30 ​ഗ്രാമങ്ങളിൽ മാസ്ക്, കുട്ടികൾക്കും വിധവകൾക്കും സൗജന്യം, ഇത് 'മാസ്ക് ദീദി'

By Web TeamFirst Published Jun 23, 2021, 5:50 PM IST
Highlights

അങ്ങനെ അവര്‍ 'മാസ്ക് ദീദി' എന്ന് അറിയപ്പെട്ട് തുടങ്ങി. ഭര്‍ത്താവും സഹായിച്ച് തുടങ്ങി. അടുത്തുള്ള 30 ഗ്രാമങ്ങളിലേക്കും മാസ്ക് അയച്ചു തുടങ്ങി. 

ഝാർഖണ്ഡിലെ അംബാടോളി ഗ്രാമവാസികൾ പ്രാഥമികമായി ചെറിയ ഭൂവുടമകളാണ്. മഴക്കാലത്ത് കനത്ത മഴ ലഭിച്ചാലും ഭൂമിയില്‍ വലിയ തോതിൽ കൃഷി ചെയ്യാനാവില്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് മറ്റ് വരുമാന മാര്‍ഗങ്ങള്‍ തേടേണ്ടി വന്നു. ജുബ്ലിന കാൻ‌ഡുൽ‌ന അങ്ങനെയാണ് ഒരു ചെറിയ ടൈലറിംഗ് ബിസിനസ്സ് ആരംഭിക്കുന്നത്. 

അവരുടെ കുടുംബമാകട്ടെ ഭൂമിയില്‍ തൊഴില്‍ ചെയ്ത് കിട്ടുന്ന തുക കൊണ്ട് വീട്ടുകാര്യങ്ങള്‍ നോക്കിത്തുടങ്ങി. എന്നാല്‍, പയ്യെപ്പയ്യെ, അവളുടെ ചെറിയ ബിസിനസില്‍ നിന്നും കിട്ടുന്ന തുകയായി ആറുപേരടങ്ങുന്ന കുടുംബത്തിന്‍റെ പ്രധാന വരുമാനം. താനും ഭര്‍ത്താവും തങ്ങളുടെ ചെറിയ പാടത്ത് ജോലിയെടുക്കുന്നുണ്ടായിരുന്നു. എന്നാല്‍, അതില്‍ നിന്നും എല്ലാവര്‍ക്കും കഴിഞ്ഞുകൂടാനുള്ളത് കിട്ടുമായിരുന്നില്ല എന്ന് നാല്‍പ്പത്തിയഞ്ചുകാരിയായ ജുബ്ലിന പറയുന്നു. കുടുംബത്തിന്‍റെ മുഴുവന്‍ ഉത്തരവാദിത്തവും അവളുടെയും ഭര്‍ത്താവ് വിമലിന്‍റെയും ചുമലിലായിരുന്നു. 

ടൈലറിംഗ് ബിസിനസ് മാത്രം അവള്‍ക്ക് മാസം 9,000 രൂപ നേടിക്കൊടുക്കുന്നു. എന്നാല്‍, കൊവിഡ് 19 കൂടി വന്നതോടെ ആകെ കുഴപ്പത്തിലായി. ലോക്ക്ഡൌണില്‍ ബിസിനസ് അവസാനിപ്പിക്കേണ്ടി തന്നെ വന്നു. പിന്നാലെയാണ് ജുബ്ലിന ടോര്‍പ റൂറല്‍ ഡെവലപ്മെന്‍റ് സൊസൈറ്റി ഫോര്‍ വുമണ്‍ നല്‍കിയ മൈക്രോ സംരംഭത്തിനുള്ള പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. അങ്ങനെയാണ് മാസ്ക് ധരിക്കേണ്ടി വരുന്നതിന്‍റെ പ്രാധാന്യം മനസിലാക്കുന്നത്. അവരുടെ ചെറിയ ഗ്രാമത്തില്‍ മാസ്ക് കിട്ടാനുണ്ടായിരുന്നില്ല. അങ്ങനെ മാസ്ക് തയ്ച്ച് തുടങ്ങി. ആദ്യം വസ്ത്രം തയിച്ചതിന്‍റെ ബാക്കിയാവുന്ന തുണിയുപയോഗിച്ചാണ് മാസ്ക് തയിച്ചത്. എന്നാല്‍, ആദ്യമൊന്നും ആളുകള്‍ ഈ മാസ്ക് ധരിക്കാന്‍ തയ്യാറായിരുന്നില്ല. കാരണം, അവര്‍ വൈറസ് പകരുമെന്ന് വിശ്വസിച്ചിരുന്നില്ല. 

ടോര്‍പ റൂറല്‍ ഡെവലപ്മെന്‍റ് സൊസൈറ്റി ഫോര്‍ വുമണ്‍ പിന്നീട് ഗ്രാമീണരെ ബോധവല്‍ക്കരിച്ചു. ജുബ്ലിന 20 മാസ്കുകള്‍ തയ്ച്ചു, 20 രൂപയ്ക്ക് നല്‍കി, 400 രൂപ കിട്ടി. അതോടെ, കൂടുതല്‍ ഓര്‍ഡര്‍ കിട്ടിത്തുടങ്ങി. പിന്നെ ദിവസത്തില്‍ 50 മുതല്‍ 100 വരെ മാസ്ക് തയിച്ച് തുടങ്ങി. അങ്ങനെ അവര്‍ 'മാസ്ക് ദീദി' എന്ന് അറിയപ്പെട്ട് തുടങ്ങി. ഭര്‍ത്താവും സഹായിച്ച് തുടങ്ങി. അടുത്തുള്ള 30 ഗ്രാമങ്ങളിലേക്കും മാസ്ക് അയച്ചു തുടങ്ങി. ചൂടത്തും മഴയത്തും സൈക്കിളിലും നടന്നും അവര്‍ പോയി. കുന്നുംകാടും കടക്കേണ്ടി വന്നു. ഇന്ന് അവര്‍ 20,000 രൂപ മാസം ഇതിലൂടെ സമ്പാദിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കും വിധവകള്‍ക്കും പ്രായം ചെന്നവര്‍ക്കും സൌജന്യമായി മാസ്ക് നല്‍കുന്നു. 

അതുപോലെ സ്ത്രീകള്‍ക്കായി തയ്യല്‍ പരിശീലനം നല്‍കാനും അവര്‍ തീരുമാനിച്ചു. സ്ത്രീ സംരംഭകരെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുന്നു നമ്മുടെ 'മാസ്ക് ദീദി'. 

(കടപ്പാട്: യുവർ സ്റ്റോറി)


 

click me!