Tiny brain implant : ചെറുവിരൽ പോലുമനക്കാതെ, കീബോർഡിൽ തൊടാതെ, ചിന്തകളെ ട്വീറ്റാക്കി 62 -കാരൻ

Published : Dec 29, 2021, 02:34 PM IST
Tiny brain implant : ചെറുവിരൽ പോലുമനക്കാതെ, കീബോർഡിൽ തൊടാതെ, ചിന്തകളെ ട്വീറ്റാക്കി 62 -കാരൻ

Synopsis

ഡിസംബർ 23 -നാണ് ആദ്യമായി ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസ് (ബിസിഐ) ഉപയോഗിച്ച് അദ്ദേഹം തന്റെ ചിന്തകളെ ടെക്സ്റ്റാക്കി മാറ്റിയത്. 

ചലനശേഷി നഷ്ടമായ, സംസാരശേഷി നഷ്ടമായ ആളുകൾ പലപ്പോഴും തങ്ങളുടെ ഉള്ളിലുള്ളത് മറ്റുള്ളവരോട് പറയാൻ സാധിക്കാതെ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. എന്നാൽ, ഇനി മുതൽ അവർക്ക് ശബ്ദത്തിന്റെയോ, കൈകളുടെയോ സഹായമില്ലാതെ തന്നെ സംസാരിക്കാം, തന്റെ ഉള്ളിലുള്ള കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാം. അവർ മനസ്സിൽ വെറുതെ ഒന്ന് ചിന്തിച്ചാൽ മതി, അത് സന്ദേശങ്ങളായി പുറത്ത് വരും. ഓസ്‌ട്രേലിയയിലെ ഒരു തളർവാതരോഗിയ്ക്ക് സ്വയം എഴുതാൻ സാധിക്കില്ല. എന്നാൽ, ഇപ്പോൾ അദ്ദേഹം മനസ്സിൽ ചിന്തിക്കുന്നത് സന്ദേശമായി ട്വീറ്റ് ചെയ്യപ്പെടുന്നു. ഇതെങ്ങനെയാണ് സാധിക്കുന്നത് എന്നല്ലേ? ഒരു പേപ്പർക്ലിപ്പിന്റെ അത്രയും വലിപ്പമുള്ള ഒരു ബ്രെയിൻ ഇംപ്ലാന്റ്(Tiny brain implant) വഴിയാണ് ഇത് സാധ്യമാക്കിയത്. ലോകത്തിൽ ആദ്യമായിട്ടാണ് ഇത്തരമൊരു സംവിധാനത്തിലൂടെ സന്ദേശം കൈമാറുന്നത്.    
 
ഓസ്‌ട്രേലിയയിൽ താമസിക്കുന്ന 62 -കാരനായ ഫിലിപ്പ് ഓ'കീഫ്(Philip O'Keefe) കഴിഞ്ഞ ഏഴ് വർഷമായി അസുഖബാധിതനാണ്. അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് (എഎൽഎസ്) എന്ന രോഗമാണ് അദ്ദേഹത്തിന്. 2015 -ലാണ് അദ്ദേഹത്തിന് രോഗം ഉണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന്, അദ്ദേഹത്തിന് സംസാരിക്കാനും, ഭക്ഷണം കഴിക്കാനും, ചലിക്കാനുമുള്ള കഴിവ് നഷ്‌ടമായി. എന്നാൽ, ഇപ്പോൾ ചെറുവിരൽ പോലും അനക്കാതെ അദ്ദേഹത്തിന് സ്വന്തമായി സന്ദേശങ്ങൾ ട്വീറ്റ് ചെയ്യാൻ സാധിക്കും. 'ഇപ്പോൾ കീബോർഡിൽ ടൈപ്പുചെയ്യേണ്ട ആവശ്യമില്ല, ചിന്തിച്ചാണ് ഞാൻ ഈ ട്വീറ്റ് ചെയ്യുന്നത്' അദ്ദേഹം എഴുതി.  

ഡിസംബർ 23 -നാണ് ആദ്യമായി ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസ് (ബിസിഐ) ഉപയോഗിച്ച് അദ്ദേഹം തന്റെ ചിന്തകളെ ടെക്സ്റ്റാക്കി മാറ്റിയത്. സിങ്ക്രോൺ എന്ന കമ്പനിയാണ് ഇത് സാധ്യമാക്കിയത്. അതിന്റെ സിഇഒ തോമസ് ഓക്‌സ്‌ലിയുടെ ട്വിറ്റർ ഹാൻഡിലൂടെയാണ് ഫിലിപ്പ് ആദ്യമായി സന്ദേശം അയച്ചത്. #HelloWorldBCI എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ചായിരുന്നു ട്വീറ്റ്.  മനസ്സിലെ ചിന്തകളെ സന്ദേശങ്ങളാക്കി മാറ്റുന്ന ഈ ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസിനെ 'സ്റ്റെൻട്രോഡ്' എന്നാണ് വിളിക്കുന്നത്. 2020 -ലാണ് അദ്ദേഹത്തിന്റെ തലച്ചോറിൽ ഇത് സ്ഥാപിച്ചത്. "ഇപ്പോൾ, കമ്പ്യൂട്ടറിൽ എനിക്കിഷ്ടമുള്ളതെല്ലാം ചെയ്യാം. ഇമെയിൽ ചെയ്യാനും, ബാങ്ക് ഇടപാടുകൾ നടത്താനും, ഷോപ്പുചെയ്യാനും, ട്വിറ്റർ വഴി ലോകത്തിന് സന്ദേശം അയയ്‌ക്കാനും എല്ലാം എനിക്കിപ്പോൾ കഴിയും" ഓ'കീഫ് സന്ദേശത്തിലൂടെ പറഞ്ഞു.

ഈ സാങ്കേതികവിദ്യയെക്കുറിച്ച് ആദ്യം കേട്ടപ്പോൾ, വല്ലാത്തൊരു ആശ്വാസമായിരുന്നു തനിക്കെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്രയും നാൾ ആഗ്രഹിച്ച സ്വാതന്ത്ര്യമാണ് അദ്ദേഹത്തിന് ഇപ്പോൾ തിരിച്ച് കിട്ടിയിരിക്കുന്നത്. ഇത് ഒരു ബൈക്ക് ഓടിക്കാൻ പഠിക്കുന്നത് പോലെയാണെന്നും, ഇതിന് പരിശീലനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് തന്നെ പോലുള്ളവർക്ക് ഒരു വലിയ സഹായമാകുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.  

PREV
click me!

Recommended Stories

എഐ വിപ്ലവം: 4- 5 വർഷത്തിനുള്ളിൽ വൈറ്റ് കോളർ ജോലികൾ ഭീഷണിയിൽ, മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്
വ്യാജ പിസ ഹട്ട് ഉദ്ഘാടനത്തിന് പാക് പ്രതിരോധ മന്ത്രി, യുഎസ് കമ്പനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ട്രോളോട് ട്രോൾ