Asianet News MalayalamAsianet News Malayalam

'അവര്‍ എന്നെ ജീവനോടെ കുഴിച്ചു മൂടാന്‍ നോക്കി, ഞാനിതാ ഇപ്പോള്‍ വീണ്ടും ബ്രസീല്‍ പ്രസിഡന്റ് '

പട്ടിണിയില്‍ ജനിച്ച് വളര്‍ന്ന്, ഫാക്ടറി തൊഴിലാളിയായി പണിയെടുത്ത്, തൊഴിലാളികളുടെ ശബ്ദമായി തുടങ്ങി  സൈനിക സ്വേഛാധിപത്യ ഭരണത്തിന് എതിരായ പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് നേതാവായി  പിന്നെ രാഷ്ട്രത്തലവനായി വളര്‍ന്നയാളാണ് ലുല. 

Profile Lula De Silva new president of Brazil
Author
First Published Oct 31, 2022, 4:49 PM IST

'ലോകമേ കാണുക. ബ്രസീല്‍  തിരിച്ചെത്തിയിരിക്കുന്നു.   ഇന്നാടിന് മാത്രമല്ല ലോകത്തിന് തന്നെ ശ്വസിക്കാന്‍ ആമസോണ്‍ വേണമെന്ന് ഞങ്ങള്‍ക്ക് അറിയാം. ഞങ്ങള്‍ അത് കരുതും. ഇനി പരസ്പരം തല്ലിത്തീര്‍ക്കാന്‍ ഞങ്ങളില്ല. വേണ്ടത് സമാധാനവും ഐക്യവും ആണ്. സാമ്പത്തിക വളര്‍ച്ചയുടെ ചക്രം നേരെയാക്കേണ്ടതുണ്ട്....' ലുല പറഞ്ഞ വാക്കുകള്‍, അധികാരമേറ്റെടുക്കുന്ന ജനുവരി ഒന്നുമുതല്‍ ലുലക്ക് വഴികാട്ടിയാവുക ഈ സ്വയം പ്രഖ്യാപനമാണ്.  

Profile Lula De Silva new president of Brazil

'അവര്‍ എന്നെ ജീവനോടെ കുഴിച്ചു മൂടാന്‍ നോക്കി. ഇപ്പോള്‍ ഞാനിതാ നിങ്ങളുടെ മുന്നില്‍ വിജയവുമായി നില്‍ക്കുന്നു.'

മൂന്നാം തവണ ബ്രസീലിനെ നയിക്കാന്‍ നിയുക്തനായി തെരഞ്ഞെടുക്കപ്പെട്ട വേളയില്‍ തനിക്കായി ആര്‍പ്പുവിളിക്കുന്ന അനുകൂലികളെ നോക്കി ലുല ഡി സില്‍വയുടെ ആദ്യ പ്രതികരണം അതായിരുന്നു. ലുലയുടെ രാഷ്ട്രീയ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കലാശക്കൊട്ടാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയം. 
77 കാരനായ ലുല മുമ്പ് രണ്ട് വട്ടം ബ്രസീലിന്റെ പ്രസിഡന്റായിരുന്നു. (2003 മുതല്‍ 2006 വരെയും 2007 മുതല്‍ 2011 വരെയും). അക്കാലത്തെ വിവിധ സാമൂഹിക ക്ഷേമപരിപാടികളും വിവിധ പദ്ധതികളും രാജ്യത്തെ ലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍ കൈ പിടിച്ചുയര്‍ത്തി.  ജനപ്രീതിയുടെ സൂചകങ്ങളില്‍ എല്ലാം ലുല മുന്നില്‍ തന്നെ നിന്നു. 

പക്ഷെ ഓപ്പറേഷന്‍ കാര്‍ വാഷ് എന്ന പേരില്‍ അറിയപ്പെടുന്ന അഴിമതി വിരുദ്ധ അന്വേഷണം ലുലയുടെ തിളക്കമാര്‍ന്ന രാഷ്ട്രീയ ഭരണ സാരഥ്യത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തി. 2017-ല്‍ അഴിമതി, പണം വക മാറ്റി ചെലവഴിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ലുലക്ക് മേല്‍ ചാര്‍ത്തപ്പെട്ടു. പൊതുമേഖലാ വ്യവസായ മേഖലയിലെ കരാറുകള്‍ ശരിയാക്കാന്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് കോഴപ്പണം കൈപ്പറ്റി എന്നായിരുന്നു പ്രധാന ആരോപണം. അഴിമതിക്കേസില്‍  580 ദിവസം ലുല ജയിലില്‍ കഴിഞ്ഞു. 2018-ലെ തെരഞ്ഞെടുപ്പ് കാലത്ത് ലുല കളങ്കിതനായി രാഷ്ട്രീയ രംഗത്ത് നിന്ന് മാറി നില്‍ക്കുകയായിരുന്നു. അദ്ദേഹത്തിന് മത്സരിക്കാന്‍ കഴിയുമായിരുന്നില്ല. കഴിഞ്ഞ കൊല്ലം മാര്‍ച്ചിലാണ് അദ്ദേഹത്തെ മേല്‍ക്കോടതി കുറ്റവിമുക്തനാക്കിയതും ചെറുതല്ലാത്ത ഇടവേളക്ക് ശേഷം ലുല വീണ്ടും രാഷ്ട്രീയത്തില്‍ സജീവമായതും. 

Profile Lula De Silva new president of Brazil

അഴിമതി വിരുദ്ധമുദ്രാവാക്യം ഉയര്‍ത്തിയാണ് കണ്‍സര്‍വേറ്റീവ് ലിബറല്‍ പാര്‍ട്ടി നേതാവായി ബോല്‍സൊണാറോ 2018-ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. കണ്ണടച്ചു വിശ്വസിച്ച നേതാവായ ലുലയുടെ പതനത്തില്‍ നൊമ്പരപ്പെട്ട ബ്രസീല്‍ ജനതയുടെ വിശ്വാസമാര്‍ജിച്ച് ആ തെരഞ്ഞെടുപ്പില്‍ ബോല്‍സൊണാറോ വിജയിച്ചു. തികച്ചും പാരമ്പര്യ വാദിയായ ബോല്‍സൊണാറോയെ പിന്തുണച്ചവരില്‍ ഏറ്റവും മുന്നിലുണ്ടായിരുന്നത് ഇവാഞ്ചലിക്കല്‍ നേതാക്കളായിരുന്നു. അതേ തീവ്രനിലപാടുകളും പാരമ്പര്യ വാദവും ആവര്‍ത്തിച്ചാണ് രണ്ടാംവട്ടവും  ബോല്‍സൊണാറോ ജനപിന്തുണ തേടിയത്. 

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോറ്റു പോയെങ്കിലും ബോല്‍സൊണാറോ അനുകൂലികളാണ് കോണ്‍ഗ്രസില്‍ കൂടുതല്‍ ഉള്ളത് എന്നത് ലുലക്ക് വെല്ലുവിളിയാണ്. നിയമങ്ങള്‍ക്കും പദ്ധതികള്‍ക്കും കോണ്‍ഗ്രസ് അംഗീകാരം നേടിയെടുക്കുക അത്ര എളുപ്പമാകില്ല എന്നതു തന്നെ കാരണം. പക്ഷേ ലുല ഇക്കുറി തന്റെ രാഷ്ട്രീയ കുശലത മുഴുവന്‍ പുറത്തെടുക്കാന്‍ ഉറച്ചു തന്നെയാണ്. 

മുമ്പ് തനിക്ക് എതിരെ മത്സരിച്ചിട്ടുള്ള , രാഷ്ട്രീയ പ്രതിയോഗിയായിട്ടുള്ള ജെറാള്‍ഡോ അല്‍ക്ക്മിന്‍ ആണ് ലുല തെരഞ്ഞെടുത്തിട്ടുള്ള വൈസ് പ്രസിഡന്റ്.  രാജ്യത്തിന് വേണ്ടി ഐക്യത്തോടെ മുന്നോട്ട് എന്ന ഈ പ്രഖ്യാപനത്തിന്റെ പ്രായോഗികത ജനത്തിന് ബോധിച്ചെന്ന് വേണം മനസ്സിലാക്കാന്‍. അതു കൊണ്ട് തന്നെ മൂന്നാമതും രാജ്യത്തെ നയിക്കാന്‍ അവസരം കിട്ടിയ ലുലക്ക് മുന്നിലുള്ളത് വലിയ വെല്ലുവിളികളാണ്. തളര്‍ന്ന് കിടക്കുന്ന സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തണം, ക്ഷേമ പരിപാടികളിലൂടെ കൂടുതല്‍ ഊര്‍ജം ജനങ്ങള്‍ക്ക് നല്‍കണം,  പാരമ്പര്യ വിശ്വാസ പ്രമാണങ്ങളുടെ തീവ്രത കാരണം ജനങ്ങള്‍ത്തിടയില്‍ രൂപപ്പെട്ടിരിക്കുന്ന വിശ്വാസത്തകര്‍ച്ച പരിഹരിക്കണം അങ്ങനെ അങ്ങനെ.   

Profile Lula De Silva new president of Brazil
 
'ലോകമേ കാണുക. ബ്രസീല്‍  തിരിച്ചെത്തിയിരിക്കുന്നു.   ഇന്നാടിന് മാത്രമല്ല ലോകത്തിന് തന്നെ ശ്വസിക്കാന്‍ ആമസോണ്‍ വേണമെന്ന് ഞങ്ങള്‍ക്ക് അറിയാം. ഞങ്ങള്‍ അത് കരുതും. ഇനി പരസ്പരം തല്ലിത്തീര്‍ക്കാന്‍ ഞങ്ങളില്ല. വേണ്ടത് സമാധാനവും ഐക്യവും ആണ്. സാമ്പത്തിക വളര്‍ച്ചയുടെ ചക്രം നേരെയാക്കേണ്ടതുണ്ട്....' ലുല പറഞ്ഞ വാക്കുകള്‍, അധികാരമേറ്റെടുക്കുന്ന ജനുവരി ഒന്നുമുതല്‍ ലുലക്ക് വഴികാട്ടിയാവുക ഈ സ്വയം പ്രഖ്യാപനമാണ്.  

പട്ടിണിയില്‍ ജനിച്ച് വളര്‍ന്ന്, ഫാക്ടറി തൊഴിലാളിയായി പണിയെടുത്ത്, തൊഴിലാളികളുടെ ശബ്ദമായി തുടങ്ങി  സൈനിക സ്വേഛാധിപത്യ ഭരണത്തിന് എതിരായ പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് നേതാവായി  പിന്നെ രാഷ്ട്രത്തലവനായി വളര്‍ന്നയാളാണ് ലുല. 

നാടിന്റെ ക്ഷേമവികസന മുന്നേറ്റത്തില്‍ നിര്‍ണായക പങ്ക് വഹിച്ച നേതാവ്. ബ്രസീലിന്റെ പ്രതീക്ഷകള്‍ ലോകനേതാക്കളും സന്തോഷത്തോടെ ഏറ്റെടുക്കുന്നത് വെറുതെയല്ല.

Follow Us:
Download App:
  • android
  • ios