
ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുക്കുന്നത് സാധാരണയാണല്ലേ? എന്നാൽ, എടുത്ത് കഴിഞ്ഞ് വായിച്ചാലും വായിച്ചില്ലെങ്കിലും ഒരു നിശ്ചിത സമയം കഴിഞ്ഞാൽ അത് തിരിച്ചേൽപ്പിക്കണം. പക്ഷേ, പലപ്പോഴും അങ്ങനെ ചെയ്യാത്തവരും ഉണ്ട്. എന്നാലും പുസ്തകം തിരികെ ലൈബ്രറിയിലേക്കെത്താൻ വൈകുന്നതിന് ഒരു പരിധിയില്ലേ? ഇവിടെ ഒരു പുസ്തകം വൈകിയത് എത്ര കൊല്ലമാണ് എന്ന് അറിയുമോ? 119 വർഷം!
യുഎസ്‌എയിലെ വെസ്റ്റ് വിർജീനിയ യൂണിവേഴ്‌സിറ്റി ലൈബ്രറിക്ക് അടുത്തിടെ ഒരു വലിയ പുസ്തക ശേഖരം ലഭിച്ചു. അതെല്ലാം സംഭാവനയായി കിട്ടിയതായിരുന്നു. എന്നാൽ, അതിൽ നിന്നും ശ്രദ്ധേയമായ ഒരു കാര്യം അവർ കണ്ടെത്തി. ഈ പുസ്തകങ്ങളുടെ കൂട്ടത്തിൽ 141 വർഷം മുമ്പ് മറ്റൊരു ലൈബ്രറിയിൽ നിന്ന് എടുത്ത ഒരു പുസ്തകവും ഉണ്ടായിരുന്നു.
1903 ഡിസംബർ പത്തിന് ലൈബ്രറിയെ തിരികെ ഏൽപ്പിക്കേണ്ടതായിരുന്നു പുസ്തകം. അതായത് 119 വർഷം മുമ്പ് തിരികെ ഏൽപ്പിക്കേണ്ട പുസ്തകം. ഇത് ലൈബ്രറിയിലെ ജീവനക്കാരെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. ഇങ്ങനെ ചരിത്രപരമായ ഒരു കണ്ടെത്തലുണ്ടാകും എന്ന് അവരൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ജെയിംസ് ക്ലാർക്ക് മാക്സ്‍വെൽ രചിച്ച An Elementary Treatise on Electricity എന്ന പുസ്തകമായിരുന്നു അത്. മസാച്ചുസെറ്റ്‌സിലെ ന്യൂ ബെഡ്‌ഫോർഡ് ഫ്രീ പബ്ലിക് ലൈബ്രറിയിൽ നിന്നുമാണ് പുസ്തകം എടുത്തിട്ടുണ്ടായിരുന്നത്.
1882 -ൽ പ്രസിദ്ധീകരിച്ചതായിരുന്നു ഈ പുസ്തകം. 1879 -ൽ ആദ്യത്തെ ലൈറ്റ് ബൾബ് കണ്ടുപിടിച്ച് മൂന്ന് വർഷത്തിന് ശേഷമാണ് വൈദ്യുതിയെക്കുറിച്ചുള്ള ഈ പുസ്തകം പ്രസിദ്ധീകരിച്ചത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. വെസ്റ്റ് വിർജീനിയ യൂണിവേഴ്സിറ്റി ലൈബ്രറികളിലെ അപൂർവ പുസ്തകങ്ങളുടെ ക്യൂറേറ്ററായ സ്റ്റുവർട്ട് പ്ലെയിൻ ഈ പുസ്തകത്തെ വളരെ അമൂല്യമായ ഒന്നായിട്ടാണ് കണ്ടത്. അദ്ദേഹം ഉടനെ തന്നെ ന്യൂ ബെഡ്‌ഫോർഡ് ഫ്രീ പബ്ലിക് ലൈബ്രറിയുമായി ബന്ധപ്പെട്ടു.
അങ്ങനെ ജൂൺ 22 -ന് 119 വർഷം വൈകിയ ശേഷം പുസ്തകം ലൈബ്രറിയിലേക്ക് തിരികെ എത്തി. ലൈബ്രറിയുടെ ഫേസ്ബുക്ക് പേജിൽ അവർ ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും പങ്കുവെച്ചു.