Latest Videos

ഹണിമൂണിന് പോയി, ലോകത്തിലെ തന്നെ വിഷമുള്ള മീനിന്റെ കുത്തേറ്റു; ആ ദിവസത്തെ കുറിച്ച് ഓർക്കാൻപോലും വയ്യെന്ന് യുവതി

By Web TeamFirst Published Nov 22, 2022, 2:32 PM IST
Highlights

കടപ്പുറത്ത് എത്തുമ്പോഴേക്കും തന്നെ കടുത്ത വേദന അമിയെ തേടിയെത്തി. താനതുവരെ അത്രയും വേദന അനുഭവിച്ചിട്ടില്ലായിരുന്നു എന്നാണ് അവൾ അതിനെ കുറിച്ച് പറഞ്ഞത്.

ആളുകൾ ഏറെ സന്തോഷത്തോടെയും സമാധാനത്തോടെയും ചെലവഴിക്കാൻ ആ​ഗ്രഹിക്കുന്ന ദിനങ്ങളാണ് ഹണിമൂൺ ദിനങ്ങൾ. എന്നാൽ, ഈ ദമ്പതികളെ സംബന്ധിച്ച് അത് അങ്ങേയറ്റം വേദനാജനകമായ ദിനങ്ങളായി മാറിപ്പോയി. എന്ത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്നല്ലേ? ഹണിമൂൺ ആഘോഷിക്കുന്നതിനിടയിൽ ലോകത്തിലേക്ക് വച്ച് തന്നെ ഏറ്റവും വിഷമുള്ള മീൻ എന്നറിയപ്പെടുന്ന സ്റ്റോൺഫിഷിന്റെ കുത്തേറ്റു യുവതിക്ക്. 

തങ്ങളുടെ അതിമനോഹരമായ ഹണിമൂൺ ദിനങ്ങൾ അതുവഴി ആകെ താറുമാറായി എന്ന് അമി തോംസൺ എന്ന 27 -കാരി പറയുന്നു. അവളും ഭർത്താവ് കലം തോംസണും ഇന്ത്യൻ മഹാസമുദ്രത്തിലെ മനോഹരമായ ദ്വീപായ മൗറീഷ്യസിലേക്ക് രണ്ടാഴ്ചത്തെ ഹണിമൂണിനായി പുറപ്പെട്ടതായിരുന്നു. അവിടെ വച്ചാണ് ഈ വേദനാജനകമായ സംഭവം ഉണ്ടായത്. 

സ്പീഡ്ബോട്ട് ട്രിപ്പൊക്കെ കഴിഞ്ഞിരിക്കുകയായിരുന്നു ദമ്പതികൾ. അതിനിടയിൽ ചൂടായതിനെ തുടർന്ന് ഒന്ന് നീന്തിവരാൻ ഇറങ്ങിയതാണ് അമി. കടലിൽ ധരിക്കുന്ന ഷൂ ധരിക്കാൻ നോക്കിയ അമിയോട് യാത്ര ഓർ​ഗനൈസ് ചെയ്ത ആളാണ് പറഞ്ഞത് ഇവിടെ അതിന്റെ ആവശ്യമൊന്നുമില്ല എന്ന്. അങ്ങനെ അമി ആ ഷൂ ധരിക്കാതെയാണ് കടലിൽ ഇറങ്ങിയത്. എന്നാൽ, കടലിൽ ഇറങ്ങി അധികം വൈകും മുമ്പ് തന്നെ അവൾക്ക് സ്റ്റോൺഫിഷിന്റെ കുത്തേറ്റു. ലോകത്തിലെ തന്നെ ഏറ്റവും വിഷം നിറഞ്ഞ മീനായിട്ടാണ് സ്റ്റോൺഫിഷ് അറിയപ്പെടുന്നത് തന്നെ. അതിന്റെ കുത്തേറ്റാൽ ചിലപ്പോൾ ഒരു മണിക്കൂറിനകം തന്നെ മരണം വരെ സംഭവിക്കാം. കുത്തേറ്റയുടനെ അസഹ്യമായ വേദനയും അനുഭവപ്പെടും. 

കടപ്പുറത്ത് എത്തുമ്പോഴേക്കും തന്നെ കടുത്ത വേദന അമിയെ തേടിയെത്തി. താനതുവരെ അത്രയും വേദന അനുഭവിച്ചിട്ടില്ലായിരുന്നു എന്നാണ് അവൾ അതിനെ കുറിച്ച് പറഞ്ഞത്. അപ്പോഴേക്കും കാലൊക്കെ വീങ്ങി വീർത്തിരുന്നു. കാലിനടിയിൽ നീലനിറം പടർന്ന് തുടങ്ങിയിരുന്നു. 

ഒരു മണിക്കൂറെടുത്തിട്ടാണ് അവരെ ഒരു ബോട്ട് ഫെറിയിലേക്ക് എത്തിച്ചത്. ഹോട്ടലിലേക്കെത്താൻ പിന്നെയും 45 മിനിറ്റ് കൂടി എടുത്തു. ഹോട്ടലിലെ ഡോക്ടറെ ആദ്യം കണ്ടു. അയാൾ അവളെ ആശുപത്രിയിലേക്ക് റെഫർ ചെയ്തു. അധികം വൈകാതെ അവൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഡ്രിപ്പിടുകയും മോർഫിൻ നൽകുകയും ചെയ്യുന്നത് വരെ ആ വേദന അങ്ങനെ തന്നെ ഉണ്ടായിരുന്നു എന്നും അവൾ പറയുന്നു. ആശുപത്രിയിൽ വച്ച് അവൾക്ക് ആന്റി വെനം നൽകി. 

ഏതായാലും സപ്തംബർ അവസാനം വരെ അവർ മൗറീഷ്യസിൽ തുടർന്നുവെങ്കിലും അമിക്ക് തന്റെ അവസ്ഥ കാരണം ഒന്നും ആസ്വദിക്കാൻ കഴിഞ്ഞില്ല. അവളുടെ കാലിലാകെ ബാൻഡേജ് ഇട്ടിരിക്കുകയായിരുന്നു. പിന്നീട്, വീട്ടിലേക്ക് മടങ്ങി എങ്കിലും പൂർണമായും ഭേദപ്പെട്ടില്ല. ഇപ്പോഴും താൻ അതിന്റെ ബുദ്ധിമുട്ടികൾ അനുഭവിക്കുന്നുണ്ട് എന്നാണ് അമി പറയുന്നത്. ഏറെ സന്തോഷത്തോടെ ഓർക്കേണ്ടിയിരുന്ന ഹണിമൂൺ യാത്ര ഇന്ന് അവളെ സംബന്ധിച്ച് ഒരു പേടിസ്വപ്നം പോലെയാണ് ഉള്ളിൽ അവശേഷിക്കുന്നത്. 

click me!