മുതലാളിമാരെ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. ബോറടി മാറ്റാന്‍ ആളുകളെ വെടിവെച്ചു കൊല്ലാറുണ്ട് എന്നായിരുന്നു അവരില്‍ ഒരാള്‍ പറഞ്ഞത്.

ആണും പെണ്ണുമടക്കം 11 പേര്‍ വരിവരിയായി നില്‍ക്കുന്നു. അവരോരോരുത്തരുടെയും തലയ്ക്കു മുകളില്‍ തൂക്കുകയറുകളാണ്. ഒരൊറ്റ വിസില്‍. അടുത്ത നിമിഷം, ഒരേ സമയം 11 പേരെയും തൂക്കിക്കൊന്നു.

ഇക്കഴിഞ്ഞ ദിവസ ചൈനയിലാണ് 11 പേരെ ഒറ്റയടിക്ക് തൂക്കിക്കൊന്നത്. സാധാരണക്കാരായിരുന്നില്ല അവര്‍. വമ്പന്‍ ബിസിനസ് കുടുംബത്തിലെ അംഗങ്ങള്‍. കോടീശ്വരന്‍മാര്‍. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കായി ഫാക്ടറി സെറ്റപ്പില്‍ കോള്‍ സെന്റര്‍ നടത്തിയവര്‍. ഇവിടെ ആയിരങ്ങളെയാണ് അടിമപ്പണി ചെയ്യിപ്പിച്ചത്. അങ്ങനെയുണ്ടാക്കിയത് കോടികളാണ്.

ആരാണ് ഈ 11 പേരെന്നോ? അതറിയാന്‍ മ്യാന്‍മറിലെ ലൗക്കൈംഗ് നഗരത്തെക്കുറിച്ച് അറിയണം. ചൈന അതിര്‍ത്തിയിലാണ് ഈ നഗരം. ലോകത്തെ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ കേന്ദ്രം. ഇവിടം ഭരിക്കുന്നത് നാല് കുടുംബങ്ങളാണ്. മിംഗ്, ബാവു, വെയ്, ലിയു. ഇവരില്‍ മിംഗ് കുടുംബക്കാരെയാണ് ചൈന ഇപ്പോള്‍ തൂക്കിക്കൊന്നത്.

2001-ന് ശേഷമാണ് നഗരത്തിന്റെ അധികാരം ഈ കുടുംബങ്ങള്‍ക്ക് കിട്ടിയത്. അതുവരെ ആ നാട് നിയന്ത്രിച്ചത് എം.എന്‍.ഡി.എ.എ എന്ന ഗോത്ര സൈന്യമായിരുന്നു. 2000-ല്‍ മ്യാന്‍മറില്‍ സൈനിക അട്ടിമറി നടന്നു. ജനറല്‍ മിന്‍ ആംഗ് ഭരണം പിടിച്ചു. ജനറല്‍ മിന്‍ ഗോത്ര സൈന്യത്തെ തുരത്തിയോടിച്ച് ഈ നഗരം സ്വന്തക്കാരായ നാല് കുടുംബങ്ങള്‍ക്ക് നല്‍കി. അവരിവിടെ പലതരം തട്ടിപ്പ് കച്ചവടങ്ങള്‍ തുടങ്ങി. കാസിനോകള്‍, ഓണ്‍ലൈന്‍ തട്ടിപ്പ് കേന്ദ്രങ്ങള്‍, മയക്കുമരുന്ന് ശൃംഖലകള്‍, പണംതട്ടിപ്പ്. പല കച്ചവടങ്ങള്‍.

ലൗക്കൈംഗിലാകെ ഇവരുടെ കോള്‍സെന്ററുകളാണ്. അവിടെ പണിയെടുക്കുന്നത് ചൈനീസ് തൊഴിലാളികള്‍. വമ്പന്‍ ശമ്പളം കൊടുക്കുമെന്ന് പറഞ്ഞ് കൊണ്ടുവന്ന് അടിമകളാക്കി പണിയെടുപ്പിക്കും. പുറത്ത് തോക്കേന്തിയ കാവല്‍ക്കാരുണ്ടാവും. ആര്‍ക്കും രക്ഷപ്പെടാനാവില്ല. രക്ഷപ്പെടാന്‍ നോക്കിയാല്‍ ക്രൂരമായി പീഡിപ്പിക്കും. അല്ലെങ്കില്‍ കൊല്ലും. കെണിയില്‍ പെട്ടവരുടെ കഥകള്‍ ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കഴിഞ്ഞ ദിവസം തൂക്കിക്കൊന്ന മിംഗ് കുടുംബം നടത്തിയ 'ക്രൗച്ചിംഗ് ടൈഗര്‍ വില്ല'യാണ് ഇവിടത്തെ ഏറ്റവും കുപ്രസിദ്ധമായ തട്ടിപ്പുകേന്ദ്രം. 2023-ല്‍ ഇവിടെ ഒരു രക്ഷപ്പെടല്‍ ശ്രമം നടന്നു. നൂറോളം ചൈനീസ് തൊഴിലാളികളെയാണ് അന്ന് കാവല്‍ക്കാര്‍ വെടിവെച്ചുകൊന്നത്. ഇത് ചൈനയില്‍ കോളിളക്കമുണ്ടാക്കി. തുടര്‍ന്നാണ് ചൈന ഇവര്‍ക്കെതിരെ തിരിഞ്ഞത്. അതിനായവര്‍ എം.എന്‍.ഡി.എ.എ എന്ന പഴയ ഗോത്ര സൈന്യത്തെ തിരിച്ചുകൊണ്ടുവന്നു. അവര്‍ നഗരം തിരിച്ചുപിടിച്ചു. തട്ടിപ്പ് കേന്ദ്രങ്ങള്‍ തകര്‍ത്തു. നാല് കുടുംബങ്ങളിലായി 60 ലധികം പേരെ അറസ്റ്റ് ചെയ്ത് ചൈനയില്‍ കൊണ്ടുവന്നു. കുടുങ്ങിക്കിടന്ന ചൈനീസ് തൊഴിലാളികളെയും തിരിച്ചുകൊണ്ടുവന്നു.

മുതലാളിമാരെ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. ബോറടി മാറ്റാന്‍ ആളുകളെ വെടിവെച്ചു കൊല്ലാറുണ്ട് എന്നായിരുന്നു അവരില്‍ ഒരാള്‍ പറഞ്ഞത്. തൊഴിലാളികളെ പീഡിപ്പിക്കുന്നതിന്റെയും ഓണ്‍ലൈന്‍ തട്ടിപ്പിന്റെയും കഥകള്‍ ചൈന പുറത്തുവിട്ടു. തുടര്‍ന്നാണ് മിംഗ് കുടുംബത്തിലെ 11 പേരെ തൂക്കിക്കൊന്നത്. മറ്റ് മൂന്ന് കുടുംബത്തില്‍ പെട്ടവര്‍ വധശിക്ഷ കാത്തുകഴിയുകയാണ്.

എന്നാല്‍, ഓണ്‍ലൈന്‍ തട്ടിപ്പു കേന്ദ്രങ്ങള്‍ തകര്‍ന്നു എന്നു കരുതണ്ട. അവര്‍ കംബോഡിയയിലേക്കും തായ്ലാന്‍ഡിലേക്കും താവളം മാറ്റി. തായ്-മ്യാന്‍മര്‍ അതിര്‍ത്തിയിലെ പ്രധാന തട്ടിപ്പ് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയപ്പോള്‍ ഈ മാഫിയ സംഘങ്ങള്‍ മ്യാന്‍മറിലെ പുതിയ മേഖലകളിലേക്ക് താവളം മാറ്റിയിട്ടുണ്ട്.