
വർഷങ്ങളോളം തങ്ങൾ വീട്ടുമുറ്റത്ത് ചവിട്ടുപടിയായി ഉപയോഗിച്ച കല്ലുകൾ ദിനോസർ കാൽപ്പാടുകളുടെ ഫോസിലുകളാണെന്ന് പെട്ടെന്ന് ഒരു ദിവസം തിരിച്ചറിഞ്ഞാൽ എന്തായിരിക്കും അവസ്ഥ? അതുപോലെ ഒരു അനുഭവമാണ് തെക്കു പടിഞ്ഞാറൻ ചെനയിൽ നിന്നുള്ള ഈ രണ്ട് സഹോദരന്മാർക്കും ഉണ്ടായിരിക്കുന്നത്. ഇരുപത് വർഷത്തിലേറെയായി ചവിട്ടുപടികളായി ഉപയോഗിച്ചിരുന്ന പാറകൾ വാസ്തവത്തിൽ 190 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസർ കാൽപ്പാടുകളുടെ ഫോസിലുകളാണെന്ന് അറിഞ്ഞപ്പോൾ ഇവർ അന്തംവിട്ടുപോയി.
സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം, സിചുവാൻ പ്രവിശ്യയിലെ വുലി ഗ്രാമത്തിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് കണ്ടെത്തിയ ദിനോസറുകളുടെ കാൽപ്പാടുകളെക്കുറിച്ച് നവംബർ 29 -ന് ഗവേഷകർ വിശദമായ ഒരു പഠനം പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഈ കണ്ടെത്തൽ. പിന്നീട്, ഇവിടുത്തെ മാധ്യമങ്ങളിൽ ഇത് വലിയ വാർത്തയായി മാറുകയായിരുന്നു. ഗുവാങ്മിംഗ് ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, 1998 -ലാണ് ഡിംഗ് സഹോദരന്മാർ ആദ്യമായി അസാധാരണമായ വിധത്തിലുള്ള ഈ പാറകൾ കണ്ടത്. അതിൽ കോഴികളുടെ കാല് പതിഞ്ഞതുപോലെയുള്ള ചില അടയാളങ്ങളും കണ്ടിരുന്നു. എന്നാൽ, സഹോദരന്മാർ അവയെക്കുറിച്ച് കാര്യമായൊന്നും ചിന്തിച്ചില്ല, പകരം ആ കല്ലുകൾ എടുത്തുകൊണ്ടുപോയി വീടിന് ചവിട്ടുപടിയാക്കാൻ ഉപയോഗിച്ചു.
സിഗോങ് നഗരത്തിൽ സ്ഥിതി ചെയ്യുന്ന വുലി ഗ്രാമം 'ചൈനീസ് ദിനോസറുകളുടെ വീട്' എന്നറിയപ്പെടുന്ന തെക്കൻ സിചുവാൻ ബേസിനിലാണ് സ്ഥിതി ചെയ്യുന്നത്. 1970 -കളിലും 80 -കളിലും 'ദശാൻപു മിഡിൽ ജുറാസിക് ദിനോസർ ഫോസിൽ സൈറ്റ്' കണ്ടെത്തിയതിനെത്തുടർന്ന് സിഗോങ് അന്താരാഷ്ട്ര ശ്രദ്ധ തന്നെ ആകർഷിച്ചു. പിന്നീട് ഈ സ്ഥലത്ത് ഒരു ദിനോസർ മ്യൂസിയവും സ്ഥാപിച്ചു.
എന്തായാലും, ഡിംഗ് സഹോദരന്മാരിൽ ഒരാളുടെ മകൾ ഈ കല്ലുകളുടെ ചിത്രം ഓൺലൈനിൽ ഷെയർ ചെയ്തതോടെ അത് ശ്രദ്ധ പിടിച്ചുപറ്റുകയും പിന്നീട്, മ്യൂസിയം ഇതേക്കുറിച്ച് പഠനം നടത്തി അത് ദിനോസർ കാല്പാടുകളുടെ ഫോസിലാണെന്ന് കണ്ടെത്തുകയുമായിരുന്നു. എന്നാലും, ഇത്രയും കാലം ചവിട്ടി നടന്നത് ചരിത്രപ്രാധാന്യമുള്ള ഫോസിലിലാണ് എന്ന് തിരിച്ചറിഞ്ഞതിന്റെ ഞെട്ടലാണ് സഹോദരന്മാർക്ക്.