പുലർച്ചെ 4 മണി വരെ ജോലി ചെയ്യുമെന്ന് വീമ്പു പറഞ്ഞു, ഇന്ത്യക്കാരനെ വിമർശിച്ച് ബ്രയാൻ ജോൺസൺ

Published : May 27, 2025, 03:37 PM IST
പുലർച്ചെ 4 മണി വരെ ജോലി ചെയ്യുമെന്ന് വീമ്പു പറഞ്ഞു, ഇന്ത്യക്കാരനെ വിമർശിച്ച് ബ്രയാൻ ജോൺസൺ

Synopsis

ബ്രയാൻ ജോൺസന്റെ അഭിപ്രായം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു. കുറേപ്പേർ അദ്ദേഹത്തെ പിന്തുണച്ചപ്പോൾ അദ്ദേഹത്തെ വിമർശിച്ചുകൊണ്ടും നിരവധി പേർ രംഗത്തെത്തി.

പുലർച്ചെ 4 മണിക്കും അവസാനിക്കാത്ത തൊഴിൽ സംസ്കാരത്തെ മഹത്വവൽക്കരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ഇന്ത്യൻ വെബ് ഡെവലപ്പറെ ശക്തമായ ഭാഷയിൽ വിമർശിച്ച് ബ്രയാൻ ജോൺസൺ. 

യുഎസ് കോടീശ്വരനും വാർദ്ധക്യമാവാതിരിക്കാനുള്ള പ്രവർത്തനങ്ങളുടെ പ്രചാരകനുമായ ബ്രയാൻ ജോൺസൺ, 'പുലർച്ചവരെ നീളുന്ന തൊഴിൽ സംസ്കാരത്തെ വീരോചിതമെന്നല്ല വിഡ്ഢിത്തം എന്നാണ് വിശേഷിപ്പിക്കേണ്ടത്' എന്നാണ് അഭിപ്രായപ്പെട്ടത്. ആരോഗ്യത്തിന് ഹാനികരമാകുന്ന ഈ പ്രവൃത്തിയെ ഒരു കാരണവശാലും മഹത്വവൽക്കരിക്കാൻ പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വെബ് ഡെവലപ്പർ ആയ പ്രിയാൻഷു തിവാരിയാണ് രാത്രി മുഴുവനും പുലർച്ചെവരെയും കോഡ് ചെയ്യുന്ന ഒരുകൂട്ടം ടെക് ജീവനക്കാരുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 'ഇത് പുലർച്ചെ 4 മണിയാണ്, പക്ഷേ ബിൽഡർമാർ ജോലി തുടരുന്നു. നിങ്ങളുടെ ഒഴിവുകഴിവ് എന്താണ്' എന്ന കുറിപ്പോടെയായിരുന്നു പ്രിയാൻഷു തിവാരി തൊഴിലാളികളുടെ ചിത്രങ്ങൾ പങ്കുവെച്ചത്. 

പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേർ ജീവനക്കാരുടെ കഠിനാധ്വാനത്തെ പ്രശംസിച്ചുകൊണ്ട് അഭിപ്രായപ്രകടനങ്ങൾ നടത്തി. എന്നാൽ, ബ്രയാൻ ജോൺസനിൽ പോസ്റ്റ് തെല്ലും മതിപ്പുളവാക്കിയില്ല എന്ന് മാത്രമല്ല ഈ തൊഴിൽ സംസ്കാരത്തെ  അദ്ദേഹം  വിമർശിക്കുകയും ചെയ്തു. 

ഇത് ഒരിക്കലും അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും പാടില്ലാത്ത പ്രവണതയാണെന്നും ദീർഘകാലം ഇത്തരത്തിൽ ജോലി ചെയ്താൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇപ്പോൾ ഇത് വീരോചിതമായി തോന്നാമെങ്കിലും കാലക്രമേണ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

കൂടാതെ സ്‌ക്രീനിൽ നോക്കി ദീർഘനേരം ഇരിക്കുന്നത് മെലാറ്റ്‌നോണിന്റെ അളവ് കുറയ്ക്കുമെന്നും ഉറക്കത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നും ഇത് ശരീരത്തിലെ കോർട്ടിസോളിന്റെയും കൊഴുപ്പിന്റെയും അളവ് വർദ്ധിപ്പിക്കുമെന്നും ബ്രയാൻ ജോൺസൺ വ്യക്തമാക്കി. കൂടാതെ ഓർമ്മശക്തി ക്ഷയിക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബ്രയാൻ ജോൺസന്റെ അഭിപ്രായം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു. കുറേപ്പേർ അദ്ദേഹത്തെ പിന്തുണച്ചപ്പോൾ അദ്ദേഹത്തെ വിമർശിച്ചുകൊണ്ടും നിരവധി പേർ രംഗത്തെത്തി. ഒരുകാലത്ത് ഇതുപോലെ കുറച്ച് തൊഴിലാളികൾ ജോലി ചെയ്തത് കൊണ്ടാണ് നിങ്ങൾ കോടീശ്വരൻ ആയത് എന്നായിരുന്നു ചിലർ അഭിപ്രായപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ