
വിവാഹവുമായി ബന്ധപ്പെട്ട അനവധി വാർത്തകൾ ഓരോ ദിവസവും രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും വരാറുണ്ട്. വിവാഹം അലങ്കോലമായതും, വിവാഹം തന്നെ കാൻസൽ ചെയ്തതും എല്ലാം അതിൽ പെടുന്നു. ഇപ്പോഴിതാ, യുപിയിൽ നിന്നും വളരെ വിചിത്രമായ ഒരു കാര്യം പറഞ്ഞ് നവവധുവിനെ വരന്റെ അച്ഛൻ അവരുടെ വീട്ടിൽ പറഞ്ഞുവിട്ട വാർത്തയാണ് പുറത്ത് വരുന്നത്.
വധുവിന്റെ കാൽ കണ്ട അമ്മായിഅച്ഛന് ദേഷ്യം വരികയായിരുന്നത്രെ. പെണ്ണിന്റെ കാലിന് എന്തോ കുഴപ്പമുണ്ട് എന്നാരോപിച്ചാണ് ഇയാൾ വിവാഹം കഴിഞ്ഞ് വെറും 48 മണിക്കൂറിനുള്ളിൽ മകന്റെ ഭാര്യയെ അവളുടെ വീട്ടിൽ പറഞ്ഞുവിട്ടത്. ഏറെ സങ്കടകരമായ ഒരു കാര്യം കൂടി ഇതേ തുടർന്നുണ്ടായി. യുവതിയെ ഭർത്താവിന്റെ വീട്ടിൽ നിന്നും തിരികെ എത്തിച്ച വിവരമറിഞ്ഞതിന് പിന്നാലെ യുവതിയുടെ അമ്മയുടെ അച്ഛൻ മരണപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
യുവതിയുടെയും വരന്റെയും കുടുംബം സൈനികപശ്ചാത്തമുള്ളവരുടേതാണ്. യുവതിയുടെ അമ്മായിഅച്ഛനും വിമുക്തഭടനാണ്. എന്നാൽ, വിവാഹം കഴിഞ്ഞ് അധികം കഴിയും മുമ്പ് തന്നെ അമ്മായിഅച്ഛൻ യുവതിയുടെ കാലിന് കുഴപ്പമുണ്ട് എന്ന് ആരോപിക്കുകയായിരുന്നു. പിന്നാലെ വീട്ടിലും പറഞ്ഞുവിട്ടു. അതോടെ ആകെ പ്രശ്നമാവുകയും യുവതിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുന്നതിലേക്കും നയിക്കുകയായിരുന്നു.
അതേസമയം, ഫാമിലി കൗൺസിലിംഗ് സെൻ്ററിലെ കൗൺസിലറായ ഡോ.അനുരാഗ് പാലിവാൾ പറയുന്നത്, ഭർത്താവിന്റെ വീട്ടുകാർ ആരോപിക്കുന്ന തരത്തിലുള്ള യാതൊരു പ്രശ്നങ്ങളും പെൺകുട്ടിയുടെ കാലിനില്ല എന്നാണ്. യുവതിയുടെ വീട്ടുകാരും അതേ വാദത്തിൽ തന്നെ ഉറച്ച് നിൽക്കുകയാണ്. വരന്റെ കുടുംബത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണ് എന്നും യുവതിയുടെ കാലിന് അത്തരത്തിലുള്ള യാതൊരു പ്രശ്നങ്ങളും ഇല്ലെന്നും കുടുംബം പറയുന്നു.
സംഭവത്തെ തുടർന്ന് വധുവിന്റെ പരാതിയിൽ വരന്റെ കുടുംബത്തിനെതിരെ കേസ് എടുത്തിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു.