ദൈവത്തിന് മാത്രമല്ല ജനങ്ങള്‍ക്കും തന്നെ മാറ്റാന്‍ കഴിയും, ബ്രസീലിലെ 'ട്രംപ്' ഒടുവില്‍ സമ്മതിച്ചു!

By P R VandanaFirst Published Nov 2, 2022, 5:01 PM IST
Highlights

തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ തന്റെ അനുകൂലികള്‍ ബ്രസീലില്‍ വ്യാപകമായി നടത്തിയ റോഡ് ഉപരോധം ഉള്‍പ്പടെയുള്ള പ്രതിഷേധപരിപാടികള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ അനീതിക്ക് എതിരെ ഉയര്‍ന്ന ശബ്ദമാണെന്നാണ് ബോല്‍സെണാറോയുടെ ന്യായം പറച്ചില്‍. രാ

അവസാനം അതു സംഭവിച്ചു. ബ്രസീല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 44 മണിക്കൂറുകള്‍ക്ക് ശേഷം  നിലവിലെ പ്രസിഡന്റ് ബോല്‍സെണാറോ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തി. തനിക്ക് വോട്ട് ചെയ്ത വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുു. ഭരണഘടന അനുശാസിക്കുന്ന കര്‍ത്തവ്യങ്ങള്‍ പരിപാലിക്കുമെന്നും പറഞ്ഞു. താന്‍ തോറ്റുപോയി എന്ന് ബോല്‍സെണാറോ പറഞ്ഞില്ല. പക്ഷേ ഫലം ചോദ്യം ചെയ്തതല്ല. അതിലാണ് രാഷ്ട്രീയനിരീക്ഷകരും ലോകം തന്നെയും ആശ്വാസം കണ്ടെത്തിയത്.  കാരണം തെരഞ്ഞെടുപ്പ് പ്രക്രിയയിലും വോട്ടിങ്ങ് യന്ത്രങ്ങളിലും അവിശ്വാസം രേഖപ്പെടുത്തിയ ചരിത്രമുള്ള ബോല്‍സെണാറോ ഫലം അംഗീകരിക്കില്ലെന്ന നിലപാട് സ്വീകരിക്കുമോ എന്ന് വ്യാപകമായ ആശങ്കയുണ്ടായിരുന്നു. 

 

 

ഫലം ചോദ്യം ചെയ്തില്ലെന്ന് മാത്രവുമല്ല ബോല്‍സെണാറോ മാധ്യമങ്ങളെ കണ്ടതിന് പിന്നാലെ ബോല്‍സെണാറോയുടെ ടീമിലെ മുഖ്യന്‍ (ചീഫ് ഓഫ് സ്റ്റാഫ് സിറോ നോഗ്വെയ്‌റ) അധികാരക്കൈമാറ്റത്തിനുള്ള നടപടികള്‍ ഉടനെ തുടങ്ങുമെന്ന് അറിയിക്കുകയും ചെയ്തു.  
സാമൂഹിക മാധ്യമങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ചിരുന്ന ബോല്‍സെണാറോ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഒന്നും മിണ്ടിയിരുന്നില്ല. ഒപ്പം നില്‍ക്കുന്നവര്‍ പോലും ജനവിധി അംഗീകരിക്കണമെന്ന സന്ദേശം വ്യക്തമാക്കിയതിന് പിന്നാലെയാണ് ബോല്‍സെണാറോ മാധ്യമങ്ങളെ കണ്ടത്. (ബോല്‍സെണാറോ അനുകൂലികളായ സെനറ്റ് പ്രസിഡന്റും ചേംബര്‍ ഓഫ് ഡെപ്യൂട്ടീസ് പ്രസിഡന്റും ലുലയുടെ വിജയം അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു.)  തോല്‍വി അംഗീകരിച്ചുള്ള പ്രസ്താവന നടത്താതിരുന്ന ബോല്‍സെണാറോ അനുയായികളെ അഭിസംബോധന ചെയ്യുന്ന മട്ടിലാണ് സംസാരിച്ചത്. നമ്മുടെ സ്വപ്നങ്ങള്‍ ഇപ്പോഴും എപ്പോഴും സജീവമായിരിക്കും എന്നായിരുന്നു ആഹ്വാനം. ദൈവം, പിതൃരാജ്യം, കുടുംബം, സ്വാതന്ത്ര്യം (God, fatherland, family,freedom) എന്നീ മൂല്യങ്ങളായിരിക്കും തുടര്‍ന്നും നയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു   

 

.................................

Also Read: ഏഴുനിലയില്‍ പൊട്ടി ബ്രസീലിലെ 'ട്രംപ്', ഇടതുപക്ഷത്തിന്റെ കരുത്തില്‍ താരമായി ലുല!
.................................

 

തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ തന്റെ അനുകൂലികള്‍ ബ്രസീലില്‍ വ്യാപകമായി നടത്തിയ റോഡ് ഉപരോധം ഉള്‍പ്പടെയുള്ള പ്രതിഷേധപരിപാടികള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ അനീതിക്ക് എതിരെ ഉയര്‍ന്ന ശബ്ദമാണെന്നാണ് ബോല്‍സെണാറോയുടെ ന്യായം പറച്ചില്‍. രാജ്യസുരക്ഷക്ക് ഭീഷണിയെന്ന് വിലയിരുത്തി സുപ്രീംകോടതി നേരിട്ട് നിര്‍ദേശിച്ചിട്ടും  ബോല്‍സെണാറോ അനുകൂലികളെ ഒഴിപ്പിക്കുക എളുപ്പമായിരുന്നില്ല. 

ദൈവത്തിന് മാത്രമേ തന്നെ മാറ്റാന്‍ കഴിയൂ എന്നാണ് ബോല്‍സെണാറോ മുമ്പ് പറഞ്ഞിരുന്നത്. ലാറ്റിനമേരിക്കയിലെ ഡോണള്‍ഡ് ട്രംപ് ആയ ബോല്‍സെണാറോ തെരഞ്ഞെടുപ്പ് ഫലം എതിരായാല്‍ എന്താകും ചെയ്യുക എന്ന് ആഗോളതലത്തില്‍ തന്നെ ആശങ്ക ഉണ്ടായിരുന്നു. രണ്ടാംഘട്ട വോട്ടെടുപ്പില്‍ ബോല്‍സെണാറോക്ക് 49.1 ശതമാനം വോട്ടേ കിട്ടിയുള്ളു. മുന്‍ പ്രസിഡന്റ് ലുല ഡി സില്‍വ 50.9ശതമാനം വോട്ടുനേടിയാണ് മൂന്നാം തവണത്തെ അധികാരം ഉറപ്പിച്ചത്. 

 

............................

Also Read :  'അവര്‍ എന്നെ ജീവനോടെ കുഴിച്ചു മൂടാന്‍ നോക്കി, ഞാനിതാ ഇപ്പോള്‍ വീണ്ടും ബ്രസീല്‍ പ്രസിഡന്റ് '
............................

 

ലുലയെ അഭിനന്ദിക്കാതിരുന്ന, താന്‍ തോറ്റു പോയെന്ന് സമ്മതിക്കാതിരുന്ന ബോല്‍സെണാറോ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നത് ഇരവാദമാണ് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുതുന്നു. നിയമനിര്‍മാണ സഭകളില്‍ തന്റെ പാര്‍ട്ടിക്കുള്ള മുന്‍തൂക്കം ബോല്‍സെണാറോ രാഷ്ട്രീയമായി നന്നായി ഉപയോഗിക്കുമെന്നും അതുകൊണ്ട് തന്നെ ലുലക്ക് മുന്നോട്ട് പോകാന്‍ തടസ്സങ്ങള്‍ ഉണ്ടാക്കുമെന്നും നിരീക്ഷകര്‍ പറയുന്നു. 

രാജ്യത്തിന്റെ മോശം സാമ്പത്തിക സാമൂഹ്യ സാഹചര്യം നന്നാക്കല്‍ ആണ് ലുലക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. തീവ്രവലതുനിലപാടുമായി നയിച്ച മുന്‍ഗാമിയില്‍ നിന്ന് നയത്തിലും നിലപാടിലും വ്യത്യസ്തപാത സ്വീകരിച്ചിട്ടുള്ള ലുല രാഷ്ട്രീയകുശലത കൂടി ഉപയോഗപ്പെടുത്തിയുള്ള പദ്ധതികളുമായിട്ടാവും ഇനി ബ്രസീലിനെ കൈപിടിച്ച് നയിക്കുക എന്നാണ് കരുതുന്നത്. 
 

click me!