
ചിലർക്ക് അസാമാന്യ ഓർമ്മശക്തിയായിരിക്കും. കുട്ടിക്കാലത്ത് നടന്ന കാര്യങ്ങൾ പോലും ഒരു സിനിമയിലെന്ന പോലെ തെളിവോടെ പറയുന്ന ആളുകളുണ്ടാകും. എന്നാൽ, പത്ത് വയസ്സിൽ ഈ ദിവസം എന്ത് വസ്ത്രമാണ് ധരിച്ചിരുന്നത് എന്ന് ചോദിച്ചാൽ എത്ര പേർക്ക് ഉത്തരം പറയാൻ സാധിക്കും. അധികം ആളുകളുണ്ടാകില്ല, തീർച്ച. അതേസമയം, ജീവിതത്തിലെ കഴിഞ്ഞു പോയ ഓരോ ദിവസവും തികഞ്ഞ വ്യക്തതയോടെ ഓർത്തെടുക്കാൻ സാധിക്കുന്ന ഒരാളുണ്ട്, പേര് ബോബ് പെട്രെല്ല. പല കാര്യങ്ങളും ഓർത്തെടുക്കാൻ സാധിക്കുന്നില്ലെന്ന് പറഞ്ഞ് നമ്മൾ വിഷമിക്കാറുണ്ട്. എന്നാൽ ഇദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ഒന്നും മറക്കാൻ കഴിയില്ല എന്നതാണ് പ്രശ്‌നം. തന്റെ ജീവിതത്തിലെ ഒട്ടുമിക്ക ദിവസങ്ങളും അദ്ദേഹം ഓർക്കുന്നു.
അതും എന്തോ ചില കാര്യങ്ങൾ ഓർക്കുകയല്ല. മറിച്ച് ഏത് വസ്ത്രമാണ് ധരിച്ചിരുന്നത്, ആരെയെല്ലാമാണ് കണ്ടത്, അന്നത്തെ കാലാവസ്ഥ എങ്ങനെയായിരുന്നു തുടങ്ങി സൂക്ഷമായ എല്ലാ വിശദംശങ്ങളും അദ്ദേഹത്തിന് ഓർത്തെടുക്കാൻ സാധിക്കും. ടിവിയിൽ റിയാലിറ്റി പ്രോഗ്രാമുകളുടെ നിർമ്മാതാവായിരുന്നു കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ നിന്നുള്ള ഈ 58 -കാരൻ. അദ്ദേഹത്തിന്റെ ഈ അസാധാരണ ഓർമ്മശക്തിയ്ക്ക് വൈദ്യശാസ്ത്രത്തിൽ ഹൈപ്പർതൈമസ്റ്റിയ എന്ന് പറയും. നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന ഓരോ കാര്യങ്ങളും വിശദമായി തന്നെ ഓർത്തെടുക്കാൻ സാധിക്കുന്ന വളരെ അപൂർവമായ ഒരു അവസ്ഥയാണ് ഹൈപ്പർതൈമെസ്റ്റിയ. ബോബിന് 5 വയസ്സ് മുതൽ തന്റെ ജീവിതത്തിൽ ചെയ്ത മിക്കവാറും എല്ലാ കാര്യങ്ങളും ഓർക്കാൻ കഴിയും. ഈ അവസ്ഥ ഏതാണ്ട് ഒരു ടൈം മെഷീൻ പോലെയാണ് എന്നദ്ദേഹം പറയുന്നു. അദ്ദേഹത്തിന് ആഗ്രഹിക്കുമ്പോഴെല്ലാം ജീവിതത്തിലെ ഒരു നിശ്ചിത ദിവസത്തിലേക്കോ, കാലയളവിലേക്കോ തിരികെ ചെല്ലാം. ഈ ഓർമ്മകളാണ് തന്റെ ശക്തിയും ആശ്വാസവുമെന്ന് അദ്ദേഹം പറയുന്നു.
കുറച്ച് വർഷങ്ങൾക്ക് മുൻപാണ് കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ ഓർമ്മശക്തിയെക്കുറിച്ചുള്ള ഒരു പഠനത്തിനായി ബോബിന്റെ ശ്രദ്ധേയമായ കഴിവുകൾ ഉപയോഗപ്പെടുത്തിയത്. "ഇത് എങ്ങനെ സംഭവിക്കുന്നുവെന്ന് ഞങ്ങൾക്ക് അറിയില്ല. എന്താണ് ഇതിന് പിന്നിലെന്ന് അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു" കാലിഫോർണിയ സർവകലാശാലയിലെ സെന്റർ ഫോർ ദി ന്യൂറോബയോളജി ഓഫ് ലേണിംഗ് ആൻഡ് മെമ്മറിയുടെ സ്ഥാപക ഡയറക്ടർ ഡോ. ജെയിംസ് മക്‌ഗോ പറഞ്ഞു. രണ്ടാമതൊന്ന് വായിക്കാതെ പരീക്ഷകളിലെല്ലാം ഉയർന്ന മാർക്കോടെ വിജയിച്ചപ്പോഴാണ് അദ്ദേഹം തന്റെ അത്ഭുതകരമായ കഴിവ് ആദ്യമായി മനസ്സിലാക്കിയത്.
“കായിക പരിപാടികളോ, ചരിത്രപരമോ രാഷ്ട്രീയമോ ആയ തീയതികളോ ഏതുമാകട്ടെ, ഞാൻ നന്നായി ഓർക്കുന്നു. അഞ്ച് വയസ്സ് മുതൽ നടന്ന മിക്ക സംഭവങ്ങളും എനിക്ക് ഓർക്കാൻ കഴിയുന്നു” ബോബ് പറഞ്ഞു. ഒരിക്കൽ അദ്ദേഹത്തിന്റെ ഫോൺ നഷ്ടപ്പെട്ടപ്പോൾ, ഫോണിൽ സൂക്ഷിച്ചിരുന്ന എല്ലാ നമ്പറുകളും ഓർക്കാനും, പുതിയ ഫോണിൽ അതെല്ലാം സേവ് ചെയ്യാനും അദ്ദേഹത്തിന് കുറച്ച് മിനിറ്റുകൾ മാത്രമേ വേണ്ടി വന്നുള്ളൂ. അസാമാന്യമായ ഓർമശക്തിയുള്ളവർക്ക് മാത്രം ഉത്തരം നൽകാൻ കഴിയുന്ന 60 ചോദ്യങ്ങൾ അദ്ദേഹത്തോട് ചോദിച്ചാണ് ഡോക്ടർമാർ അദ്ദേഹത്തിന്റെ ഓർമശക്തി പരീക്ഷിച്ചത്. ആ 60 ചോദ്യങ്ങളിൽ പകുതിയിലധികവും അദ്ദേഹം ശരിയാക്കി. ഈ അതുല്യ കഴിവിനെ സൂപ്പർ ഓട്ടോബയോഗ്രഫിക്കൽ മെമ്മറി എന്നും വിളിക്കുന്നു. ലോകമെമ്പാടും ഇത്തരത്തിൽ അറിയപ്പെടുന്ന 60 കേസുകൾ മാത്രമാണുള്ളത്.