
മണിക്കൂറുകൾക്ക് മുമ്പ് വരെയും അപരിചിതരായിരുന്ന ഒരു കൂട്ടം സ്ത്രീകൾ, വാക്കുകളേക്കാൾ ആഴമേറിയ ഒരു ബന്ധത്തിലേക്ക് അവർ ഒന്നിച്ചു. സ്വതന്ത്രമായി ശ്വസിക്കാനും മറയില്ലാതെ സംസാരിക്കാനും, വിവാഹമോചനത്തിന് ശേഷവും ജീവിതം മനോഹരമാക്കാമെന്ന് സ്വയം ഓർമ്മിപ്പിക്കാനും, പ്രഖ്യാപിക്കാനും പരസ്പരം പ്രചോദനമാകാനുമാണ് അവർ ഒത്തുകൂടിയത്. 'ബ്രേക്ക് ഫ്രീ സ്റ്റോറീസ്' എന്ന പേരിലെ ഒരു അതുല്യമായ സംരംഭം. വിവാഹ മോചിതരായ സ്ത്രീകൾക്ക് പ്രത്യാശയുടെ പൊൻകിരണം നൽകുകയാണ് 30 വയസുകാരി റഫിയ ആഫിയുടെ മനസിൽ ഉടലെടുത്ത 'ബ്രേക്ക് ഫ്രീ സ്റ്റോറീസ്'. സ്വന്തം വിവാഹമോചനത്തിന്‍റെ വേദനയെ പ്രത്യാശയുടെ വേദിയാക്കി മാറ്റിയ റഫിയ, തുറന്നിട്ടത് ആ വേദന അനുഭവിക്കുന്നവർക്ക് ആശ്വാസത്തോടെ ശ്വസിക്കാനും ചിരിക്കാനുമുള്ള വാതിലുകൾ കൂടിയാണ്.
പല മാതാപിതാക്കളും സാമൂഹികാവസ്ഥയും ഇപ്പോഴും വിവാഹമോചനത്തെ വ്യക്തിപരമായ പരാജയമായാണ് കാണുന്നത്. വിവാഹ മോചിതരെയെല്ലാം പരാജയപ്പെട്ടുപോയവരെന്ന് വിലയിരുത്തുന്നതിനപ്പുറത്തേക്ക് നമ്മുടെ 'പുരോഗമന' സമൂഹത്തിന്‍റെ ചിന്താശേഷി വളർന്നോ എന്ന ചോദ്യം ബാക്കിയാണ്. വിവാഹ മോചനം നേടുന്നവർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം അത്രമേൽ വർധിപ്പിക്കുന്നതിന്‍റെ കാരണവും മറ്റൊന്നല്ല. പങ്കാളിയിൽ നിന്നുള്ള 'മോചനം' ലഭിക്കുമ്പോൾ, സമൂഹത്തിന്‍റെ 'പരാജയപ്പെട്ടവർ' എന്ന വേട്ടയാടൽ എന്ന അധ്യായമാണ് ശേഷം തുറക്കപെടുക. അതുകൊണ്ടുതന്നെ ഓരോ ദിവസവും കടുത്ത മാനസിക സമ്മർദ്ദത്തിലാകും പിന്നീടുള്ള അവരുടെ ജീവിതം. സമൂഹത്തിന്‍റെ ഈ മാനസികാവസ്ഥയെ കൂടിയാണ് 'ബ്രേക്ക് ഫ്രീ സ്റ്റോറീസി'ലൂടെ റഫിയയും, റഫിയയുടെ ക്യാംപുകളിലെത്തുന്നവരും ചോദ്യം ചെയ്യുന്നത്. വിവാഹ മോചിതരായ സ്ത്രീകൾക്ക് ഒത്തുകൂടാനും അനുഭവങ്ങൾ പങ്കുവയ്ക്കാനും, വിവാഹ മോചനത്തിന് ശേഷവും സുന്ദരമായൊരു ലോകമുണ്ടെന്ന് കാട്ടിക്കൊടുക്കുകയുമാണ് 'ബ്രേക്ക് ഫ്രീ സ്റ്റോറീസ്'. വിവാഹ മോചിതയായ റഫിയ ആഫിയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഈ കൂട്ടായ്മക്ക് തുടക്കമിട്ടത്. കോഴിക്കോടും കൊച്ചിയും കടന്ന് തിരുവനന്തപുരം വരെ നൂറിലധികം സ്ത്രീകൾ പുതിയ പുതിയ ഒത്തുചേരലുകൾക്കായി റഫിയയുമായി ആലോചനയിലാണ്.
'ബ്രേക്ക് ഫ്രീ സ്റ്റോറീസ്'- റഫിയ ആഫിക്ക് സ്വപ്നങ്ങൾ ഏറെ
"എന്റെ ദുഃഖത്തിൽ ഞാൻ ഒറ്റയ്ക്കാണെന്ന് കരുതി, പക്ഷേ സോഷ്യൽ മീഡിയയിൽ എന്‍റെ അനുഭവവും വിവാഹ മോചന ശേഷമുള്ള മാനസികാവസ്ഥയും പങ്കുവെച്ചപ്പോൾ, നൂറുകണക്കിന് സ്ത്രീകളാണ് നിശബ്ദമായി ഇതേ വേദന അനുഭവിക്കുതെന്ന് എനിക്ക് ബോധ്യപ്പെട്ടു. അവിടെ നിന്നാണ് 'ബ്രേക്ക് ഫ്രീ സ്റ്റോറീസ്' ക്യാംപിന്റെ വിത്ത് മുളച്ചത്" - റഫിയ ആഫി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് ആ കഥ വിവരിച്ച് തുടങ്ങിയത് ഇങ്ങനെയായിരുന്നു. നിയമ സഹായത്തിനും വൈകാരിക പിന്തുണയ്ക്കുമായി തുടങ്ങിയ ഒരു ചെറിയ വാട്സ്ആപ്പ് ഗ്രൂപ്പാണ് ഇന്ന് ഒരു വലിയ മുവ്മെന്‍റായി വളർന്നിരിക്കുന്നത്. ഈ ഒരു അവസ്ഥയിലൂടെ കടന്ന് പോയപ്പോൾ താൻ അനുഭവിച്ച മാനസികാവസ്ഥയടക്കമുള്ള കാര്യങ്ങളാണ് ഇത്തരം ഒരു പുതിയ വഴി തുറന്നെടുക്കാനുള്ള കാരണമെന്ന് റഫിയ വിവരിച്ചു. വിവാഹ മോചന സമയത്തും ശേഷവും കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയുമൊക്കെ നല്ല നിലയിലുള്ള പിന്തുണ എനിക്ക് ഉണ്ടായിരുന്നു. എന്നിട്ടും ആ സമയത്തെ അതിജീവിക്കൽ എത്ര എളുപ്പമായിരുന്നില്ല. മാനസികമായി നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ആരൊക്കെ സപ്പോർട്ട് ചെയ്താലും അതൊരു പ്രയാസമുള്ള സമയം തന്നെയായിരുന്നു. പിന്നെ ഞാൻ ആ ഘട്ടം കടന്നുപോയി. ആ സമയത്ത് ഇൻസ്റ്റഗ്രാമിൽ ഇതുമായി ബന്ധപ്പെട്ട റീലുകളൊക്കെ ചെയ്യാറുണ്ടായിരുന്നു. അങ്ങനെ ചെയ്തു തുടങ്ങിയപ്പോഴാണ് ഒരുപാട് പേര് അതുമായി റിലേറ്റ് ചെയ്യാനും അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനും തുടങ്ങിയത്. ഞാൻ കടന്നുപോയ അനുഭവങ്ങളെക്കാൾ കടുത്ത പ്രശ്നങ്ങൾ നേരിടുന്നവരെ പരിചയപ്പെട്ടു. ഫാമിലിയുടേയും സുഹൃത്തുക്കളുടെയും സപ്പോർട്ട് ഒന്നും ഇല്ലാതെ വിവാഹമോചനം നടത്തേണ്ടിവന്നവരുടെ അവസ്ഥ അതിഭീകരമായിരുന്നു. അപ്പോഴാണ് അങ്ങനെയുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയത്. കാരണം ഇവിടെ അത്തരം മനുഷ്യർ ആത്മഹത്യ ചെയ്യുമ്പോഴോ മറ്റോ ആണ് ആളുകൾ ഇവർക്ക് വേണ്ടി എന്തെങ്കിലുമൊക്കെ പറയാറുള്ളു. ഡിവോഴ്സ് ആയവർക്ക് വേണ്ടി ഇവിടെ കാര്യമായ ഒന്നും ഇല്ല എന്ന് എനിക്ക് മനസിലായി. ആ തിരിച്ചറിവിൽ നിന്നാണ് ഞാൻ ഇത്തരമൊരു മൂവ്മെന്‍റിന് വേണ്ടി പരിശ്രമം തുടങ്ങിയത്.
വിവാഹ മോചനത്തിന്‍റെ മാനസികവും സാമൂഹികവുമായ സമ്മർദ്ദങ്ങൾ പേറുന്ന സ്ത്രീകൾക്ക് ആശ്വാമേകാനായുള്ള യാത്രകളും ക്യാംപുകളുമാണ് 'ബ്രേക്ക് ഫ്രീ സ്റ്റോറീസ്'. അത്തരം മനുഷ്യർക്ക് വേണ്ടി യാത്രകളാണ് ഇപ്പോൾ കൂടുതലായും സംഘടിപ്പിക്കുന്നത്. വിവാഹ മോചന ശേഷം ഒരേ സാഹചര്യത്തിൽ ഇങ്ങനെ നിൽക്കുമ്പോൾ വലിയ മാനസിക സംഘർഷമാകും ഓരോരുത്തരും നേരിടേണ്ടിവരുന്നത്. അവിടുന്ന് സിറ്റുവേഷൻ ജസ്റ്റ് ഒന്ന് മാറിയാൽ തന്നെ വലിയ ആശ്വാസമാകും കിട്ടുക. യാത്രകളും പുതിയ സൗഹൃദങ്ങളും ഇത്തരം മനുഷ്യർക്ക് വലിയ സന്തോഷവും മാറ്റവുമാണ് പ്രദാനം ചെയ്യുന്നത്. രണ്ട് പകലും ഒരു രാത്രിയും നീളുന്ന യാത്രയും ക്യാംപും വലിയ മാറ്റമാണ് ഇത്തരക്കാർക്ക് സമ്മാനിക്കുന്നത്. രാത്രി സ്റ്റേ ഉണ്ടാകും. അവിടെ വിവിധ സെഷൻസ്, ഗെയിംസ്, ചെറിയ ട്രെക്കിങ്, സ്റ്റോറി ടെല്ലിംഗ് സെഷൻസ് അങ്ങനെ അങ്ങനെയാണ് ക്യാംപുകൾ പുതിയ ലോകത്തിന്‍റെ വാതിലുകൾ ഇവർക്ക് മുന്നിൽ തുറക്കുന്നത്. യാത്രക്കിടയിലും രാത്രിയിലുമുള്ള വിവിധ പരിപാടികളിൽ എല്ലാവർക്കും സംസാരിക്കാനും അവരുടെ അനുഭവവും വേദനയും എല്ലാം പങ്കുവയ്ക്കാൻ അവസരം കിട്ടും. ഓരേ സാഹചര്യത്തിലുള്ളവരായതിനാൽ തന്നെ എല്ലാവർക്കും വലിയ രീതിയിൽ തുറന്ന് സംസാരിക്കാൻ സാധിക്കുമെന്ന് റഫിയ ചൂണ്ടിക്കാട്ടി.
വിവാഹമോചനത്തിന്റെ ആഘാതം എത്രത്തോളം വലുതാണെന്ന് അനുഭവിക്കുന്നവർക്കെല്ലാം അറിയാം. പല സ്ത്രീകൾക്കും വിവാഹമോചനം വ്യക്തിപരമായ നഷ്ടം മാത്രമല്ല, അത് ഒരു സാമൂഹിക നാടുകടത്തലാണ്. സാമൂഹിക അപമാനം, സാമ്പത്തിക അരക്ഷിതാവസ്ഥ, കുടുംബത്തിന്റെ പിന്തുണയില്ലായ്മ എന്നിവ ഇവരുടെ വൈകാരിക ട്രോമയെ കൂടുതൽ സങ്കീർണമാക്കുകയാണ് ചെയ്യുന്നത്. അത്തരത്തിൽ ഒരേ അവസ്ഥയിലുള്ള സ്ത്രീകൾ ഒത്തുകൂടി അനുഭവങ്ങൾ പങ്കിട്ട് വിഷമങ്ങളൊക്കെ കാറ്റിൽ പറത്തുന്ന കാഴ്ചയാണ് 'ബ്രേക്ക് ഫ്രീ സ്റ്റോറീസിന്‍റെ' ഓരോ ക്യാംപുകളുമെന്ന് റഫിയ വിവരിച്ചു. "വർഷങ്ങൾക്കുശേഷം ആദ്യമായി ഞാൻ കുറ്റബോധമില്ലാതെ ചിരിച്ചു" - എന്ന് പറഞ്ഞ കോഴിക്കോട്ടുനിന്നുള്ള ഒരു വിവാഹ മോചിതയുടെ കാംപിനെ അനുഭവവും റഫിയ എടുത്തുപറഞ്ഞു. "അവർ ആദ്യ ക്യാംപിന്‍റെ ഭാഗമായിരുന്നു. ഞങ്ങൾക്ക് പരസ്പരം അറിയില്ലായിരുന്നു, പക്ഷേ തൽക്ഷണം ഞങ്ങൾ ഒന്നായി. ഒരു മടുപ്പോ, ലജ്ജയോ ഒന്നും തോന്നിയില്ല, അത്രമേൽ ആഴത്തിലുള്ള ഒരു ബന്ധം അവിടെ ഉടലെടുത്തു".
മാസത്തിൽ രണ്ട് യാത്രകളെങ്കിലും നടത്താനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ഇതുവരെ 7 ക്യാമ്പുകൾ കഴിഞ്ഞു. ഒരെണ്ണം ദുബായിലും ബാക്കിയുള്ളവ കേരളത്തിലുമായിരുന്നു. അടുത്തത് റോഡ് ട്രിപ്പ് ആണ് പരിപാടി. വിവാഹ മോചനം കഴിഞ്ഞ് നിൽക്കുന്നവർക്കും ഒരു പാട് സ്വപ്നങ്ങളുണ്ട്. ആഗ്രഹങ്ങളുണ്ട്. ഒരു മനോഹരമായ റോഡ് ട്രിപ്പിന് ആഗ്രഹമുള്ള നിരവധി പേരാണുള്ളത്. അത് മനസിലാക്കിയാണ് റോഡ് ട്രിപ്പ് സജ്ജമാക്കുന്നത്. പല പല കാരണങ്ങളാലും സാഹചര്യങ്ങളാലും ഒരു നല്ല റോഡ് ട്രിപ്പ് ഇവർക്ക് കിട്ടിയിട്ടുണ്ടാകില്ല. അതൊരു വലിയ അനുഭവമാകും. വലിയ മാറ്റമാകും ഇവർക്ക് പ്രദാനം ചെയ്യുക. കൊച്ചിയിൽ നിന്ന് ഹൈദരാബാദിലേക്കാണ് റോഡ് ട്രിപ്പ് പ്ലാൻ ചെയ്തിരിക്കുന്നത്. ഒരേ അവസ്ഥയിലൂടെ കടന്നുപോകുന്നവരുടെ ഈ ട്രിപ്പിൽ ഒരുപാട് കാര്യങ്ങളാകും ഷെയർ ചെയ്യപ്പെടുക. ഒരു കാറിൽ 4 പേർ എന്ന നിലയിലാണ് യാത്ര. സെപ്തംബർ 3 ന് കൊച്ചിയിൽ നിന്ന് യാത്ര തിരിക്കും. റോഡ് സൈഡിൽ ഭക്ഷണം പാകം ചെയ്തും കഴിച്ചും പാട്ടുകൾക്കൊപ്പം ഡാൻസ് ചെയ്തുമൊക്കെയുള്ള യാത്രയാകും അത്. വിവാഹ മോചിതരായ സ്ത്രീകൾക്ക് പുതിയൊരു അനുഭവമാകും നൽകുകയെന്നാണ് പ്രതീക്ഷയെന്ന് റഫിയ ആഫി വ്യക്തമാക്കി.
'ബ്രേക്ക് ഫ്രീ സ്റ്റോറീസി'ന്‍റെ ആദ്യ ക്യാംപ് മെയ് 24 നായിരുന്നു. 3 മാസത്തിനിടെ 7 യാത്രകൾ നടത്താനായി. ഇത്രയും ആവശ്യമുള്ളതായിരുന്നു ഈ യാത്രകളെന്നാണ് പങ്കെടുത്ത ഓരോരുത്തരിൽ നിന്നുള്ള അനുഭവമെന്നും റഫിയ പറഞ്ഞു. കൂടുതൽ ആളുകൾ കോൺടാക്ട് ചെയ്യുന്നുണ്ട്. അതിൽ സന്തോഷമുണ്ട്. 'ബ്രേക്ക് ഫ്രീ സ്റ്റോറീസ്' കൂടുതൽ മികച്ച നിലയിൽ മുന്നോട്ട് പോകുന്നുണ്ട്. വാട്സാപ്പ് കൂട്ടായ്മയിലൂടെ എല്ലാവർക്കും അങ്ങോട്ടുമിങ്ങോട്ടും സൗഹൃദം നിലനിർത്താൻ സാധിക്കുന്ന നിലയിലാണ് കാര്യങ്ങൾ പ്ലാൻ ചെയ്തിട്ടുള്ളത്. ഡിവോഴ്സായവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനായതിൽ വലിയ അഭിമാനം തോന്നുന്നുണ്ട്. ആകെയുള്ള സങ്കടം ഇത്രയും കാലമായിട്ടും ആരും ഇത്തരത്തിലുള്ള ഒന്നും ചെയ്തില്ലല്ലോ എന്നത് മാത്രമാണ്. ഇനിയുമൊരുപാട്, എന്നെക്കൊണ്ട് പറ്റുന്നതൊക്കെയും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഡിവോഴ്സ് ആയവർക്ക് വേണ്ടി ആരും ഇതുവരെയും കാര്യമായിട്ടൊന്നും ചെയ്തിട്ടില്ല. അവർക്ക് വലിയ പിന്തുണ നൽകാനുള്ള ഇടപെടൽ സമൂഹത്തിൽ ഉണ്ടാകുന്നില്ല. ഇനിയെങ്കിലും ഇവിടെ വിവാഹ മോചിതരായവർക്ക് വേണ്ടി വലിയ മുന്നേറ്റം ഉണ്ടാകണമെന്ന ആഗ്രഹം കൂടി റഫിയ പങ്കുവച്ചു. "ഭൂതകാലത്തെക്കുറിച്ചോർത്ത് കരയാനല്ല, വിവാഹ മോചിതർക്ക് വീണ്ടും പുഞ്ചിരിക്കാനുള്ള അവസരങ്ങളാണ് ലഭിക്കേണ്ടത്” - റഫിയ ആ സ്വപ്നത്തെക്കുറിച്ച് പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെയാണ്. ശേഷം ആ സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള പരിശ്രമങ്ങൾ....