'ഇറക്കിവിട്ടു, പണമില്ല, ‍ഞങ്ങളുടെ മക്കളിപ്പോൾ വിശന്നിരിക്കുകയാവും' -ലോക്ക് ഡൗണിൽ പെട്ടുപോയ വീട്ടുജോലിക്കാര്‍

By Web TeamFirst Published Apr 26, 2020, 12:30 PM IST
Highlights

'വീട്ടുജോലിക്കാരെയാണ് ഈ കൊറോണ ബാധ ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. അതിനോടടുത്ത അവസ്ഥയിലാണ് ഞങ്ങളും. ജോലി ചെയ്തില്ലെങ്കില്‍ എനിക്കെന്‍റെ കുടുംബത്തിന് ഭക്ഷണം നല്‍കാനാവില്ല...' ലിഡിയ പറയുന്നു. 

'ഒരു മാസത്തോളമായി ഞാനിവിടെ കുടുങ്ങിയിട്ട്. എന്‍റെ മക്കള്‍ക്ക് അയച്ചുകൊടുക്കാന്‍ എന്‍റെ കയ്യില്‍ പണമില്ല. അവരെ കാണാന്‍ പോകണമെങ്കിലും കയ്യില്‍ പൈസയില്ല. ഞാനെന്താണ് ചെയ്യേണ്ടത്...' യൂജേനിക്ക പറയുന്നു. ലോക്ക് ഡൌണ്‍ ആയതുകാരണം മനിലയില്‍ കുടുങ്ങിയിരിക്കുകയാണ് അവള്‍. തന്‍റെ കുഞ്ഞുങ്ങളെങ്ങനെ ഈ കാലത്തെ അതിജീവിക്കും എന്ന ആവലാതിയാണ് വിശപ്പിനേക്കാൾ അവളെ കീഴടക്കുന്നത്. നഗരത്തില്‍ നിന്നും ഒരുപാടൊരുപാട് ദൂരെ ഒരു ഗ്രാമപ്രദേശത്താണ് അവളുടെ വീട്. അതിനാല്‍ത്തന്നെ ലോക്ക് ഡൌണായതു കാരണം ഇപ്പോള്‍ യൂജേനിക്കയ്ക്ക് അവളുടെ മക്കളുടെ അടുത്തേക്ക് ചെല്ലാനാവില്ല.
 
ഹോംകോംഗില്‍ വീട്ടുജോലിക്കാരിയാണ് യൂജേനിക്ക. ഒന്നര വര്‍ഷമായി, അവിടെ എട്ട് വീടുകളില്‍ അവള്‍ ജോലി ചെയ്യുന്നുണ്ട്. ഈ എട്ട് വീടുകളിലെ ജോലി എന്നാല്‍ ഒട്ടും എളുപ്പമല്ലല്ലോ. എന്നാലും നന്നായിത്തന്നെയാണ് അവള്‍ ജോലി ചെയ്തിരുന്നത്. വീട്ടിലുള്ളവരും അവളെ നന്നായിത്തന്നെയാണ് പരിഗണിച്ചിരുന്നത്. കിട്ടുന്ന പണം നാട്ടിലേക്ക് വീട്ടിലെ പട്ടിണി മാറ്റാൻ അയച്ചുകൊടുക്കും. പക്ഷേ, കൊവിഡ് 19 പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് വരെ മാത്രമായിരുന്നു ഇതെല്ലാം... ഹോംകോംഗില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതോടെ വീട്ടുടമകള്‍ അവളോട് പുറത്ത് പോവാതെ വീട്ടില്‍ തന്നെ നില്‍ക്കാനാവശ്യപ്പെട്ടു. എന്നാല്‍, കുറച്ച് ദിവസം കഴിഞ്ഞതോടെ അവരവള്‍ക്ക് ആവശ്യത്തിന് ഭക്ഷണം പോലും നല്‍കാതായി. അത്യാവശ്യ സാധനങ്ങളെന്തെങ്കിലും വാങ്ങാനായി പുറത്തുപോകാന്‍ അനുവദിക്കണം എന്ന് വിശപ്പ് സഹിക്കാതായപ്പോൾ യുജേനിക്ക അവരോട് യാചിക്കാന്‍ തുടങ്ങി. 

 

എന്നാല്‍, വീട്ടുടമ ചെയ്തതത് അവളെ പിരിച്ചുവിടുകയാണ്. ഇന്ന് അവളുടെ കയ്യില്‍ ആകെയുള്ളത് അവളുടെ വീട്ടിലേക്ക് തിരികെ പോവാനുള്ള വിമാനടിക്കറ്റിന്‍റെ പണം മാത്രമാണ്. സുഹൃത്തുക്കള്‍ അവള്‍ക്ക് ഭക്ഷണവും തല ചായ്ക്കാന്‍ ഒരിടവും നല്‍കിയിട്ടുണ്ട്. ആ വീട്ടില്‍ അവളെ കൂടാതെ ഇതുപോലെ വേറെയും ഒരുപാടു പേരുണ്ട്. അവരെല്ലാം ഇതുപോലെ വീട്ടുജോലിക്കാരോ, ശുചീകരണത്തൊഴിലാളികളോ, പ്രായമായവരോ ഒക്കെയാണ്. അവര്‍ക്ക് വേറെ എവിടെയും ഇപ്പോള്‍ പോകാനിടമില്ല. 

എനിക്കെന്‍റെ കുടുംബത്തിന് ഭക്ഷണം നല്‍കാനാവുന്നില്ല...

'വീട്ടുജോലിക്കാരെയാണ് ഈ കൊറോണ ബാധ ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. അതിനോടടുത്ത അവസ്ഥയിലാണ് ഞങ്ങളും. ജോലി ചെയ്തില്ലെങ്കില്‍ എനിക്കെന്‍റെ കുടുംബത്തിന് ഭക്ഷണം നല്‍കാനാവില്ല...' ലിഡിയ പറയുന്നു. പ്രായമായവരെയും ഭിന്നശേഷിക്കാരെയും മറ്റും പരിചരിക്കുന്ന നേഴ്സിങ് അസിസ്റ്റന്‍റാണ് ലിഡിയ. ബോസ്റ്റണിലാണ് അവള്‍ ജോലി ചെയ്യുന്നത്. ഉഗാണ്ടയാണ് സ്വദേശം. 14 വര്‍ഷം മുമ്പാണ് ലിഡിയ ഉഗാണ്ട വിട്ടത്. എന്നാല്‍, യുജേനിക്കയെ പോലെയല്ല, ലിഡിയയുടെ കൂടെത്തന്നെയാണ് അവളുടെ മൂന്നു മക്കളുമുള്ളത്. അത് ലിഡിയക്ക് ആശ്വാസമാണ്. 

 

യുജേനിക്കയുടെയും ലിഡിയയുടെയും ജീവിതം ദുരിതത്തിലാവാന്‍ കാരണം, ഈ ലോക്ക് ഡൌണ്‍ കാലത്ത് അവരുടെ തൊഴിലുടമകള്‍ അവര്‍ക്ക് പണമൊന്നും നല്‍കിയിരുന്നില്ലായെന്നതാണ്. പെട്ടന്നൊരു ദിവസം നാളെ മുതല്‍ ജോലിക്ക് വരണ്ട എന്നും പറഞ്ഞുകളഞ്ഞു. തന്നോട് അവര്‍ കാണിച്ചത് കൊടും ക്രൂരതയാണെന്ന് ലിഡിയ പറയുന്നു. താന്‍ ഒരു സിക്ക് ലീവ് പോലും ജോലി ചെയ്യുന്ന സമയത്ത് എടുത്തിട്ടില്ലായെന്നും ലിഡിയ പറയുന്നുണ്ട്. രാജ്യത്തെ പ്രായമായവരെയും വയ്യാത്തവരെയും ശുശ്രൂഷിക്കുന്ന തങ്ങളെ പോലുള്ളവര്‍ക്കായി ഈ ലോക്ക് ഡൌണ്‍ കാലത്ത് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലായെന്നും ലിഡിയ ആരോപിക്കുന്നു. 

എന്നാല്‍, ചില രാജ്യങ്ങളിലെല്ലാം വീട്ടുടമകള്‍ തങ്ങളുടെ ജോലിക്കാര്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നുണ്ട്. ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനില്‍ നിന്നുള്ള ക്ലെയര്‍ ഹോബ്ഡെന്‍ പറയുന്നത് മിക്കവരും വീട്ടുജോലിക്കാരായി രജിസ്റ്റര്‍ ചെയ്തിട്ടില്ല, അങ്ങനെയുള്ളവർക്ക് സഹായം പലപ്പോഴും കിട്ടാതെ വരുന്നു എന്നതാണ്. 

യുകെയിലെ എസ്സെക്സിലുള്ള മിഖേല നാല് കുട്ടികളുടെ അമ്മയാണ്. ഫിലിപ്പിന്‍സില്‍ നിന്നുള്ള മിഖേല ഒരുപാട് പീഡനങ്ങള്‍ അവളുടെ മുന്‍ വീട്ടുടമകളില്‍ നിന്നും സഹിച്ചശേഷം രണ്ട് വര്‍ഷം മുമ്പാണ് ജീവിതം ഒന്നു മെച്ചപ്പെട്ടു വന്നത്. സൗദി അറേബ്യയില്‍ നിന്നും അവളുടെ അനുവാദമില്ലാതെയാണ് അവളെ യുകെയിലേക്ക് കടത്തിക്കൊണ്ടു വന്നത്. ഉണ്ണാനോ ഉറങ്ങാനോ പോലും വിടാത്ത വണ്ണം 24 മണിക്കൂറും ജോലി ചെയ്യിപ്പിക്കും. ഒരുവിധത്തിലാണ് ആ വീട്ടില്‍ നിന്നും അവള്‍ രക്ഷപ്പെട്ടത്. പിന്നീടവള്‍ വോയ്സ് ഓഫ് ഡൊമസ്റ്റിക് വര്‍ക്കേഴ്സ് എന്‍ജിഒ -യുടെ സഹായത്തോടെ അവിടെത്തന്നെ ജോലി ചെയ്യാനുള്ള നിയമപരമായ അനുവാദം നേടിയെടുത്തു. മൂന്നുവീടുകള്‍ക്കായാണ് അവളിപ്പോള്‍ ജോലി ചെയ്യുന്നത്. ജീവിതം മെല്ലെ പച്ചപിടിച്ചുവരികയായിരുന്നു. എന്നാല്‍ ലോക്ക് ഡൌണിനെ തുടര്‍ന്ന് വീട്ടുടമകള്‍ ജോലിക്ക് വരേണ്ടതില്ല എന്ന് പറഞ്ഞതോടെ വീണ്ടും പട്ടിണിയായി. 

2014 -ലാണ് മിഖേല അവസാനമായി മക്കളെ കണ്ടത്. അവര്‍ക്കും തനിക്കും ജീവിക്കാനുള്ളത് ഉണ്ടാക്കാനായി കഷ്ടപ്പെടുകയായിരുന്നു അവള്‍. ' എന്‍റെ വീട്ടിലെ ഒരേയൊരു വരുമാനമാര്‍ഗ്ഗം ഞാനാണ്. എനിക്കിപ്പോള്‍ പണിയില്ല, കയ്യില്‍ പൈസയില്ല, അവരിപ്പോള്‍ വീട്ടില്‍ വിശന്നിരിക്കുകയാവും' എന്ന് മിഖേല പറയുന്നു. 

ഇവരെപ്പോലെ വികസിത രാജ്യങ്ങളിലടക്കം എത്രയോ പേരാണ്, കുടുംബത്തിന്‍റെ ഏക അത്താണികളാണ് കോവിഡിനെ തുടര്‍ന്ന് ദുരിതം പേറുന്നത്. 

click me!