
ദൂരെ വിദൂരപ്രദേശത്ത് ആരുമില്ലാത്ത ഒരിടത്ത് വീടും സ്ഥലവും വാങ്ങി ഒരു സ്ത്രീ. ലക്ഷ്യം എന്താണെന്നോ കഞ്ചാവ് ഫാക്ടറി നന്നായി മുന്നോട്ട് കൊണ്ടു പോവുക. 60 -കാരിയായ ലിൻഡ മക്കാൻ, ഭർത്താവ് എഡ്വേർഡിനും മകൻ ഡാനിയേലിനും ഒപ്പമാണ് പുതിയ സ്ഥലം വാങ്ങിയത്. അവർക്കൊപ്പം ചേർന്നായിരുന്നു അവർ തന്റെ കഞ്ചാവ് ബിസിനസ് മുന്നോട്ട് കൊണ്ടുപോയിരുന്നത്.
കഞ്ചാവിന് പുറമേ, കുടുംബം കഞ്ചാവ് എണ്ണയും കഞ്ചാവ് കലർന്ന ചോക്കലേറ്റ് പോലുള്ള ഭക്ഷ്യ വസ്തുക്കളും വെസ്റ്റ് വെയിൽസിലെ കാർമാർഥൻഷെയറിലെ വീട്ടിൽ നിർമ്മിച്ച് വിൽപന നടത്തിയിരുന്നു. അഞ്ച് വർഷത്തോളം ഇത് ആരും അറിഞ്ഞിരുന്നില്ല. ഏകദേശം 3.5 മില്യൺ പൗണ്ട് വിലമതിക്കുന്ന കഞ്ചാവാണ് അവർ ഉത്പാദിപ്പിച്ചിരുന്നത്. ഹാംഷെയറിൽ നിന്ന് കുടുംബം പിന്നീട് വെയിൽസിലേക്ക് മാറി.
എന്നാൽ, 2020 ഒക്ടോബറിൽ പൊലീസ് കെട്ടിടം റെയ്ഡ് ചെയ്തപ്പോൾ കുടുംബം കുടുങ്ങി. അവിടേക്ക് റെയ്ഡിന് പോയ പൊലീസുകാർ ഞെട്ടിപ്പോകും വിധത്തിലായിരുന്നു അവരുടെ പ്രവർത്തനം. വീടിനടുത്തായി ഒരു കളപ്പുര പോലെയുള്ള സംവിധാനമായിരുന്നു. അവിടെയാണ് കഞ്ചാവുമായി ബന്ധപ്പെട്ട പ്രവൃത്തികളെല്ലാം നടന്നിരുന്നത്.
ഇതിന്റെ താഴത്തെ നില ലൈറ്റുകളും എക്‌സ്‌ട്രാക്റ്റർ ഫാനുകളും സജ്ജീകരിച്ചിരിക്കുന്ന ആറ് കുഞ്ഞു റൂമുകളായി വിഭജിക്കപ്പെട്ടിരുന്നു. കൂടാതെ വലിയ ഓവനുള്ള ഒരു പ്രധാന സ്ഥലവും സസ്യങ്ങളിൽ നിന്ന് എണ്ണ വേർതിരിച്ചെടുക്കുന്നതിനുള്ള ഉപകരണവും ഉണ്ടായിരുന്നു. കുഞ്ഞ് തൈകൾ മുതൽ പൂർണ വളർച്ചയെത്തിയത് വരെയുള്ള 202 ചെടികൾ ഇവിടെ നിന്നും കണ്ടെടുത്തു. മുകൾനില ഒരു മേശ, കസേര, വിവിധ ഉപകരണങ്ങൾ, വിളവെടുത്ത കഞ്ചാവ് ചെടികൾ ഉണക്കുന്ന സംവിധാനങ്ങൾ എന്നിവയുള്ള ഒരു ഉൽപാദന മേഖലയായി ഉപയോഗിക്കുകയായിരുന്നു. വാതിൽ തുറക്കുമ്പോൾ തന്നെ കഞ്ചാവിന്റെ മണമാണ് പൊലീസിനെ വരവേറ്റത്.
ഇന്നലെ ലിൻഡയ്ക്ക് ആറ് വർഷവും ഏഴ് മാസവും തടവ് വിധിച്ചു. അടുത്ത മാസം ഭർത്താവിനും മകനും ശിക്ഷ വിധിക്കും. ശിക്ഷ വിധിക്കുന്നതിനിടെ ജഡ്ജി, വലിയ തോതിൽ കഞ്ചാവ് വ്യവസായം നടത്തുകയും വിറ്റ് കാശുണ്ടാക്കുകയും ചെയ്യുന്ന ആളുകൾ വളരുന്നുണ്ട് എന്നും അതിലൊരാളാണ് ലിൻഡ എന്നും പറഞ്ഞു.
ജാക്ക് വിറ്റോക്, ജസ്റ്റിൻ ലിൽസ് എന്നിങ്ങനെ രണ്ട് പേരേയും കുടുംബം തങ്ങളുടെ ബിസിനസിൽ സഹായികളായി നിയമിച്ചിരുന്നു. കഞ്ചാവ് ഉൽപ്പാദിപ്പിക്കാനുള്ള ഗൂഢാലോചന, കഞ്ചാവ് വിതരണം ചെയ്യാനുള്ള ഗൂഢാലോചന, പണം സമ്പാദിക്കുന്നതിനുള്ള ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ട് ഇവരും ലിൻഡയും ഭർത്താവും മകനും നേരത്തെയുള്ള വിചാരണയിൽ കുറ്റസമ്മതം നടത്തിയിരുന്നു. വിറ്റോക്കിന് രണ്ട് വർഷവും 10 മാസവുമാണ് തടവ് വിധിച്ചിരിക്കുന്നത്. ലിൽസിന് 22 മാസം ജയിലിൽ കഴിയേണ്ടി വരും.