
വലിയ ശമ്പളത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന പലരും ഇന്ന് പിരിച്ചുവിടപ്പെട്ടു കൊണ്ടിരിക്കുകയാണ്. എഐ അതിനൊരു കാരണമായി തീർന്നിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. പ്രത്യേകിച്ചും ടെക് മേഖലകളിലുള്ളവരാണ് കൂട്ടമായ ലേഓഫിന് ഇരകളായി തീരുന്നത്. അത്തരത്തിലുള്ള ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ഈ യുവാവും. ഈ എഐ യുഗത്തിൽ എഞ്ചിനീയറിംഗിനേക്കാൾ നല്ലത് എംബിബിഎസ്സാണ് എന്നാണ് യുവാവിന്റെ അഭിപ്രായം.
പോസ്റ്റ് വായിക്കാം;
നിലവിലെ തൊഴിൽ വിപണിയെക്കുറിച്ച് നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാരണം വൻകിട ടെക് കമ്പനികൾ അവരുടെ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. എനിക്കും ഒരു അമേരിക്കൻ ബിഗ് ടെക് കമ്പനിയിൽ നിന്ന് ജോലി നഷ്ടപ്പെട്ടു. കഴിഞ്ഞ രണ്ട് മാസമായി ഞാൻ ജോലിക്ക് അപേക്ഷിക്കുന്നുണ്ടെങ്കിലും യാതൊരു പ്രതികരണവും ലഭിക്കുന്നില്ല. ടിയർ 1 കോളേജിൽ നിന്നായിരുന്നിട്ടും, റെഫറലുകൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ജോലി കിട്ടാത്തത് എന്നെനിക്കറിയില്ല.
എം.ബി.ബി.എസ് ആണ് ഏറ്റവും സുരക്ഷിതവും സ്ഥിരതയുള്ളതുമായ മേഖലയെന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്. ലേ-ഓഫ് ഭീഷണികളൊന്നുമില്ല, 100% തൊഴിൽ സുരക്ഷിതത്വം. കൂടാതെ നല്ല ബഹുമാനം കിട്ടും. ഒരു ഡോക്ടർ ഒരിക്കലും തൊഴിലില്ലാത്തവനായിരിക്കില്ല, കുറഞ്ഞപക്ഷം അയാൾക്ക് എന്തെങ്കിലും സമ്പാദിക്കാനാവും. വർഷങ്ങളുടെ എക്സ്പീരിയൻസ് കൂടിയാകുമ്പോൾ പ്രതിമാസം 5-6 ലക്ഷം രൂപയോ അതിൽ കൂടുതലോ ഒക്കെ വളരെ എളുപ്പം സമ്പാദിക്കാം.
ബോംബെയിലെ എന്റെ വീടിനടുത്തുള്ള ആശുപത്രിയിലെ പാർക്കിംഗ് ഏരിയയിൽ എത്രയോ ഡോക്ടർമാർക്ക് BMW X7, Mercedes GLS, Audi RS5, പോർഷെ 911 പോലെയുള്ള വണ്ടികളുണ്ടെന്ന് ഞാൻ കണ്ടിട്ടുണ്ട്. ഇത് എളുപ്പമല്ലെന്നും വളരെ കഠിനമാണെന്ന് എനിക്കറിയാം, എന്നാൽ മറ്റ് മേഖലകളെപ്പോലെയല്ല, ഇതിന്റെ അവസാനം അത് അർഹിക്കുന്ന പ്രതിഫലം ലഭിക്കും. മറ്റ് മേഖലകളിൽ നിങ്ങൾ ഉയർന്ന ശമ്പളമുള്ള ജീവനക്കാരനാകുമ്പോൾ നിങ്ങളെ പിരിച്ചുവിടും.
പലരും പറയാറുണ്ട് എം.ബി.ബി.എസ് ലാഭകരമല്ലെന്നും ബി.ടെക് ആണ് ഇതിനേക്കാൾ നല്ലതെന്നും. എന്നാൽ ഇന്ത്യയിലെ യാഥാർത്ഥ്യം അതല്ല, ഇവിടെ 83% ബി.ടെക് ബിരുദധാരികളും തൊഴിലില്ലാത്തവരാണ്, ബാക്കിയുള്ളവരിൽ ഭൂരിഭാഗം പേരും കരിയർ തുടങ്ങുന്നത് വർഷം 3.5 ലക്ഷം രൂപ പോലെയുള്ള ശമ്പളത്തിലാണ്. നിങ്ങൾ ഐഐടി, എൻഐടി, ട്രിപ്പിൾ ഐടി എന്നിവിടങ്ങളിൽ നിന്നാണെങ്കിൽ കഥ മാറും. എന്നാൽ ഒരു ശരാശരി എം.ബി.ബി.എസ് ബിരുദധാരി പോലും ഇതിനേക്കാൾ കൂടുതൽ സമ്പാദിക്കുന്നുണ്ട്. ഇത്രയും ഉയർന്ന വരുമാനമുള്ള മേഖലയായിരുന്നിട്ടും ആളുകൾ എന്തുകൊണ്ടാണ് എം.ബി.ബി.എസ് ലാഭകരമല്ലെന്ന് പറയുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.
നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകൾ നൽകിയത്. ടെക് മേഖലകളിലെ പിരിച്ചുവിടൽ ഒരു വലിയ യാഥാർത്ഥ്യമാണ് എന്നും കൂടുതൽ സ്ഥിരതയുള്ള ജോലികൾക്ക് വേണ്ടിയാണ് ആളുകൾ ശ്രമിക്കേണ്ടത് എന്നുമാണ് പലരുടേയും അഭിപ്രായം.