
ശരീരത്തിൽ തങ്ങൾക്ക് ഇഷ്ടപ്പെട്ട പോലെ ടാറ്റൂ ചെയ്യുന്ന ആളുകൾ ഇന്ന് അനവധിയാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്ന് അതുപോലെ ഉള്ള ആളുകളെ കാണാം. ടാറ്റൂ ചെയ്യുന്നതോ ടാറ്റൂ ചെയ്ത ആളുകളോ ഒന്നും ഇന്ന് ലോകത്തിന് ഒരു പുതുമ ഒന്നുമല്ല. എന്നാൽ, ഇന്നും ടാറ്റൂ ചെയ്ത ആളുകളെ അത്ര അംഗീകരിക്കാത്ത അവരെ വിവേചനത്തോടെ കാണുന്ന അനേകം ആളുകൾ ഇന്നും നമ്മുടെ ലോകത്തുണ്ട്. അത് തെളിയിക്കുന്ന ഒരു വാർത്തയാണ് ചൈനയിൽ നിന്നും വരുന്നത്.
ചൈനയിൽ ഒരു കമ്പനിയിൽ ടാറ്റൂ ചെയ്ത രണ്ട് ആളുകളോട് ടാറ്റൂ കളഞ്ഞിട്ട് വന്നാൽ മാത്രമേ ജോലിയിൽ തുടരാനാകൂ എന്ന് ബോസ് പറഞ്ഞത്രെ. പതിനേഴും ഇരുപത്തിരണ്ടും വയസുള്ള ജോലിക്കാരോടാണ് ടാറ്റൂ റിമൂവ് ചെയ്തെങ്കിൽ മാത്രമേ ജോലിയിൽ തുടരാൻ അനുവദിക്കുകയുള്ളൂ എന്ന് ബോസ് പറഞ്ഞത്. ഇൻസ്പെക്ഷനെത്തിയതായിരുന്നു ബോസ്. അപ്പോഴാണ് രണ്ട് ജോലിക്കാരുടെ ദേഹത്ത് ടാറ്റൂ കണ്ടത്. ഇതോടെ ബോസ് തന്റെ നിലപാട് അറിയിക്കുകയായിരുന്നു. ഇരു ജീവനക്കാരും കമ്പനിയിൽ പുതുതായി എത്തിയവരായിരുന്നു.
ഇങ്ങനെ ടാറ്റൂ ചെയ്യുന്നവരെ ഫാക്ടറി ജോലിക്കെടുക്കില്ല എന്നും അത് കമ്പനിയുടെ ഭാവിക്ക് നല്ലതല്ല, സംസ്കാരത്തിന് ചേർന്നതല്ല എന്നുമായിരുന്നു ബോസിന്റെ നിലപാട്. നിങ്ങൾ രണ്ടുപേരും നല്ല ജീവനക്കാരായിരിക്കാം എന്നാലും ടാറ്റൂ കാരണം ജോലിയിൽ നിലനിർത്താൻ ബുദ്ധിമുട്ടുണ്ട്. അതിനാൽ ടാറ്റൂ റിമൂവ് ചെയ്ത് വരണം എന്നും ബോസ് അറിയിച്ചു. ഏതായാലും സംഭവം ചൈനയിലെ സാമൂഹിക മാധ്യമങ്ങളിൽ വൻ ചർച്ച ആയതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ടാറ്റൂ റിമൂവ് ചെയ്ത് വന്നാൽ തിരികെ ജോലിയിൽ പ്രവേശിക്കാം എന്നും ടാറ്റൂ റിമൂവ് ചെയ്യാനുള്ള പണം താൻ തരും എന്നും ബോസ് പറഞ്ഞത്രെ. ഏതായാലും ജീവനക്കാർ അത് സമ്മതിച്ചതായിട്ടാണ് റിപ്പോർട്ട്. അതേസമയം, നിരവധിപ്പേരാണ് ബോസിന്റെ നിലപാടിനെ വിമർശിച്ചു കൊണ്ട് മുന്നോട്ട് വന്നത്.
(ചിത്രം പ്രതീകാത്മകം)