ബി ആർ ഷെട്ടി: കടം വീട്ടാൻ ഗൾഫിലെത്തി കോടീശ്വരനായ വ്യവസായി കടങ്ങളുടെ നടുവിലേക്ക് വീണ്ടും കൂപ്പുകുത്തുമ്പോൾ

By Web TeamFirst Published Apr 27, 2020, 11:30 AM IST
Highlights

അഞ്ചുപതിറ്റാണ്ടു മുമ്പ്, നാട്ടിലെ കടം വീട്ടാൻ വേണ്ടി, ഹൃദയം നിറയെ പ്രതീക്ഷകളുമായി മണലാരണ്യത്തിലേക്ക് പുറപ്പെട്ടുപോയ ആ പഴയ യുവാവല്ല ഇന്ന് ബി ആർ ഷെട്ടി. 

ബാവഗുത്തു രഘുറാം ഷെട്ടി അഥവാ ബി ആർ ഷെട്ടി - എഴുപതുകളുടെ തുടക്കത്തിൽ പോക്കറ്റിൽ വെറും അഞ്ഞൂറ് രൂപയുമായി അബുദാബിയിലെ മണലാരണ്യങ്ങൾക്ക് നടുവിലേക്ക് വിമാനമിറങ്ങിയതാണ് ഈ ഉഡുപ്പിക്കാരൻ. കയ്യിലൊരു ഫാർമസി ബിരുദവും, പണമുണ്ടാക്കാനുള്ള വഴികളെപ്പറ്റി നിരന്തരം കെട്ടിപ്പൊക്കിയിരുന്ന മനക്കോട്ടകളും മാത്രമായിരുന്നു ആ ചെറുപ്പക്കാരന്റെ ആകെ സമ്പാദ്യം. ആ തുച്ഛമായ നിക്ഷേപത്തിൽ നിന്ന് വളരെ കുറഞ്ഞ കാലം കൊണ്ട് അദ്ദേഹം ബിസിനസ് ചെയ്തു നേടിയെടുത്തത് കോടിക്കണക്കിനു രൂപയായിരുന്നു. ആരെയും അതിശയിപ്പിക്കുന്ന വളർച്ചയായിരുന്നു ഷെട്ടിയുടേത്. ഏതൊരു ഇന്ത്യക്കാരനും സ്വപ്നം കാണാവുന്നതിന്റെ പരമാവധി ഉയരങ്ങളിൽ അദ്ദേഹം ചെന്നെത്തി. അതുകൊണ്ടുതന്നെ ആ വിജയത്തിന്റെ കൊടുമുടികളിൽ നിന്നുള്ള അദ്ദേഹത്തിന്റെ ഇന്നത്തെ പതനത്തിനും ആഘാതം ഏറെയാണ്.

പ്രവാസജീവിതത്തിനായി ഇറങ്ങിപ്പുറപ്പെടും മുമ്പ് അച്ഛന്റെ വഴിയേ സ്വന്തം നാടായ ഉഡുപ്പിയിൽ മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു ഷെട്ടിയും. അച്ഛൻ പഴയ കോൺഗ്രസുകാരനും സ്വാതന്ത്ര്യ സമരസേനാനിയും ഒക്കെയായിരുന്നു എങ്കിലും, ഷെട്ടിക്ക് മത്സരിക്കാൻ ടിക്കറ്റുനൽകിയത് ബിജെപിയുടെ മാതൃസംഘടനയായ ജനസംഘമായിരുന്നു. അന്ന് ആ ഇരുപത്താറുകാരന് വേണ്ടി വോട്ടുപിടിക്കാൻ ഉഡുപ്പി സന്ദർശിച്ചത് അടൽ ബിഹാരി വാജ്‌പേയി അടക്കമുള്ള ദേശീയ നേതാക്കളായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ, സംഘം കോൺഗ്രസ്സിനെ തറതൊടീച്ചില്ല. പതിനഞ്ചിൽ പന്ത്രണ്ടു സീറ്റും ഷെട്ടിയുടെ പാർട്ടിക്കായിരുന്നു. ഒന്നാം ഊഴം പൂർത്തിയാക്കി രണ്ടാമതും മത്സരിച്ച ഷെട്ടി പിന്നീട് മുനിസിപ്പൽ കൗൺസിൽ വൈസ് പ്രസിഡന്റായി പ്രവർത്തിക്കുകയുണ്ടായി. 

 

 

ഫാർമസി ബിരുദമുണ്ടായിരുന്ന ഷെട്ടിക്ക്, പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഫാർമ കമ്പനിയുടെ ഉഡുപ്പി ഡീലർഷിപ്പ്  ഉണ്ടായിരുന്നു.  രാഷ്ട്രീയത്തിലെ പോരാട്ടങ്ങൾ കടുത്തതോടെ ബിസിനസിൽ സ്വാഭാവികമായും ഷെട്ടിയുടെ ശ്രദ്ധകുറഞ്ഞു. ബാലൻസ് ഷീറ്റിൽ നഷ്ടങ്ങളുടെ കണക്കുകൾ വിരുന്നുവരാൻ തുടങ്ങി. ഒടുവിൽ പെങ്ങളുടെ വിവാഹസമയത്ത് പണമില്ലാഞ്ഞ് വട്ടിപ്പലിശക്ക് കടമെടുക്കേണ്ട ഗതികേട് വന്നപ്പോഴാണ് ഇനിയും നാട്ടിൽ നിന്നാൽ ഗതിപിടിക്കില്ല എന്ന തിരിച്ചറിവ് ഷെട്ടിക്കുണ്ടാകുന്നത്. അങ്ങനെയാണ് പല കൂട്ടുകാരെയും പോലെ ഷെട്ടിയും മരുഭൂമിയിലേക്ക് തന്റെ ഭാഗ്യം അന്വേഷിച്ച് പുറപ്പെടാൻ മനസ്സിനെ പാകപ്പെടുത്തുന്നത്.

ഗൾഫിലെ ആദ്യത്തെ മെഡിക്കൽ റെപ്രസെന്ററ്റീവ് ആയി കുറച്ചു കാലം പ്രവർത്തിച്ച ശേഷം, അദ്ദേഹം തുടങ്ങിയതാണ്  ന്യൂ മെഡിക്കൽ കെയർ ഹെൽത്ത് (NMC) എന്ന ക്ലിനിക്ക്. കൂടുതൽ മികച്ച പരിചരണം ലഭ്യമാകുന്ന, എന്നാൽ അതേസമയം ജനങ്ങൾക്ക് താങ്ങാനാവുന്ന നിരക്കുകൾ ഉള്ള ഒരു സ്വകാര്യ ആരോഗ്യസ്ഥാപനം എന്നതായിരുന്നു ഷെട്ടിയുടെ സങ്കൽപം. ആ സ്ഥാപനത്തിന്റെ വളർച്ച ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. എട്ടു രാജ്യങ്ങളിലെ പന്ത്രണ്ടു നഗരങ്ങളിലായി 45 സ്ഥാപനങ്ങൾ ഇന്ന് NMC -ക്ക് ഉണ്ട്. യുഎഇ, സൗദി അറേബ്യ, ഒമാൻ, സ്‌പെയിൻ, ഇറ്റലി, ഡെന്മാർക്ക്, കൊളംബിയ, ബ്രസീൽ, ഇന്ത്യ എന്നിവിടങ്ങളിൽ NMC ഹെൽത്തിന്റെ ആരോഗ്യ സ്ഥാപനങ്ങളുണ്ട്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പ്രീമിയം സെഗ്മെന്റിൽ ലിസ്റ്റ് ചെയ്യുന്ന ആദ്യത്തെ ജിസിസി കമ്പനിയും അതു തന്നെ ആയിരുന്നു. 

 

 

1980 -ൽ സ്ഥാപിച്ച 'യുഎഇ എക്സ്ചേഞ്ച്'  എന്ന ധനകാര്യ സ്ഥാപനം മലയാളികൾക്കിടയിൽ  ഏറെ ജനപ്രിയമായിരുന്നു. ഗൾഫിലെ യുഎഇ എക്സ്ചേഞ്ചിൽ അവിടത്തെ കറൻസിയിൽ പണമടച്ചാൽ, കേരളത്തിലെ കേന്ദ്രങ്ങളിൽ നിന്ന് രൂപയിൽ പണം ബന്ധുക്കൾക്ക് പിൻവലിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. ആദ്യം ഇന്ത്യയെ ലക്ഷ്യമിട്ട് തുടങ്ങിയ ഈ കമ്പനിയും  2016 ആയപ്പോഴേക്കും 31 രാജ്യങ്ങളിലായി 800 -ലധികം നേരിട്ടുള്ള ഓഫീസുകളോടുകൂടിയ ഒരു ബൃഹദ് സ്ഥാപനമായി മാറിയിട്ടുണ്ടായിരുന്നു. 2014 -ൽ യുഎഇ എക്സ്ചേഞ്ച് നടത്തിയത് 5000 കോടി ഡോളർ മതിപ്പുള്ള എക്സ്ചേഞ്ച് ഇടപാടുകളായിരുന്നു. അക്കൊല്ലം തന്നെയായിരുന്നു ഷെട്ടി ഇരുപത്തേഴു രാജ്യങ്ങളിലായി 1500 -ലധികം എടിഎമ്മുകളുള്ള 'ട്രാവലെക്സ്' (Travelex) എന്ന ഫോറിൻ എക്സ്ചേഞ്ച് സ്ഥാപനത്തെ ഏറ്റെടുക്കുന്നത്. 

 

 

2003 -ൽ ഷെട്ടി 'എൻഎംസി നിയോ ഫാർമ' എന്നപേരിൽ യുഎഇ കേന്ദ്രീകരിച്ച് ഒരു ഫാർമസ്യൂട്ടിക്കൽ നിർമാണ സ്ഥാപനം തുടങ്ങിയപ്പോൾ അത് ഉദ്‌ഘാടനം ചെയ്യാനെത്തിയത് അന്നത്തെ ഇന്ത്യൻ പ്രസിഡന്റായിരുന്ന എപിജെ അബ്ദുൽ കലാം ആയിരുന്നു. മെർക്ക്, ഫൈസർ, ബൂട്ട്സ് യുകെ, ആസ്ട്ര സെനെക തുടങ്ങിയ പല ക്ലയന്റുകളും അന്ന് എൻഎംസി നിയോ ഫാർമയ്ക്ക് ഉണ്ടായിരുന്നു. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ലിസ്റ്റിങ്ങിലൂടെ ഷെട്ടി 2012 -ൽ സമാഹരിച്ചത് 33 കോടി ഡോളറായിരുന്നു. അതുപയോഗിച്ചാണ് ഷെട്ടി അന്ന് അബുദാബിയിലെ ഖലീഫ സിറ്റിക്കടുത്ത് തന്റെ ആശുപത്രി നിർമിച്ചത്. 2016 -ൽ ഷേക്ക് സയ്യിദിന്റെ ഓർമയ്ക്കായി രാജ്യത്തെ ആദ്യത്തെ മെഡിക്കൽ യൂണിവേഴ്സിറ്റി സ്ഥാപിക്കും എന്ന പ്രഖ്യാപനവും ഷെട്ടിയിൽ നിന്നുണ്ടായി. ബിആർഎസ് വെൻച്വേഴ്‌സ് എന്ന ബ്രാൻഡിൽ സ്വന്തം നാടായ ഉഡുപ്പി, അലക്‌സാൻഡ്രിയ, നേപ്പാൾ, കെയ്‌റോ എന്നിവിടങ്ങളിലും ഷെട്ടിക്ക് ആശുപത്രികളുണ്ടായിരുന്നു. 

"ഒരു പ്രശ്നവുമില്ലാത്ത ദിവസങ്ങളെ എനിക്കിഷ്ടമല്ല. എന്തെങ്കിലുമൊക്കെ പ്രതിസന്ധികൾ നേരിട്ട്, അവ പരിഹരിച്ചാൽ മാത്രമേ എനിക്ക് കിടന്നാൽ ഉറക്കം വരൂ"  എന്ന് 2018 -ലെ ഒരു അഭിമുഖത്തിനിടെ ഷെട്ടി പറഞ്ഞത് അന്ന് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.  ആ പറഞ്ഞത് അറംപറ്റിയ പോലെ ആയിപ്പോയി. അന്നത് പറയുമ്പോൾ ഷെട്ടിയുടെ ബിസിനസ് അതിന്റെ പരമകാഷ്ഠയിലായിരുന്നു. വിശേഷിച്ച് പ്രശ്നങ്ങളൊന്നും തന്നെ അദ്ദേഹത്തെ അലട്ടിയിരുന്നില്ല.  ബുർജ് ഖലീഫയിൽ നൂറാമത്തെയും നൂറ്റിനാല്പതാമത്തെയും നിലകൾ അദ്ദേഹത്തിന് സ്വന്തമായിരുന്നു. അതിനുപുറമെ പാം ജുമൈറയിലും, ദുബൈയിലെ വേൾഡ് ട്രേഡ് സെന്ററിലും ഒക്കെ വസ്തുവകകൾ ഉണ്ടായിരുന്നു ഷെട്ടിക്ക്. വാഹനഭ്രമക്കാരനായിരുന്ന ഷെട്ടിക്ക് ഏഴു റോൾസ് റോയ്സും, ഒരു മെയ്ബാക്കും, ഒരു വിന്റേജ് മോറിസ് മൈനറും സ്വന്തമായിരുന്നു. ഇടക്ക് മോഹൻലാലിനെ നായകനാക്കി മഹാഭാരതം നിർമിക്കും എന്ന പ്രഖ്യാപനവും ഷെട്ടി ഗ്രൂപ്പിൽ നിന്നുണ്ടായിരുന്നെങ്കിലും, പിന്നീട് ആ പ്രോജക്റ്റ് സാങ്കേതിക കാരണങ്ങളാൽ മുന്നോട്ടുപോയില്ല. 2013 -ൽ തിരുവനന്തപുരത്തുള്ള ശ്രീ ഉത്രാടം തിരുനാൾ ആശുപത്രിയും ബിആർ ഷെട്ടി ഗ്രൂപ്പ് വിലക്കുവാങ്ങി. 

2018 ലെ ഫോബ്‌സിന്റെ വിലയിരുത്തൽ പ്രകാരം അദ്ദേഹത്തിന്റെ വ്യക്തിപരമായ സമ്പാദ്യം മാത്രം ഏകദേശം 420 കോടി ഡോളർ വരുമായിരുന്നു. കുടിയേറ്റ വ്യാപാരിക്ക് നേടാവുന്നതിന്റെ പരമാവധി നേട്ടങ്ങൾ കൈവരിച്ചതിന്റെ നിർവൃതിയിലാകും അദ്ദേഹം അന്നങ്ങനെ പറഞ്ഞതും. എന്നാൽ, ഇന്ന് അന്നുപറഞ്ഞതുപോലെ തന്നെ ദിവസവും തീർത്താൽ തീരാത്തത്ര ഗുരുതരമായ പ്രശ്നങ്ങളാണ് ഷെട്ടിക്ക് മുന്നിലുള്ളത്. 

 

 

ഷെട്ടിയുടെ സ്ഥാപനത്തിനെതിരെ ആദ്യമായി മുന്നറിയിപ്പുകൾ നൽകിയത് 'മഡി വാട്ടേഴ്‌സ്' എന്നുപേരായ ഒരു അമേരിക്കൻ മാർക്കറ്റ് റിസേർച്ചിങ് സ്ഥാപനമായിരുന്നു. 2019 ഓഗസ്റ്റ് 6 -ന് അവർ "ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു സ്ഥാപനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവിടാൻ പോകുന്നു " എന്ന് പേരുവെളിപ്പെടുത്താത്ത ഒരു ട്വീറ്റ് ഇട്ടതിനു പിന്നാലെ NMC യുടെ സ്റ്റോക്ക് വില ഇടിഞ്ഞു. നാലുമാസങ്ങൾക്കു ശേഷം ഡിസംബർ 16 -ന് NMC ചില സാമ്പത്തിക ക്രമക്കേടുകൾ നടത്തിയിട്ടുണ്ട് എന്നാരോപിച്ചു കൊണ്ടുള്ള വിശദമായ റിപ്പോർട്ട് മഡി വാട്ടേഴ്സ് പുറത്തുവിട്ടപ്പോൾ അത് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിനെ പിടിച്ചു കുലുക്കി. മൂന്നുമാസത്തിനിടെ NMC യുടെ സ്റ്റോക്ക് വില മൂന്നിലൊന്നായി ഇടിഞ്ഞു. 2019 -ൽ തങ്ങൾക്കുണ്ടായിരുന്ന 450 കോടി ഡോളറിന്റെ കടം കമ്പനി ഒളിച്ചുവെച്ചു എന്ന് ഒരു സ്വകാര്യ അന്വേഷണത്തിൽ വെളിപ്പെട്ടു. ഡയറക്ടർ ബോർഡിന്റെ അറിവുകൂടാതെ നടത്തപ്പെട്ട പല ഇടപാടുകളും പിന്നാലെ വെളിച്ചത്തുവന്നു. അതോടെ ഷെട്ടിയുടെ സ്ഥാപനങ്ങളിൽ നിന്ന് ഉയർന്ന സ്ഥാനങ്ങളിലുള്ള പല എക്സിക്യൂട്ടീവുകളും രാജിവെച്ച് ഇറങ്ങിപ്പോകാൻ തുടങ്ങി. ഫെബ്രുവരിയിൽ ഷെട്ടി സ്വയം NMC യുടെ ഡയറക്ടർ ആൻഡ് നോൺ എക്സിക്യൂട്ടീവ് ചെയർമാൻ എന്ന തന്റെ സ്ഥാനം രാജിവെച്ചു. 

 

 

എന്നാൽ, ഷെട്ടിയുടെ രാജികൊണ്ടൊന്നും തീരുന്നതല്ല ആ പ്രശ്നങ്ങൾ. ഇപ്പോൾ അബുദാബിയിൽ സാമ്പത്തിക തട്ടിപ്പിനും വഞ്ചനയ്ക്കും വിചാരണ നേരിടേണ്ടി വന്നിരിക്കുന്നു ബി ആർ ഷെട്ടിക്ക്. അബുദാബി കൊമേഴ്‌സ്യൽ ബാങ്ക് (96.3 കോടി ഡോളർ), ദുബായ് ഇസ്ലാമിക് ബാങ്ക്  (54.1 കോടി ഡോളർ), അബുദാബി ഇസ്ലാമിക് ബാങ്ക് (32.5 കോടി ഡോളർ), സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് (25 കോടി ഡോളർ), ബാർക്ലെയ്‌സ് ബാങ്ക് (14.6 കോടി ഡോളർ) എന്നിങ്ങനെയാണ് ഷെട്ടിക്ക് കൊടുത്തുതീർക്കാനുള്ള ബാധ്യതകൾ. ആകെ എൺപതിലധികം ധനകാര്യ സ്ഥാപനങ്ങൾക്ക് NMC പണം കൊടുക്കാനുണ്ട്. ഇന്ന് മൂക്കറ്റം കടത്തിൽ മുങ്ങി നിൽക്കുകയാണ് ബി ആർ ഷെട്ടി എന്ന എഴുപത്തേഴുകാരനായ പ്രവാസി ഇന്ത്യൻ വ്യവസായി. 

മൂത്ത സഹോദരന്റെ ആരോഗ്യം മോശമായതോടെ ഫെബ്രുവരിയിൽ അദ്ദേഹത്തെ പരിചരിക്കാൻ വേണ്ടി ഇന്ത്യയിലേക്ക് വന്നതാണ് ഷെട്ടി. സഹോദരൻ അടുത്തിടെ മരണപ്പെട്ടിരുന്നു. എല്ലാം അധികം വൈകാതെ ശരിയാകും എന്ന പ്രതീക്ഷ അദ്ദേഹം മാധ്യമങ്ങളോട് പ്രകടിപ്പിച്ചിരുന്നു എങ്കിലും മുന്നോട്ടുള്ള ചിത്രം അത്രക്ക് ശുഭോദർക്കമല്ല. തന്റെ സ്ഥാപനത്തിൽ ഇത്രക്ക് ക്രമക്കേടുകൾ എങ്ങനെ നടന്നു എന്നറിയാൻ വേണ്ടി സ്വകാര്യ ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കുകയാണ് എന്നും ഫലം കിട്ടുന്ന മുറയ്ക്ക് സർക്കാർ ഏജൻസികളുമായി പങ്കുവെക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രവാസികൾക്കിടയിൽ വിജയത്തിന്റെ പ്രതീകമായിരുന്ന ബി ആർ ഷെട്ടി, അറ്റ്‌ലസ് രാമചന്ദ്രനെയും ഗൾഫാർ മുഹമ്മദലിയെയും പോലുള്ള വ്യവസായികളെപ്പോലെ പെട്ടെന്നൊരു ദിവസം കടക്കെണിയിലേക്കും, വഞ്ചനാക്കേസുകളുടെ നൂലാമാലകളിലേക്കും നിലം പതിക്കുമ്പോൾ അത് വല്ലാത്തൊരു ഞെട്ടലാണ് പ്രവാസി ഭാരതീയർക്കിടയിൽ, വിശിഷ്യാ മലയാളികൾക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. 

NMC യെ രക്ഷപ്പെടുത്താനുള്ള അവസാന ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. നിക്ഷേപം നടത്തി സ്ഥാപനത്തെ രക്ഷിച്ചെടുക്കുന്നതിനുള്ള സാദ്ധ്യതകൾ അബുദാബി കേന്ദ്രമായുള്ള മുബാദല ഇൻവെസ്റ്റ്മെന്റ് കമ്പനി പരിശോധിച്ചു വരികയാണ്. താൻ ഒന്നിൽ നിന്നും ഒളിച്ചോടുന്നവനല്ല എന്നും, ഇന്ത്യയിൽ ലോക്ക്ഡൗൺ ആയതുകൊണ്ടുമാത്രമാണ് താനിവിടെ കുടുങ്ങിയിരിക്കുന്നതെന്നും ഷെട്ടി പറഞ്ഞു. ഫ്‌ളൈറ്റുകൾ പുനരാരംഭിച്ചാൽ അടുത്ത വിമാനത്തിന് താൻ തിരികെ അബുദാബിയിലെത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുകയും നിയമനടപടികൾ നേരിടുകയും ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്.

അഞ്ചുപതിറ്റാണ്ടു മുമ്പ്, നാട്ടിലെ കടം വീട്ടാൻ വേണ്ടി, ഹൃദയം നിറയെ പ്രതീക്ഷകളുമായി മണലാരണ്യത്തിലേക്ക് പുറപ്പെട്ടുപോയ ആ പഴയ യുവാവല്ല ഇന്ന് ബി ആർ ഷെട്ടി. അന്ന് ഇരുകൈകളും വിരിച്ച് ഷെട്ടിയെ സ്വീകരിച്ച ഗൾഫ് ഇത്തവണ അദ്ദേഹത്തെ എങ്ങനെ സ്വീകരിക്കുമെന്നും അറിയില്ല. ഏതിനും, ബി ആർ ഷെട്ടി ഗ്രൂപ്പിന് മുകളിൽ വന്നുകൂടിയിരിക്കുന്ന അനിശ്ചിതത്വങ്ങളുടെ കാർമേഘം എത്രയും പെട്ടെന്ന് തന്നെ നീങ്ങുമെന്ന പ്രതീക്ഷയിലാണ് അവരെ ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് മലയാളികൾ.

click me!