ലക്ഷ്വറി ഹോട്ടലില്‍ താമസമില്ല; വെഡിങ് ഫോട്ടോഗ്രാഫര്‍ പിന്മാറി, ഫീസായ 62 ലക്ഷം ആവശ്യപ്പെട്ട് വധുവിന്‍റെ പിതാവ്

By Web TeamFirst Published Feb 1, 2023, 3:01 PM IST
Highlights

 പ്രശസ്ത വെഡിങ്ങ് ഫോട്ടോഗ്രാഫറായ ക്ലെയ്ൻ ഗെസെലിനെയായിരുന്നു പട്ടേലിന്‍റെ മകൾ അനുഷയുടെയും വരൻ അർജ്ജുൻ മേത്തയുടെയും വിവാഹദിന ചിത്രങ്ങൾ എടുക്കാൻ നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് മാസങ്ങൾ മുൻപ് തന്നെ ക്ലെയ്ൻ ഗെസെലുമായി ഇതുമായി ബന്ധപ്പെട്ട കരാറിൽ ഏർപ്പെടുകയും ഫീസ് ആയി  ആവശ്യപ്പെട്ട പണം മുഴുവൻ നൽകുകയും ചെയ്തു. 


ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു നിമിഷത്തെ ക്യാമറയിൽ, അതിലേറെ മനോഹരമായി ഒപ്പിയെടുത്ത് എന്നെന്നേക്കുമായി സൂക്ഷിച്ചു വയ്ക്കാൻ ആഗ്രഹിക്കാത്തവർ കുറവായിരിക്കും. അതുകൊണ്ട് തന്നെ വിവാഹാഘോഷത്തിന്  മറ്റാരും വന്നില്ലെങ്കിലും ഫോട്ടോഗ്രാഫർ മുൻപിൽ ഉണ്ടാകണമെന്നത് പൊതുവിൽ നിർബന്ധമുള്ള കാര്യമാണ്. മാത്രമല്ല സിനിമകളെ പോലും വെല്ലുന്ന രീതിയിലുള്ള ക്യാമറ ടെക്നിക്കുകൾ ആണ് ഇന്ന് വെഡിങ് ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്നതും. വെഡിങ് ഫോട്ടോഗ്രാഫി അത്രമാത്രം പ്രാധാന്യമുള്ളതായിരിക്കെ അവസാന നിമിഷത്തിൽ നിങ്ങളുടെ ഫോട്ടോഗ്രാഫർ കാലുവാരിയാൽ എന്തായിരിക്കും അവസ്ഥ? അത്തരമൊരു അവസ്ഥയാണ് അമേരിക്കയിലെ ന്യൂജേഴ്സിയിൽ നിന്നുള്ള ഒരു കുടുംബത്തിന് കഴിഞ്ഞ ദിവസം നേരിടേണ്ടി വന്നത്. വാക്കd പറഞ്ഞ് പണം വാങ്ങിയതിന് ശേഷം വിവാഹത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കവേ ഫോട്ടോഗ്രാഫർ വാക്ക് മാറുകയായിരുന്നു.

അമിത് പട്ടേൽ എന്ന ഇൻഡോ അമേരിക്കൻ ഡോക്ടറുടെ കുടുംബത്തിനാണ് മകളുടെ വിവാഹാഘോഷവുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടായത്. പ്രശസ്ത വെഡിങ്ങ് ഫോട്ടോഗ്രാഫറായ ക്ലെയ്ൻ ഗെസെലിനെയായിരുന്നു പട്ടേലിന്‍റെ മകൾ അനുഷയുടെയും വരൻ അർജ്ജുൻ മേത്തയുടെയും വിവാഹദിന ചിത്രങ്ങൾ എടുക്കാൻ നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് മാസങ്ങൾ മുൻപ് തന്നെ ക്ലെയ്ൻ ഗെസെലുമായി ഇതുമായി ബന്ധപ്പെട്ട കരാറിൽ ഏർപ്പെടുകയും ഫീസ് ആയി  ആവശ്യപ്പെട്ട പണം മുഴുവൻ നൽകുകയും ചെയ്തു. 76, 000 ഡോളറാണ് ഫീസ് ഇനത്തില്‍ നൽകിയത്. അതായത് ഇന്ത്യൻ രൂപയിൽ 62 ലക്ഷത്തിലധികം വരും ഇത്. 

അത്യാഡംബരപൂർവ്വമായ ഒരു വിവാഹാഘോഷം ആയിരുന്നു പട്ടേൽ തന്‍റെ മകൾക്കും ഭാവി മരുമകനുമായി ഒരുക്കിയിരുന്നത്. വിവാഹാഘോഷത്തിന്‍റെ പല സന്ദർഭങ്ങളിലായി 13 വ്യത്യസ്ത കോസ്റ്റ്യൂമുകളിലാണ് വധൂവരന്മാർ പങ്കെടുക്കുക. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട 250 അതിഥികൾ മാത്രമാണ് വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നത്. എല്ലാ ആഘോഷങ്ങൾക്കും പുറമേ വോഗ് മാഗസിനിൽ ഒരു പ്രത്യേക വെഡിങ് ഫോട്ടോ ഫീച്ചറും ഉൾപ്പെടെയാണ് അദ്ദേഹം വിവാഹാഘോഷങ്ങൾ ഒരുക്കിയിരുന്നത്. എന്നാൽ, അവസാന നിമിഷം ഫോട്ടോഗ്രാഫർ ഇടഞ്ഞതോടെ എല്ലാ പദ്ധതികളും പാളുകയായിരുന്നു.

 

വിവാഹാഘോഷങ്ങൾക്കായി ബുക്ക് ചെയ്തിരുന്ന ആഡംബര ഹോട്ടലിൽ നിന്നും അല്പം മാറി മറ്റൊരു ഹോട്ടലിൽ ആയിരുന്നു ഫോട്ടോഗ്രാഫർക്കും അദ്ദേഹത്തിന്‍റെ സംഘാംഗങ്ങൾക്കും താമസ സൗകര്യം ഒരുക്കിയിരുന്നത്. തങ്ങൾക്ക് അത്തരത്തിൽ ഒരു താമസസൗകര്യം മതിയെന്ന് ഗെസെലും സമ്മതിച്ചിരുന്നു. എന്നാൽ, വിവാഹ ആഘോഷത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തങ്ങൾക്കും ലക്ഷ്വറി ഹോട്ടലിൽ താമസ സൗകര്യം ഒരുക്കണമെന്ന ആവശ്യവുമായി ഫോട്ടോഗ്രാഫർ എത്തുകയായിരുന്നു. അത് സാധ്യമാകാതെ വന്നതോടെ താൻ ഫോട്ടോ എടുക്കാൻ തയ്യാറല്ലെന്ന് അയാൾ പട്ടേൽ കുടുംബത്തെ അറിയിക്കുകയായിരുന്നു. ഒടുവിൽ വിവാഹാഘോഷങ്ങൾക്കായി അവസാനനിമിഷം മറ്റൊരു ഫോട്ടോഗ്രാഫറെ തേടി പോകേണ്ട അവസ്ഥയിലെത്തി പട്ടേൽ കുടുംബം. ഫോട്ടോഗ്രാഫറുടെ ഭാഗത്തുനിന്നും ഉണ്ടായ വാക്ക് മാറ്റത്തെ തുടർന്നാണ് പട്ടേൽ ക്ലെയ്ൻ ഗെസെലിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. കൂടാതെ താൻ നൽകിയ 62 ലക്ഷത്തോളം രൂപ ഗെസെൽ തിരികെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

click me!