അച്ഛൻ കടം വാങ്ങി, 12 -ാം വയസ് മുതൽ വീട്ടുവേല ചെയ്യേണ്ടി വന്ന കുട്ടി, ഒടുവിൽ മോചനം

By Web TeamFirst Published Jun 24, 2021, 12:53 PM IST
Highlights

ഞാനാകെ ആഗ്രഹിച്ചത് തിരികെ പോയി എന്‍റെ സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കാനും കുടുംബത്തോടൊപ്പം ജീവിക്കാനുമാണ്. എന്റെ ജീവിതകാലം മുഴുവൻ മറ്റുള്ളവരുടെ വീടുകളിൽ ജോലിചെയ്തു. 

പല ഇന്ത്യൻ ​ഗ്രാമങ്ങളിലും 'ബോണ്ടഡ് ലേബർ' ഒരു വലിയ വിപത്താണ്. ദരിദ്രാവസ്ഥയിൽ കഴിയുന്ന വളരെ പാവപ്പെട്ട മനുഷ്യർക്ക് അത്യാവശ്യം കാര്യങ്ങൾക്കായി പണം കടം വാങ്ങേണ്ടി വരുന്നതോടെ ആ ദുരന്തം ആരംഭിക്കുന്നു. പിന്നീട് കടം തന്നയാളുടെ വീട്ടിലോ ക്വാറികളിലോ ഒക്കെ പണിക്ക് പോവേണ്ടി വരും. വളരെ കുഞ്ഞായിരിക്കുമ്പോൾ മുതൽ ചോരനീരാക്കി പണിയെടുക്കേണ്ടി വരും. ചിലരെ ജീവിതകാലം മോചിപ്പിക്കില്ല. ഇരട്ടിക്കിരട്ടിയായി പണം തിരിച്ചുകൊടുക്കാനുള്ള ജോലി ചെയ്താലും വിട്ടയക്കില്ല. മോശം അവസ്ഥയിൽ കാലാകാലങ്ങളോളം അടിമപ്പണി ചെയ്യുകയാണ് അവരുടെ വിധി. എന്നാൽ, ചില സംഘടനകളുടെയും സർക്കാർ സംവിധാനങ്ങളുടെയും മറ്റും പ്രവർത്തനങ്ങളിലൂടെ ചിലരെയെങ്കിലും മോചിപ്പിക്കാറുണ്ട്. അത്തരം ഒരാളുടെ അനുഭവമാണിത്. 

ഞാൻ പുട്ടസ്വാമി നായക. കർണാടകയിലെ കൊളഗാലയിൽ വളരെ പാവപ്പെട്ട ഒരു പട്ടികവർഗ കുടുംബത്തിലാണ് വളർന്നത്. വല്ലപ്പോഴും മാത്രമാണ് ഞങ്ങൾക്ക് അത്യാവശ്യകാര്യങ്ങള്‍ക്കു പോലും പണം തികഞ്ഞിരുന്നത്. 1995 -ൽ 12-ാം വയസ്സിലാണ് ആദ്യമായി എന്നെ കരാര്‍ തൊഴിലിലേക്ക് പറഞ്ഞുവിടുന്നത്. എന്റെ സഹോദരിയുടെ വിവാഹത്തിനായി എന്റെ പിതാവ് ഒരാളിൽ നിന്ന് 15,000 രൂപ വായ്പയെടുത്തു. പകരമായി, വായ്പ തിരിച്ചടയ്ക്കാൻ എനിക്ക് അദ്ദേഹത്തിന്റെ വീട്ടിൽ ജോലിക്ക് പോകേണ്ടിവന്നു. 

ഞാൻ രാവിലെ അഞ്ച് മണിക്ക് എഴുന്നേൽക്കും, പശുക്കളെ നോക്കണം. അവയെ പുറത്ത് കെട്ടിയിട്ട് ചാണകം വൃത്തിയാക്കണം. പിന്നീട് പോയി അവയ്ക്ക് കാലിത്തീറ്റ എടുക്കേണ്ടിവന്നു. ചെറിയ തോതിലെന്തെങ്കിലും പ്രഭാതഭക്ഷണം കഴിച്ചശേഷം ദിവസം മുഴുവൻ വയലിൽ പണിയെടുക്കുകയും വേണം. മൂന്നുവർഷമാണ് വെറും 5,000 രൂപ നിരക്കിൽ ഞാൻ അവിടെ ജോലി ചെയ്തത്. 

പിന്നീട് എന്‍റെ കുടുംബം കൊളഗള ബേട്ടനായിക്കില്‍ നിന്നും 15,000 രൂപ കൂടി വായ്പയെടുത്തു. അവിടെയും എനിക്ക് പണിയെടുക്കേണ്ടി വന്നു. വളരെ കുറഞ്ഞ തുകയ്ക്ക് മണിക്കൂറുകളോളം ഞാനവിടെ പണി ചെയ്തു. രണ്ട് വര്‍ഷമാണ് അവിടെയെനിക്ക് പണിയെടുക്കേണ്ടി വന്നത്. ഈ കഷ്ടപ്പാടുകളെല്ലാം അവസാനിപ്പിച്ച് ഒരു സാധാരണ ജീവിതം നയിക്കാന്‍ ഞാന്‍ കൊതിച്ചു. 

പക്ഷേ, ഞങ്ങളെല്ലാവരും പാവങ്ങളായിരുന്നു. പല ആവശ്യങ്ങള്‍ക്കുമായി പലപ്പോഴും പണം കടം വാങ്ങേണ്ടി വന്നു. ഒരിക്കല്‍, അച്ഛന്‍ അടുത്ത ഗ്രാമത്തില്‍ നിന്നും ഒരാളോട് 20,000 രൂപ കടം വാങ്ങി. അവിടെയും ചെന്ന് എനിക്ക് പണി ചെയ്യേണ്ടി വന്നു. പിന്നീട്, സഹോദരിയുടെ വിവാഹത്തിനായി 50,000 രൂപ കൂടി അച്ഛന്‍ കടം വാങ്ങി. ഇപ്പോൾ ഞാൻ വായ്പയ്ക്ക് പകരമായി പ്രതിവർഷം 16,000 രൂപ നിരക്കിൽ ജോലി ചെയ്യുന്നു. 2003 മുതൽ 2005 വരെ ഞാൻ മൂന്നുവർഷം അദ്ദേഹത്തിന്റെ വീട്ടിൽ ജോലി ചെയ്തു. 

2006 -ൽ, ഒടുവിൽ അച്ഛൻ ഒരു വീട് പണിയാൻ തീരുമാനിക്കുകയും ഒരു വ്യക്തിയിൽ നിന്ന് 50,000 രൂപ വായ്പയെടുക്കുകയും ചെയ്തു. ഞാൻ മൂന്നുവർഷം അദ്ദേഹത്തിന്റെ വീട്ടിൽ ജോലി ചെയ്തു. രാവിലെ അഞ്ച് മണിക്ക് ഉറക്കമുണർന്ന് രാത്രി 10.30 വരെ നിർത്താതെ പണിയെടുക്കേണ്ടി വന്നു. അവിടെ ഉണ്ടായിരുന്ന മുഴുവൻ സമയത്തും എനിക്ക് ഒരു ദിവസം മൂന്ന് നേരത്തെ ഭക്ഷണവും രണ്ട് സെറ്റ് വസ്ത്രങ്ങളും മാത്രമാണ് നല്‍കിയത്. 

പക്ഷേ, എന്റെ ജീവിതം മെച്ചപ്പെട്ടതായി മാറാൻ പോവുകയായിരുന്നു. ഞങ്ങളുടെ ഗ്രാമത്തിൽ ഒരു സർവേയ്ക്കായി വന്ന 'ജീവിക'യിൽ നിന്നുള്ള ഒരു കോർഡിനേറ്ററെ ഞാൻ കണ്ടു. എന്നെ മോചിപ്പിക്കാമെന്നും എന്റെ മോചനത്തിനും പുനരധിവാസത്തിനുമായി ഒരു ഫോം പൂരിപ്പിക്കാൻ എന്നെ സഹാക്കാമെന്നും അദ്ദേഹം വിശദീകരിച്ചു. അതിനുശേഷം ചില സർക്കാർ ഉദ്യോഗസ്ഥർ വന്ന് എന്നെ മോചിപ്പിക്കാൻ സഹായിച്ചു. പത്ത് വർഷം മുമ്പ്, എനിക്ക് എന്നെ മോചിപ്പിച്ചുകൊണ്ടുള്ള ഔദ്യോഗിക സർട്ടിഫിക്കറ്റ് ലഭിച്ചു. 

അപ്പോഴേക്കും ഞാൻ കടം തീർത്തു കഴിഞ്ഞിരുന്നു. പുനരധിവാസത്തിനുള്ള പ്രാരംഭ തുകയായി പഞ്ചായത്ത് എനിക്ക് 1,000 രൂപ നൽകി. ഇന്ന് ഞാൻ കൂലിത്തൊഴില്‍ ചെയ്യുന്നു. ഞാൻ വിവാഹിതനാണ്, എന്റെ ഉടമസ്ഥതയിലുള്ള ഒരു ചെറിയ സ്ഥലത്ത് എന്റെ സ്വന്തം വീട്ടിൽ താമസിക്കുന്നു. എനിക്ക് രണ്ട് കുട്ടികളുണ്ട് - മൂത്തവൾ ഏഴാം ക്ലാസിൽ പഠിക്കുന്നു, എന്റെ മകൻ ആറാം ക്ലാസിൽ പഠിക്കുന്നു. 

ഒരു കുട്ടിയായിരിക്കെ തന്നെ ബോണ്ടിൽ കുടുങ്ങിയപ്പോൾ ഞാനാകെ ആഗ്രഹിച്ചത് തിരികെ പോയി എന്‍റെ സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കാനും കുടുംബത്തോടൊപ്പം ജീവിക്കാനുമാണ്. എന്റെ ജീവിതകാലം മുഴുവൻ മറ്റുള്ളവരുടെ വീടുകളിൽ ജോലിചെയ്തു. എന്‍റെ മക്കള്‍ക്ക് ആ ഗതി വരാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഞങ്ങള്‍ അത്തരത്തിലുള്ള കരാര്‍ തൊഴിലാളികളുടെയും കൃഷിപ്പണിക്കാരുടെയും ഒരു സംഘടനയുണ്ടാക്കിയിട്ടുണ്ട്. അത്തരം ഒരു സിസ്റ്റം തന്നെ ഇല്ലാതെയാക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ഓരോ ദിവസവും അതില്‍ നിന്നും രക്ഷപ്പെട്ടതില്‍ ഞാന്‍ സന്തോഷം അനുഭവിക്കുന്നു. 

click me!