ചാറ്റ് ബോട്ടുകൾ വിവരങ്ങൾ മോഷ്ടിക്കുന്നു, ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞെന്ന് വിക്കിപീഡിയ

Published : Oct 21, 2025, 04:43 PM IST
computer

Synopsis

ഈ പ്രവണത വിക്കിപീഡിയയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്, കാരണം സന്ദർശകരുടെ എണ്ണം കുറയുന്നത് വോളണ്ടിയർ എഡിറ്റർമാരുടെയും സംഭാവന നൽകുന്നവരുടെയും എണ്ണത്തിൽ കുറവുണ്ടാക്കുമെന്നും വിക്കിമീഡിയ.

വിക്കിപീഡിയയുടെ പിന്നിൽ പ്രവർത്തിക്കുന്ന സംഘടനയായ വിക്കിമീഡിയ ഫൗണ്ടേഷൻ, ഓൺലൈൻ എൻസൈക്ലോപീഡിയയിലേക്കുള്ള മനുഷ്യരായ സന്ദർശകരുടെ എണ്ണത്തിൽ 8 ശതമാനം കുറവ് റിപ്പോർട്ട് ചെയ്തു. ChatGPT പോലുള്ള AI ടൂളുകളും സെർച്ച് എഞ്ചിനുകളുമാണ് സന്ദർശകരെ വഴിതിരിച്ചുവിടുന്നതിനും വിക്കിപീഡിയയുടെ നിലനിൽപ്പിന് ഭീഷണിയാകുന്നതിനും കാരണമാകുന്നതെന്ന് വിക്കിമീഡിയ ഫൗണ്ടേഷൻ ആരോപിച്ചു.

വിക്കിമീഡിയയിലെ സീനിയർ ഡയറക്ടർ ഓഫ് പ്രൊഡക്‌ട് ആയ മാർഷൽ മില്ലർ പറയുന്നതനുസരിച്ച്, AI ചാറ്റ്‌ബോട്ടുകളും സെർച്ച് എഞ്ചിനുകളും വിക്കിപീഡിയയുടെ ഉള്ളടക്കം ചോർത്തി ഉപയോക്താക്കൾക്ക് നേരിട്ട് ഉത്തരം നൽകുന്നത് കൊണ്ടാണ് ഈ കുറവുണ്ടായത്. ഇത് ഉപയോക്താക്കൾക്ക് സൈറ്റ് സന്ദർശിക്കേണ്ടതിന്റെ ആവശ്യം ഇല്ലാതാക്കി.

തന്റെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ മില്ലർ പറയുന്നത് ഇങ്ങനെയാണ് - ഓരോ മാസവും വിക്കിപീഡിയയും മറ്റ് വിക്കിമീഡിയ പ്രോജക്റ്റുകളും ലോകമെമ്പാടുമായി കോടിക്കണക്കിന് പേജ് വ്യൂസ് നേടുന്നുണ്ട്. ഈ ട്രാഫിക് വരുമ്പോൾ, അത് മനുഷ്യരിൽ നിന്നാണോ ബോട്ടുകളിൽ നിന്നാണോ വരുന്നതെന്ന് വിക്കിമീഡിയ ഫൗണ്ടേഷന്റെ അൽഗോരിതങ്ങൾ വേർതിരിച്ച് അറിയും. ഇത്, മനുഷ്യരുടെ എണ്ണം മനസ്സിലാക്കാൻ ഞങ്ങളെ സഹായിക്കുന്നു, ഒപ്പം വാണിജ്യപരമായ സെർച്ച്, എ ഐ ആവശ്യങ്ങൾക്കായി മൂന്നാം കക്ഷി ബോട്ടുകൾ ഡാറ്റ എടുക്കുന്നതിലെ നിയന്ത്രണങ്ങൾ നടപ്പിലാക്കാനും സഹായിക്കും.

ഞങ്ങളുടേത് പോലുള്ള വെബ്‌സൈറ്റുകളിൽ നിന്ന് ഡാറ്റ എടുക്കുന്ന പല ബോട്ടുകളും കൂടുതൽ സങ്കീർണ്ണമാവുകയും മനുഷ്യരെപ്പോലെ തോന്നിപ്പിക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല, 2025 മെയ് മാസത്തോടുകൂടി, പ്രധാനമായും ബ്രസീലിൽ നിന്ന്, അസ്വാഭാവികമാംവിധം ഉയർന്ന അളവിൽ ഹ്യുമൻ ട്രാഫിക്കാണെന്ന് തോന്നിക്കുന്ന സന്ദർശനങ്ങൾ ശ്രദ്ധയിൽപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പ്രവണത വിക്കിപീഡിയയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്, കാരണം സന്ദർശകരുടെ എണ്ണം കുറയുന്നത് വോളണ്ടിയർ എഡിറ്റർമാരുടെയും സംഭാവന നൽകുന്നവരുടെയും എണ്ണത്തിൽ കുറവുണ്ടാക്കും.

മനുഷ്യരുടെ പങ്കാളിത്തത്തിലുണ്ടാകുന്ന ഈ കുറവ് വിക്കിപീഡിയയുടെ ഭാവിയെ ദോഷകരമായി ബാധിക്കും. വിക്കിപീഡിയയുടെ ഉള്ളടക്കം ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമുകൾ വ്യക്തമായ കടപ്പാട് നൽകണമെന്നും, ഉപയോക്താക്കളെ യഥാർത്ഥ ഉറവിടം സന്ദർശിക്കാൻ പ്രോത്സാഹിപ്പിക്കണമെന്നും വിക്കിമീഡിയ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

മൈനസ് 8°C -യിലെ പ‍ർവ്വതാരോഹണം, കാമുകിയെ മരണത്തിന് വിട്ടുനൽകിയെന്ന് ആരോപിച്ച് കാമുകനെതിരെ കേസ്
പുള്ളിപ്പുലികളെ വന്ധ്യംകരിക്കണം; അവ നാട്ടിലിറങ്ങുന്നത് തടയാൻ ആടുകളെ കാട്ടിലേക്ക് വിടണം; മഹാരാഷ്ട്ര വനം മന്ത്രി