
ഫ്ലോറിഡയിൽ ഒരു വയസുള്ള കുഞ്ഞിനെ കടൽത്തീരത്തുപേക്ഷിച്ചതിന് അമ്മയ്ക്ക് 15 വർഷം തടവ്. കുട്ടികൾക്കെതിരെയുള്ള പീഡനം, കുട്ടിയെ ഉപേക്ഷിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് മിഷിഗണിൽ നിന്നുള്ള 38 -കാരിയായ ഷമിക മിച്ചലിനെ ശിക്ഷിച്ചിരിക്കുന്നത്.
കുഞ്ഞില്ലാതെ വീട്ടിൽ തിരിച്ചെത്തിയതോടെ മിച്ചലിന്റെ മൂത്ത മകന് സംശയം തോന്നുകയായിരുന്നു. അവൻ അനിയനെ അന്വേഷിച്ചപ്പോൾ മിച്ചൽ പറഞ്ഞത്, അവനെ അച്ഛന്റെ അടുത്താക്കി എന്നായിരുന്നു. എന്നാൽ, അത് വിശ്വാസം വരാഞ്ഞ മൂത്ത മകൻ നേരെ പൊലീസിനെ വിളിക്കുകയായിരുന്നു.
അമ്മയോട് അനിയൻ അച്ഛന്റെ കൂടെയാണ് എന്നതിന് തെളിവ് ചോദിച്ചെങ്കിലും അത് നൽകിയില്ല. അമ്മ പലതരം മാനസികാവസ്ഥകളിലൂടെ കടന്നു പോവുകയാണ് എന്ന് തനിക്ക് അറിയാമായിരുന്നു. അവർ ഭ്രാന്തമായി പെരുമാറിയിരുന്നു എന്ന് ഈ കുട്ടി പൊലീസിനോട് പറഞ്ഞു.
ഫ്ലോറിഡയിലെ ഡേടോണ ബീച്ചിൽ വച്ചാണ് കുഞ്ഞിനെ പിന്നീട് കണ്ടെത്തിയത്. 2023 നവംബർ 8 -നാണ് സംഭവം നടന്നത്. മിച്ചൽ തൻ്റെ ഒരു വയസുള്ള കുഞ്ഞുമായി അർദ്ധരാത്രിയിൽ കടൽത്തീരത്തു കൂടി നടക്കുന്നത് സമീപത്തെ സിസിടിവി ക്യാമറകളിൽ ഇത് പതിഞ്ഞിരുന്നു. എന്നാൽ, അഞ്ച് മിനിറ്റിന് ശേഷം കുഞ്ഞില്ലാതെ അവർ അതുവഴി തിരികെ വന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.
അപ്പോഴേക്കും കടൽ തീരത്ത് ഉപേക്ഷിച്ച കുഞ്ഞിനെ തിരയെടുക്കുന്ന അവസ്ഥയായിരുന്നു. ഇതുവഴി കടന്നുപോയ ഒരാളാണ് കുഞ്ഞിനെ കണ്ടത്. അയാൾ കാണുമ്പോഴേക്കും കുഞ്ഞിന്റെ ശ്വാസോച്ഛാസം പതിയെ ആവുകയും കുഞ്ഞിന് പ്രതികരണമില്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥ എത്തിയിരുന്നു. പൊലീസെത്തി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു.
സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് മിച്ചലിനെ അറസ്റ്റ് ചെയ്തത്. മിച്ചൽ ആ സമയത്ത് കഞ്ചാവും മദ്യവും മയക്കുമരുന്നും ഉപയോഗിച്ചിരുന്നു എന്നാണ് ജഡ്ജി പറഞ്ഞത്. ഒരു വയസിനും 17 വയസിനും ഇടയിൽ പ്രായമുള്ള അഞ്ച് മക്കളുണ്ടായിരുന്നു മിച്ചലിന്. അറസ്റ്റിന് പിന്നാലെ കുഞ്ഞുങ്ങളെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി.
വളരെ ദുരിതപൂർണമായ കുട്ടിക്കാലമായിരുന്നു മിച്ചലിന്റേത് എന്നാണ് പ്രതിഭാഗം വാദിച്ചത്. എന്നാൽ, മിച്ചലിനെ 15 വർഷത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു.