ഉടമ മരിച്ചിട്ട് എട്ട് വർഷം, തിരിച്ച് വരുന്നതും കാത്ത് ആശുപത്രി വിട്ടുപോകാതെ 'മാർട്ടിൻ' എന്ന പൂവൻ കോഴി!

Published : Oct 22, 2026, 08:09 PM IST
Martin the rooster

Synopsis

ബൊളീവിയയിലെ ഒരു ആശുപത്രിക്ക് മുന്നിൽ മരിച്ചുപോയ തൻ്റെ ഉടമയെ കാത്ത് എട്ട് വർഷമായി കഴിയുന്ന മാർട്ടിൻ എന്ന പൂവൻകോഴിയുടെ കഥയാണിത്. കാൻസർ ചികിത്സയ്ക്കിടെ ഉടമ മരിച്ചതറിയാതെയാണ് ഈ കോഴി ഇപ്പോഴും ആശുപത്രി പരിസരത്ത് തുടരുന്നത്. ജപ്പാനിലെ വിശ്വസ്തനായ നായ ഹച്ചിക്കോയോടാണ് ആളുകൾ മാർട്ടിനെ ഉപമിക്കുന്നത്.

ഉടമസ്ഥനോടുള്ള അചഞ്ചലമായ സ്നേഹം നിലനിർത്തിയ നിരവധി പട്ടികളെയും പൂച്ചകളെയും ആനകളെ കുറിച്ചുള്ള കഥകൾ വരെ ഇതിന് മുമ്പ് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ, തന്‍റെ സ്നേഹമായ ഉടമ മരിച്ച് എട്ട് വർഷം കഴിഞ്ഞിട്ടും അദ്ദേഹം തിരിച്ച് വരുന്നതും കാത്ത് ഇപ്പോഴും ആശുപത്രിയ്ക്ക് പുറത്ത് കാത്ത് നിൽക്കുന്ന ഒരു പൂവൻ കോഴിയെ കുറിച്ചാണ് ഇത്. ഉടമ മരിച്ച് എട്ട് വർഷങ്ങൾക്ക് ശേഷവും ആശുപത്രി പരിസരത്ത് തുടരുന്ന മാർട്ടിൻ എന്ന പൂവൻകോഴിയുടെ കഥ വീണ്ടും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ജപ്പാനിലെ വിശ്വസ്തനായ നായ ഹച്ചിക്കോയെ ഓർമിപ്പിക്കുന്ന ഈ പൂവൻ കോഴിയെന്നാണ് സമൂഹ മാധ്യമങ്ങളിലെ കുറിപ്പ്. ബൊളീവിയയിലെ സാന്താക്രൂസിലുള്ള കിഴക്കൻ ബൊളീവിയ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ടിന് മുന്നിൽ ഇപ്പോഴും മാർട്ടിനെ കാണാം.

ചികിത്സയ്ക്കെത്തിയ ഉടമയ്ക്കൊപ്പം മാർട്ടിനും!

ഏകദേശം എട്ട് വർഷം മുമ്പ് കാൻസർ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ ഉടമയ്ക്കൊപ്പമാണ് മാർട്ടിനും ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയത്. ഉടമയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹം ചികിത്സയ്ക്കിടെ മരണപ്പെട്ടു. എന്നാൽ ഈ വിവരം മാർട്ടിൻ അറിഞ്ഞിരുന്നില്ല. ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കയറിയ ഉടമയെ കാത്ത് ഇന്നും മാർട്ടിൻ ആശുപത്രി പരിസരത്ത് ചുറ്റിക്കറങ്ങുന്നു. മരക്കൊമ്പിൽ ഉറങ്ങുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഉടമയെ കാത്ത് എട്ട് വർഷം

2026 ഒക്ടോബർ 21 -ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ട ചിത്രങ്ങളിലൂടെയാണ് മാർട്ടിന്‍റെ കഥ വീണ്ടും ലോകമെമ്പാടും വ്യാപക ശ്രദ്ധ നേടിയത്. ആശുപത്രിക്ക് മുന്നിൽ നടക്കുന്നതും മരങ്ങളിൽ വിശ്രമിക്കുന്നതുമായ പൂവൻകോഴിയുടെ ചിത്രങ്ങൾ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

മാർട്ടിന് ഭക്ഷണവും സംരക്ഷണവും നൽകുന്നത് ആശുപത്രി ജീവനക്കാരും സമീപത്തെ കടകളിലുള്ളവരുമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. സമയമാകുമ്പോൾ ഭക്ഷണം നൽകുന്നവരുടെ അടുത്തേക്ക് അത് സ്വയം എത്താറുണ്ട്. മഴ പെയ്യുമ്പോൾ സ്വന്തം നിലയിൽ അഭയം കണ്ടെത്തുകയും ആശുപത്രിയുടെ പുറംഭാഗങ്ങളിൽ ചുറ്റിനടക്കുകയും ചെയ്യുന്നു. മാർട്ടിനെ പിടികൂടി മറ്റൊരിടത്തേക്ക് മാറ്റുക എളുപ്പമല്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

ജപ്പാന്‍റെ ഹാച്ചിക്കോ

ഉടമയെ കാത്തിരുന്ന ജപ്പാനിലെ ഹച്ചിക്കോയുടെ കഥയുമായി മാർട്ടിന്‍റെ ജീവിതത്തെ പലരും താരതമ്യം ചെയ്യുന്നു. എന്നാൽ, പൂവൻകോഴി ബോധപൂർവം ഉടമയെ കാത്തിരിക്കുകയാണെന്ന് ഉറപ്പിക്കാനാവില്ലെന്നാണ് ചിലരുടെ അഭിപ്രായം. എന്നിരുന്നാലും, വർഷങ്ങളായി ഒരേ സ്ഥലത്ത് തുടരുന്ന മാർട്ടിൻ ആശുപത്രിയിലെ ജീവനക്കാർക്കും രോഗികൾക്കും സന്ദർശകർക്കും പ്രിയപ്പെട്ട സാന്നിധ്യമായി മാറിക്കഴിഞ്ഞു. അതേസമയം മാർട്ടിന്‍റെ കഥ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ ഓർമപ്പെടുത്തലായാണ് പലരും കാണുന്നത്.

PREV
Read more Articles on
click me!

Recommended Stories

35 -ാം നിലയിൽ നിന്നും താഴേയ്ക്ക് വീണു, എന്നിട്ടും 17 മാസത്തിന് ശേഷം അത്ഭുത തിരിച്ച് വരവ്! ചൈനീസ് ഇൻഫ്ലുവൻസറുടെ ജീവന്മരണ പോരാട്ടം വൈറൽ
600 വർഷം മുമ്പ് വംശനാശം സംഭവിച്ച അപൂർവ ഭീമൻ പക്ഷി 'മോവ'യുടെ മുട്ട ഒടുവിൽ ജന്മനാട്ടിലേക്ക്! ഇനി ന്യൂസിലാന്‍റിന് സ്വന്തം