ലിഥിയം ബാറ്ററികള്‍ എവിടെ നിന്ന് വരുന്നു? ലോകത്തെ തന്നെ നാണിപ്പിക്കുന്ന കൊബാള്‍ട്ട്‌ ഖനികളെ കുറിച്ച് അറിയാം

Published : Feb 01, 2023, 11:25 AM ISTUpdated : Feb 01, 2023, 12:04 PM IST
ലിഥിയം ബാറ്ററികള്‍ എവിടെ നിന്ന് വരുന്നു? ലോകത്തെ തന്നെ നാണിപ്പിക്കുന്ന കൊബാള്‍ട്ട്‌ ഖനികളെ കുറിച്ച് അറിയാം

Synopsis

പരിസ്ഥിതി പ്രവര്‍ത്തകര്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ഒഴിവാക്കി ലിഥിയം ബാറ്ററിയിലേക്ക് കടക്കാന്‍ ആഹ്വാനം ചെയ്യുന്നു. എന്നാല്‍ ലിഥിയം ബാറ്ററികളില്‍ അടങ്ങിയ കൊബാള്‍ട്ട് മൂലകം എവിടെ നിന്നാണ് വരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ ?   

വില കൂടിയ ഐ ഫോണും ലാപ് ടോപ്പുകളും ടെസ്ല കാറുകളും ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇതൊക്കെ എവിടെ നിന്നാണ് വരുന്നതെന്ന്?  പാരിസ്ഥിതിക പ്രശ്നങ്ങള്‍ കുറയ്ക്കാനായി പെട്രോളിയും ഉത്പന്നങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ഉപേക്ഷിക്കാനും ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് മാറാനും തീരുമാനിക്കുമ്പോള്‍, എവിടെ നിന്നാണ് ഇലക്ട്രിക്ക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ക്ക് അവശ്യമായ അടിസ്ഥാന മൂലകങ്ങള്‍ ലഭിക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? ആപ്പിൾ, മൈക്രോസോഫ്റ്റ്, ഗൂഗിൾ, ടെസ്‌ല എന്നിവയുടെ ഉത്പന്നങ്ങളില്‍ ഉപയോഗിക്കുന്ന ലിഥിയം എവിടെ നിന്നാണ് വരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ ? ഇത്തരം ചോദ്യങ്ങളില്‍ എന്നെങ്കിലും നിങ്ങളുടെ  മനസില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനെല്ലാം മറുപടി പറയുന്ന ഒരു പുസ്തകം പ്രസിദ്ധികരിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ പശ്ചാത്തലമുള്ള ഇന്ത്യൻ മാതാപിതാക്കളുടെ മകനായ സിദ്ധാര്‍ത്ഥ കാരയുടെ 'കൊബാള്‍ട്ട്‌ റെഡ്' എന്ന പുസ്തകം. 

ധാര്‍മ്മികമായാണ് തങ്ങളുടെ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നതെന്ന വന്‍ കിടകമ്പനികളുടെ വിപണി വാക്യം. എന്നാല്‍, ആ വാക്കുകളില്‍ എത്ര ശതമാനം സത്യസന്ധതയുണ്ടെന്ന് അന്വേഷിച്ചാല്‍ നിങ്ങളെ ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങളിലേക്ക് എത്തിക്കുമെന്ന് സിദ്ധാര്‍ത്ഥ് കാര പറയുന്നു. അത്തരം അന്വേഷണങ്ങള്‍ എത്തി നില്‍ക്കുക ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കൊബാള്‍ട്ട് (Cobalt) ഖനികളിലായിരിക്കും. 

എന്താണ് കൊബാള്‍ട്ട് ഖനികള്‍? 

രസതന്ത്ര ശാസ്ത്രത്തില്‍ ആറ്റോമിക്ക് നമ്പര്‍ 27 എന്നറിയപ്പെടുന്ന കൊബാള്‍ട്ട് (Cobalt) ആണ്  സാങ്കേതിക വസ്തുക്കളുടെ അടിസ്ഥാന മൂലകമായി ഉപയോഗിക്കുന്നത്. ഇന്ന് വിപണിയിൽ ലഭ്യമായ എല്ലാ മൊബൈൽ ഫോണുകളും ലാപ്പ് ടോപ്പുകളും ഇലക്ട്രിക്ക് വാഹനങ്ങളിലും ലിഥിയം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബാറ്ററി ഉപയോഗിക്കുന്ന മിക്കവാറും എല്ലാ ടെക് ഗാഡ്‌ജെറ്റുകളിലും കാണപ്പെടുന്ന അടിസ്ഥാന രാസ മൂലകമാണ് കൊബാള്‍ട്ട്‌. ഒരു സ്‌മാർട്ട്‌ ഫോണിനോ ടാബ്‌ലെറ്റിനോ ലാപ്‌ടോപ്പിനോ വളരെ കുറച്ചെങ്കിലും കോബാള്‍ട്ടിന്‍റെ സാന്നിധ്യം മതിയാകും. അതേസമയം ഇലക്ട്രിക് വാഹനത്തിന് 10 കിലോഗ്രാം കൊബാള്‍ട്ട്‌ മൂലകം ആവശ്യമാണ്.

 

ഇത്തരത്തില്‍ ലോക വ്യാപകമായി ഉപയോഗിക്കുന്ന കൊബാള്‍ട്ടിന്‍റെ 90 ശതമാനവും ഖനനം ചെയ്യുന്നതാകട്ടെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കൊബാള്‍ട്ട് ഖനികളില്‍ നിന്നാണ്. ഈ ഖനികളില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ കൊബാള്‍ട്ട് ഖനികളെ കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തിവിട്ടിരിക്കുന്നത്. ഒപ്പം അസ്വസ്ഥകരമായ ചോദ്യങ്ങളും ഉയര്‍ത്തുന്നു. ആപ്പിൾ, മൈക്രോസോഫ്റ്റ്, ഗൂഗിൾ, ടെസ്‌ല തുടങ്ങിയ നിര്‍മ്മാതാക്കളും മറ്റുള്ളവരും തങ്ങളുടെ പെരുമാറ്റച്ചട്ടങ്ങൾ പാലിക്കുന്നവരുമായി മാത്രമേ കൊബാള്‍ട്ട് വ്യാപാരം നടത്തുകയുള്ളൂവെന്നുമാണ് അവകാശപ്പെടുന്നത്. അതേ സമയത്ത് തന്നെയാണ് ആ ധാര്‍മ്മികതയെ ചോദ്യം ചെയ്യുന്ന ചിത്രങ്ങള്‍ പുറത്ത് വരുന്നതും. 

കൊബാള്‍ട്ട് റെഡ് എന്ന പുസ്തകം 

പുരുഷന്മാര്‍ മാത്രമല്ല, സ്ത്രീകളും കുട്ടികളും അടക്കമുള്ള ഒരു സമൂഹമാണ് കോംഗോയിലെ കൊബാള്‍ട്ട് ഖനികളില്‍ ജോലി ചെയ്യുന്നത്. അതും ഒരു ദിവസം വെറും 2 ഡോളര്‍  (165 രൂപ) വരുമാനത്തില്‍. കഴിഞ്ഞ കുറേ വർഷങ്ങളായി കോംഗോയിലെ കട്ടംഗ മേഖലയിൽ ഹാർവാർഡ് കെന്നഡി സ്‌കൂൾ ഓഫ് ഗവൺമെന്‍റിലെ ലക്ചറും അമേരിക്കന്‍ എഴുത്തുകാരനുമായ സിദ്ധാർത്ഥ് കാരയുടെ പുതിയ പുസ്തകത്തിന് (Cobalt Red: How the Blood of the Congo Powers Our Lives by Siddharth Kara) പിന്നാലെയാണ് കൊബാള്‍ട്ട് ഖനികളെ കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നത്. പുസ്തകത്തിലെ ചിത്രങ്ങളാകട്ടെ പുതിയ കാലത്തും ആരുടെയും ഉള്ളുലയ്ക്കുന്നവയാണ്. 

 

പാശ്ചാത്യ രാജ്യങ്ങളിൽ ഉയര്‍ന്നുവരുന്ന കൊബാൾട്ടിന്‍റെ ആവശ്യകതയും ആഫ്രിക്കൻ കുടുംബങ്ങൾക്കിടയിൽ അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളുടെയും ചിത്രം പുസ്തകം വരച്ചിടുന്നു. അദ്ദേഹം മറ്റൊന്ന് കൂടി ചൂണ്ടിക്കാട്ടുന്നു. അടുത്തകാലത്തായി ലോകത്ത് ഉയര്‍ന്നുവരുന്ന പരിസ്ഥിതി സൗഹാര്‍ദ്ദ വാഹനമെന്ന ആവശ്യം ആഫ്രിക്കയെ പ്രത്യേകിച്ച് കോംഗോയെ എങ്ങനെ ഒരു വലിയ ഖനി പ്രദേശമാക്കി മാറ്റുന്നുവന്ന് സിദ്ധാര്‍ത്ഥ് കാര ചൂണ്ടിക്കാട്ടുന്നു.  

അതോടൊപ്പം തന്നെ കൊബാൾട്ട് മൂലകവുമായി ദീർഘനേരം സമ്പർക്കം പുലർത്തുന്നത് ശ്വാസകോശ രോഗത്തിനും ബധിരതയ്ക്കും കാരണമാകുമെന്ന ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ ഉള്ളപ്പോളാണ് ഏഴും എട്ടും വയസുള്ള കുട്ടികള്‍ പോലും രാവന്തിയോളം കൊബാള്‍ട്ട് ഖനികളില്‍ വെറും രണ്ട് ഡോളറിന് വേണ്ടി പണിയെടുക്കുന്നത്. രത്ന, വജ്ര ഖനികളില്‍ നിന്നുള്ള ഉത്പന്നങ്ങളായ രത്നങ്ങളും വജ്രങ്ങളും സമ്പന്നര്‍ പോലും അധികം വാങ്ങിക്കൂട്ടാറില്ല. എന്നാല്‍, കൊബാള്‍ട്ട് മൂലകം അടങ്ങിയ ഉത്പന്നമില്ലാതെ അമേരിക്കയ്ക്കും യൂറോപ്പിനും ചൈനയ്ക്കും ഒരു ദിവസം പോലും മുന്നോട്ട് പോകാനാകില്ലെന്ന അവസ്ഥയാണ് ഉള്ളതെന്നും കാര ചൂണ്ടിക്കാട്ടുന്നു. 

 

കോംഗോയിലെ കൊബാള്‍ട്ട് ഖനികളില്‍ പലതും ചൈനയുടെ ഉടമസ്ഥയില്‍ പ്രവര്‍ത്തിക്കുന്നതാണെന്നും അതിനാല്‍ അവിടെ സംഭവിക്കുന്നത് തങ്ങളുടെ നിയന്ത്രണത്തിലല്ലെന്നുമാണ് യുറോപ്യന്‍ - അമേരിക്കന്‍ കമ്പനികളുടെ മറുപടി. എന്നാല്‍ കാര ഇതിനെ മറു ചോദ്യമുയര്‍ത്തി പ്രതിരോധിക്കുന്നു. കൊബാള്‍ട്ട് നിര്‍മ്മിത ഉത്പന്നങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താക്കാള്‍ അമേരിക്കയും യൂറോപ്പുമാണ്. അവരുടെ ആവശ്യം നിവര്‍ത്തിക്കാനാണ് ചൈന കോംഗയെ ഒരു ഖനിയാക്കി തീര്‍ക്കുന്നത്. അത്തരമൊരു അവസ്ഥയില്‍ അമേരിക്കയ്ക്കും യൂറോപ്പിനും കൊബാള്‍ട്ട് ഖനിയുടെ പേരില്‍ ചൈനയെ മാത്രം പഴിച്ച് രക്ഷപ്പെടാന്‍ ആകില്ലെന്നും ഇത് ഇവരുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.  വിതരണ ശൃംഖല നിലനിൽക്കുന്നത് ആവശ്യം ഉള്ളത് കൊണ്ട് മാത്രമാണ്. അവരെല്ലാം പറയുന്നത് തങ്ങൾ അത് ധാർമ്മികമായി സ്രോതസ്സുചെയ്യുന്നുവെന്നാണ്. വിതരണ ശൃംഖലകൾ ധാർമ്മികമാണെന്ന് എല്ലാവരും പറയും, എന്നാൽ നിങ്ങൾ കോംഗോയിലേക്ക് പോകുക, അത് ശരിയല്ലെന്ന് നിങ്ങൾ കാണാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

2020 ല്‍ കൊബാള്‍ട്ട് ഉപയോഗത്തില്‍ നിന്ന് ടെസ്ല പിന്മാറുമെന്ന് ഇലോണ്‍ മസ്ക് അവകാശപ്പെട്ടിരുന്നു. എന്നാല്‍ എന്ന് മുതല്‍ ഉപയോഗം പൂര്‍ണ്ണമായും നിര്‍ത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടില്ല. ആപ്പിളും കോബാള്‍ട്ട് ഖനനത്തെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതേ സമയം ആപ്പിളിന്‍റെ  23 കൊബാള്‍ട്ട് വിതരണക്കാരില്‍ 20 ഉം ചൈനക്കാരാണെന്നും നാം അറിയണം. ഖനനത്തിന്‍റെ ധാര്‍മ്മികതയല്ല ആപ്പിളിന്‍റെ പിന്മാറ്റത്തിന് പിന്നില്‍. മറിച്ച് വിതരണത്തിലെ നിയന്ത്രണവും വിലയുമാണ് കമ്പനികളെ മാറ്റിച്ചിന്തിപ്പാന്‍ പ്രേയരിപ്പിക്കുന്നതെന്നും അദ്ദേഹം ചൂട്ടിക്കാട്ടുന്നു. അതോടൊപ്പം തന്നെ മറ്റ് പ്രകൃതിവാതകങ്ങളുടെ ഖനനത്തിനെതിരെ ലോകത്ത് ശക്തമാകുന്ന പാരിസ്ഥിതാകാവബോധം ആളുകളെ ബാറ്ററി വാഹനങ്ങളിലേക്ക് ആകര്‍ഷിക്കുന്നു. എന്നാല്‍ അതുയര്‍ത്തുന്ന മറ്റൊരു സാമൂഹിക - പാരിസ്ഥിതിക  പ്രശ്നം അഭിമുഖീകരിക്കപ്പെടാതെ പോകുന്നു. അതോടൊപ്പം ലോകമെങ്ങും എണ്ണയ്ക്കും പെട്രോളിനും മറ്റ് പ്രകൃതി വാതകങ്ങള്‍ക്കുമുള്ള അന്വേഷണം നടക്കുന്നത് പോലെ കൊബാള്‍ട്ടിന് വേണ്ടിയുള്ള അന്വേഷണങ്ങളും ഊര്‍ജ്ജിതമായി നടക്കുന്നെന്നും കാര ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ലോകത്ത് കണ്ടെത്തിയതില്‍ ഏറ്റവും വലിയ കൊബാള്‍ട്ട് നിക്ഷേപമുള്ളത് കോംഗോയിലാണ്, 400 കോടി ടണ്ണാണ് ഇവിടുത്തെ നിക്ഷേപം. രണ്ടാമതുള്ള ഓസ്ട്രേലിയയിലാകട്ടെ വെറും 150 കോടി ടണ്‍മാത്രമാണ് നിക്ഷേപം. 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ