Marinella Beretta : സ്വീകരണമുറിയിൽ കസേരയിലിരിക്കുന്ന നിലയിൽ വൃദ്ധയുടെ മൃതദേഹം, മരിച്ചത് രണ്ടുവർഷം മുമ്പ്

Published : Feb 11, 2022, 03:57 PM IST
Marinella Beretta : സ്വീകരണമുറിയിൽ കസേരയിലിരിക്കുന്ന നിലയിൽ വൃദ്ധയുടെ മൃതദേഹം, മരിച്ചത് രണ്ടുവർഷം മുമ്പ്

Synopsis

2019 സെപ്തംബർ മുതൽ ബെറെറ്റയെ കണ്ടിട്ടില്ലാത്ത അയൽവാസികൾ, കൊറോണ വൈറസ് മഹാമാരിയുടെ തുടക്കത്തിൽ അവർ വീട് മാറിപ്പോയതായി അനുമാനിച്ചു. 

രണ്ട് വർഷത്തിന് മുൻപ് മരിച്ചതായി കരുതപ്പെടുന്ന 70 വയസ്സുള്ള ഒരു വൃദ്ധ(70 year old woman)യുടെ മൃതദേഹം ഇറ്റലി(Italy) പൊലീസ് കണ്ടെത്തി. സ്വീകരണമുറിയിലെ ഒരു കസേരയിൽ ഇരിക്കുന്ന നിലയിലാണ് ബെറെറ്റ(Marinella Beretta)യുടെ മൃതദേഹം കണ്ടെത്തിയത്. ആരുമില്ലാതെ ഒറ്റപ്പെട്ട് കഴിയുന്ന അവർ മരിച്ചത് അയൽക്കാർ അടക്കം ആരും അറിഞ്ഞില്ല. പ്രായമായരുടെ ദുരവസ്ഥയെ എടുത്ത് കാട്ടുന്ന ഒരു സംഭവമായി ആളുകൾ ഇതിനെ വിലയിരുത്തുന്നു. രാജ്യത്ത് മുതിർന്നവരെ പരിചരിക്കാൻ കൂടുതൽ മെച്ചപ്പെട്ട മാർ​ഗങ്ങൾ കൊണ്ടുവരണമെന്നുള്ള ദേശീയ ആഹ്വാനത്തിന് ഈ സംഭവം കാരണമായി.
 
വൃദ്ധയുടെ പേര് മരിനെല്ല ബെറെറ്റ. വടക്കൻ ഇറ്റലിയിലെ കോമോ തടാകത്തിന് സമീപമുള്ള പ്രെസ്റ്റിനോയിലെ വീട്ടിലാണ് അവരുടെ മൃതദേഹം കണ്ടെത്തിയത്. അവർക്ക് ബന്ധുക്കളായി ആരുമില്ല. കാട് പിടിച്ച് കിടക്കുകയായിരുന്നു അവരുടെ വീട്. വീട്ടുവളപ്പിലെ പടർന്ന് പന്തലിച്ച് നിൽക്കുന്ന മരങ്ങൾ ശക്തമായ കാറ്റത്ത് അപകടം ഉണ്ടാക്കുമെന്ന ഭീതിയിൽ അയൽക്കാർ പൊലീസിൽ വിവരം അറിയിച്ചു. ഇതിനെ തുടർന്ന് പൊലീസും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് വീട്ടിലെത്തിയപ്പോഴാണ് ഈ ഭയാനകമായ കാഴ്ച കണ്ടത്. അത്രയും കാലം അയൽക്കാർക്ക് പോലും ഇതിനെ കുറിച്ച് ഒരു ഊഹവും ഉണ്ടായില്ല എന്നതാണ് അത്ഭുതം.

ബെറെറ്റയുടെ മരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും, അവൾ സ്വാഭാവിക കാരണങ്ങളാൽ മരണപ്പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്നു. 2019 അവസാനത്തോടെ അവർ മരിച്ചിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. ബന്ധുക്കളാരും ഇല്ലാത്തതുകൊണ്ട് തന്നെ മൃതദേഹം സ്വീകരിക്കാൻ ഇതുവരെ ആരും മുന്നോട്ട് വന്നിട്ടില്ല. അവരുടെ കുടുംബത്തെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്. ഇപ്പോൾ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. ശവസംസ്കാര തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.  

2019 സെപ്തംബർ മുതൽ ബെറെറ്റയെ കണ്ടിട്ടില്ലാത്ത അയൽവാസികൾ, കൊറോണ വൈറസ് മഹാമാരിയുടെ തുടക്കത്തിൽ അവർ വീട് മാറിപ്പോയതായി അനുമാനിച്ചു. ബെറെറ്റയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ കോമോ മേയർ മരിയോ ലാൻഡ്രിസിന നഗരവാസികളെ ക്ഷണിച്ചു. സംസ്‌കാര ചടങ്ങുകൾ സർക്കാർ ഏറ്റെടുക്കുമെന്ന് അവർ ഇറ്റാലിയൻ മാധ്യമങ്ങളോട് പറഞ്ഞു. "ഞാൻ ചടങ്ങിൽ പങ്കുചേരാൻ പരമാവധി ശ്രമിക്കും. നഗരവാസികളെ ചടങ്ങിൽ സന്നിഹിതരാകാൻ ഞാൻ ക്ഷണിക്കുന്നു. ഇത് ഒരുമിച്ചിരിക്കേണ്ട നിമിഷമാണ്. ഇവർക്ക് ബന്ധുക്കളില്ലെങ്കിലും നമുക്ക് അവരുടെ ബന്ധുക്കളാകാം" ലാൻഡ്രിസിന പറഞ്ഞു. ഇന്നത്തെ കാലത്ത് ആളുകൾ മരണത്തിൽ മാത്രമല്ല, ജീവിതത്തിലും ഒറ്റയ്ക്കാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

'ഏകാന്തത വ്യക്തിവൽക്കരിക്കപ്പെട്ടവളായിരുന്നു ബെറെറ്റ' എന്നാണ് ഇറ്റലിയിലെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ദിനപ്പത്രമായ കൊറിയർ ഡെല്ല സെറ എഴുതിയത്. 'ബെറെറ്റയുടെ വീടിന്റെ അടഞ്ഞ ഗേറ്റിന് പിന്നിലെ നിഗൂഢ ജീവിതം നമ്മെ ഭയാനകമായ ഒരു പാഠം പഠിപ്പിക്കുന്നു' മെസഗെറോ ദിനപത്രം എഴുതി. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2018 -ലെ റിപ്പോർട്ട് അനുസരിച്ച് ഇറ്റലിയിലെ 75 വയസ്സിനു മുകളിലുള്ളവരിൽ 40 ശതമാനവും തനിച്ചാണ് ജീവിക്കുന്നത്. ആവശ്യം വന്നാൽ ബന്ധപ്പെടാൻ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്തവരാണ് അവരെന്നും അതിൽ പറയുന്നു. അതുപോലെ, പെൻഷൻകാരുടെ കോൺഫെഡറൽ യൂണിയനുകൾ നടത്തിയ ഒരു സർവേയിൽ, ലോംബാർഡി മേഖലയിൽ മാത്രം 80 വയസ്സിന് മുകളിലുള്ള ഒരു ലക്ഷം ആളുകളെങ്കിലും തികഞ്ഞ ഏകാന്തതയിലാണ് കഴിയുന്നതെന്ന് പറയുന്നു.    

(ചിത്രം പ്രതീകാത്മകം)

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ