
നിങ്ങൾ ഒരു ജോലിക്ക് വേണ്ടിയുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കുന്നു. ഏറെ പ്രതീക്ഷയോടെയാണ് പോകുന്നത്. എന്നാൽ, ആ ജോലി കിട്ടിയില്ല. പക്ഷേ, ജീവിതത്തിലെ ഒരു വലിയ പാഠം ആ ഇന്റർവ്യൂ പഠിപ്പിച്ചാലോ? അത്തരത്തിലുള്ള ഒരു അനുഭവമാണ് പാകിസ്ഥാനിൽ നിന്നുള്ള ഈ യുവതിക്ക് ഉണ്ടായിരിക്കുന്നത്.
കറാച്ചിയിൽ നിന്നുള്ള സോഷ്യൽ മീഡിയ മാനേജറായ ഹിബ ഹനീഫ് ആണ് തന്റെ അനുഭവം ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ചിരിക്കുന്നത്. അതോടെ ഈ വിഷയത്തിൽ വലിയ ചർച്ചകളും നടന്നു. തന്റെ എക്സ്പീരിയൻസ് വച്ചിട്ടുള്ള ജോലിക്ക് തന്നെയാണ് ഹിബ അപേക്ഷിച്ചിരുന്നത്. മൂന്ന് വിദഗ്ദ്ധരടങ്ങിയ പാനലുമായി വിശദമായ അഭിമുഖവും നടന്നു.
എന്നാൽ, അവൾ അതിൽ സെലക്ടായില്ല. പക്ഷേ, അവർ ചോദിച്ച ഒരു ചോദ്യം ശരിക്കും തന്നെ ഒരു വലിയ പാഠം പഠിപ്പിച്ചു എന്നാണ് ഹിബ പറയുന്നത്. ഹിബയോട് അവർ ചോദിച്ച ചോദ്യം നിങ്ങൾ മറ്റുള്ളവരെ അവരുടെ ഓൺലൈൻ പ്രസൻസ് വളർത്തിയെടുക്കാൻ സഹായിക്കുകയാണ്, എന്നാൽ നിങ്ങളുടെ പേഴ്സണൽ ബ്രാൻഡിൻ്റെ കാര്യം എങ്ങനെയാണ് എന്നതായിരുന്നു ആ ചോദ്യം.
മറ്റുള്ളവരുടെ ഡിജിറ്റൽ ഐഡന്റിറ്റി രൂപപ്പെടുത്തിയെടുക്കാൻ ശ്രമിക്കുന്ന താൻ സ്വന്തം കാര്യം ഇതുവരെ നോക്കിയിട്ടില്ല എന്ന് ഹിബ പറയുന്നു. ഇന്റർവ്യൂവിൽ തഴയപ്പെട്ടുവെങ്കിലും ഈ ചോദ്യം തന്നെ വേറൊരു തരത്തിൽ സഹായിച്ചു എന്നാണ് അവൾ പറയുന്നത്.
നിങ്ങൾ ഒരു ജോലിക്ക് വേണ്ടി ശ്രമിക്കുകയാകട്ടെ, ഫ്രീലാൻസ് ക്ലയിന്റിന് വേണ്ടി ശ്രമിക്കുകയാകട്ടെ, എന്തുവേണമെങ്കിലും ആകട്ടെ പക്ഷേ സ്വന്തമായി ഒരു ബ്രാൻഡാവുക എന്നത് വലിയ വ്യത്യാസമുണ്ടാക്കും എന്നാണ് ഹിബ പറയുന്നത്.
നിങ്ങൾ മറ്റുള്ളവർക്ക് വേണ്ടി ഒരുപാട് ജോലി ചെയ്യുമ്പോൾ അവരവർക്കുവേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നാണ് ഹിബയുടെ ചോദ്യം. വളരെ പെട്ടെന്നാണ് ഹിബയുടെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടത്. ഒരുപാടുപേർ പോസ്റ്റിന് കമന്റുകൾ നൽകി. ഹിബ പറഞ്ഞത് ശരിയാണ് എന്നായിരുന്നു മിക്കവരും കമന്റ് നൽകിയത്.