ചെയ്യപ്പെടേണ്ട, എഴുതപ്പെടേണ്ട, ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണെന്നാണ്. ഹോമോ ഫ്ലോറെസിയെൻസിസ്‌ എന്നൊരു ആദിമാനവ വർഗം ഉണ്ടായിരുന്നു എന്നുള്ള കണ്ടെത്തൽ, യതിയ്ക്കും ഒരു സാധ്യത നല്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. 2007  ഡിസംബറിൽ സിഫിയുടെ ടെലിവിഷൻ അവതാരകനായ ജോഷ്വാ ജെയിംസ് 'ഡെസ്റ്റിനേഷൻ ട്രൂത്ത്' എന്ന പേരിൽ ഒരു പര്യവേക്ഷണം ഇതേ വിഷയത്തിൽ നടത്തുകയുണ്ടായി.അന്ന് അദ്ദേഹവും യെതിയുടെന്ന്  പറയപ്പെടുന്ന കാലടിപ്പാടുകൾ കണ്ടെത്തിയിരുന്നു. 2009 -ൽ ജെയിംസ് നടത്തിയ രണ്ടാം പര്യവേക്ഷണത്തിനിടെ കണ്ടെത്തിയ മുടിയുടെ സാമ്പിളുകളും പരിശോധിച്ചപ്പോൾ ഏതോ അജ്ഞാത ജീവിയുടെ എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. 
 
ഇങ്ങനെ, നിരവധി അന്വേഷണങ്ങൾക്ക് പാത്രമായി, ഇന്നും നിഗൂഢതയായി അവശേഷിക്കുന്ന യതി എന്ന ഹിമാലയൻ ജീവിയെ സംരക്ഷിക്കാൻ വേണ്ടി പതിറ്റാണ്ടുകളായി ഭൂട്ടാൻ വർഷാവർഷം കോടിക്കണക്കിനു രൂപ ചെലവിട്ട് പരിപാലിച്ചുകൊണ്ടിരുന്ന ഒരു വന്യജീവി സങ്കേതത്തിന്റെ അതിരുകൾക്കുള്ളിലേക്കാണ് ഇപ്പോൾ ചൈന അവരുടെ അവകാശവാദവുമായി കടന്നുവന്നിട്ടുള്ളത്. 1984 മുതൽ 2016 വരെ 24 റൌണ്ട്  ചർച്ചകൾ ഭൂട്ടാന്റെയും ചൈനയുടെയും പ്രതിനിധികൾ അവരുടെ അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി നടത്തിയിട്ടുണ്ട്. അതിലൊന്നും തന്നെ ഒരിക്കൽ പോലും സാക്‌തെങ് സാങ്ച്വറി എന്ന പേര് ഒരിക്കൽ പോലും ചൈന പരാമർശിച്ചിട്ടില്ല.

 

 

അങ്ങനെ, ഭൂട്ടാന്റെ മാത്രം അധികാര പരിധിയിൽ വർഷങ്ങളായി നിസ്സംശയം തുടരുന്ന ഒരു പ്രദേശത്തിനുമേൽ ഇപ്പോൾ ചൈന പുതിയ അവകാശ വാദങ്ങൾ ഉന്നയിക്കുന്നത് ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തിയിൽ അവർ നടത്തുന്ന അതിർത്തി ലംഘിച്ചുകൊണ്ടുള്ള അതിക്രമങ്ങളുടെ തുടർച്ചയാണെന്നും ഭൂട്ടാനുമായി കോർക്കുന്നതിലൂടെ ചൈന ഉദ്ദേശിക്കുന്നത് ഇന്ത്യക്കുമേൽ സമ്മർദ്ദം ചെലുത്തുക മാത്രമാണെന്നും അന്താരാഷ്ട്ര പ്രതിരോധ വിദഗ്ധർ അടക്കം അഭിപ്രായപ്പെടുന്നുണ്ട്. 

click me!