
വിവാഹങ്ങളെക്കുറിച്ചുള്ള പരമ്പരാഗത കാഴ്ചപ്പാടുകളെല്ലാം പൊളിച്ചെഴുതുന്നതാണ് ന്യൂജൻ വിവാഹാഘോഷങ്ങൾ. പണ്ട് മതാചാരപ്രകാരവും വിവാഹമണ്ഡപങ്ങളിലുമൊക്കെ ആയിരുന്നു വിവാഹങ്ങൾ നടന്നിരുന്നതെങ്കിൽ, ഇന്ന് വിവാഹത്തെ എത്രമാത്രം വ്യത്യസ്തവും ആഘോഷകരവുമാക്കാമെന്നാണ് വധൂ വരന്മാരും ബന്ധുക്കളുമെല്ലാം ചിന്തിക്കുന്നത്.
വെള്ളത്തിനടിയിലും ആകാശത്തിലും എന്തിനേറെ ബഹിരാകാശത്ത് വെച്ച് വരെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് ന്യൂജൻ വധൂവരന്മാർ. സമാനമായ രീതിയിൽ ഒരു സാഹസിക വിവാഹാഘോഷം നടത്തി ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ് പ്രിസില്ല ആന്റ്, ഫിലിപ്പോ ലെക്വെഴ്‌സ് എന്നീ വധൂ വരന്മാർ. സ്കൈ ഡൈവിങ്ങ് നടത്തിയാണ് ഈ വധൂ വരന്മാർ തങ്ങളുടെ പുതിയ ജീവിതം ആരംഭിച്ചത്. കൗതുകകരമായ മറ്റൊരു കാര്യം എന്താണെന്നോ? ഇവരുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ എല്ലാ അതിഥികളും വധുവിനും വരനുമൊപ്പം സ്കൈ ഡൈവിങ്ങ് നടത്തി എന്നതാണ്. ഈ സാഹസിക വിവാഹാഘോഷത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
@lalibretamorada ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉടമയാണ് ഈ വിഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ജീവിതത്തിൽ ഏറ്റെടുക്കാൻ പോകുന്ന ഒരു വലിയ സാഹസികതയ്ക്ക് മറ്റൊരു സാഹസികതയിലൂടെ തുടക്കം കുറിയ്ക്കുന്നു. പ്രിസില്ലയുടെയും ഫിലിപ്പോയുടെയും വിവാഹം, എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവെച്ചത്. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിച്ചതിന് ശേഷമായിരുന്നു ഈ വെറൈറ്റി സാഹസിക വിവാഹം. വലിയ മലനിരകൾക്ക് മുകളിൽ നിന്നും പരസ്പരം കൈകോർത്ത് പിടിച്ചാണ് വധൂവരന്മാർ സ്കൈ ഡൈവിങ്ങ് നടത്തിയത്. ഇവരോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അതിഥികളും ചടങ്ങുകൾ നടത്താൻ എത്തിയ പുരോഹിതന്മാരും സ്കൈ ഡൈവിങ്ങ് നടത്തി.
സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ നിരവധിപ്പേരാണ് ദമ്പതികളുടെ ധൈര്യത്തെ അഭിനന്ദിച്ചുകൊണ്ടും ആശംസകൾ അറിയിച്ചുകൊണ്ടും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.