
ആയുസ്സും ആരോഗ്യവും വർദ്ധിപ്പിക്കാനുള്ള വിചിത്രമായ പരീക്ഷണങ്ങളിലൂടെ ലോകശ്രദ്ധ നേടിയ അമേരിക്കൻ ശതകോടീശ്വരൻ ബ്രയാൻ ജോൺസൺ വീണ്ടും വാർത്തകളിൽ നിറയുന്നു. തന്റെ കാമുകിയും ബോസ്നിയൻ-ഓസ്ട്രേലിയൻ ബയോഹാക്കറുമായ കേറ്റ് ടോളോയുടെ ആർത്തവ രക്തം താൻ ലാബ് ഫ്രീസറിൽ സൂക്ഷിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രയാൻ. വാർദ്ധക്യത്തെ ചെറുക്കാൻ വർഷംതോറും ദശലക്ഷക്കണക്കിന് ഡോളർ ചെലവഴിക്കുന്ന ബ്രയാൻ ജോൺസൺ, തന്റെ ഔദ്യോഗിക 'എക്സ്' അക്കൗണ്ടിലൂടെയാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്. 'കേറ്റിന്റെ 10 മില്ലിലിറ്റർ ആർത്തവ രക്തം എന്റെ -80 ഡിഗ്രി സെൽഷ്യസ് ഫ്രീസറിൽ സൂക്ഷിച്ചിട്ടുണ്ട്' എന്ന് കുറിച്ച ജോൺസൺ, ഇതിനുപിന്നിലെ ചില കാരണങ്ങളും നിരത്തുന്നുണ്ട്.
ഗർഭാശയ ആരോഗ്യം നേരിട്ടറിയാം: സാധാരണ രക്തപരിശോധനകളിലൂടെ ലഭിക്കാത്ത നിർണായകമായ വിവരങ്ങൾ ആർത്തവ രക്തത്തിലൂടെ കണ്ടെത്താനാകും. കാരണം ഇത് ഗർഭാശയത്തിൽ നിന്ന് നേരിട്ട് വരുന്നതാണ്.
വിഷവസ്തുക്കളുടെ സാന്നിധ്യം: ഗർഭാശയ കോശങ്ങൾ, രോഗപ്രതിരോധ കോശങ്ങൾ, സ്റ്റെം സെല്ലുകൾ എന്നിവയ്ക്ക് പുറമെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന മൈക്രോപ്ലാസ്റ്റിക്സ്, 'ഫോറെവർ കെമിക്കലുകൾ', ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമാകുന്ന രാസവസ്തുക്കൾ എന്നിവ ഈ രക്തത്തിലൂടെ കൃത്യമായി അളക്കാൻ സാധിക്കും.
ശസ്ത്രക്രിയകൾ ഒഴിവാക്കാം: ശസ്ത്രക്രിയ വഴിയുള്ള ബയോപ്സികൾ ഒഴിവാക്കി, എല്ലാ മാസവും ഗർഭാശയം സുരക്ഷിതമായി നിരീക്ഷിക്കാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
'ആർത്തവ രക്തം വളരെ മൂല്യമുള്ളതാണെങ്കിലും വൈദ്യശാസ്ത്രത്തിൽ വേണ്ടത്ര ഉപയോഗപ്പെടുത്താത്ത ഒന്നാണ്' എന്നാണ് ബ്രയാന്‍റെ വാദം.
Kate’s period blood is in my -80 °C freezer.
Around 10 mL. pic.twitter.com/OdLxO9qyJu— Bryan Johnson (@bryan_johnson) July 31, 2026
ഓൺലൈൻ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ 'ബ്രെയിൻട്രീ' സ്ഥാപിച്ച അമേരിക്കൻ സാങ്കേതിക വ്യവസായിയാണ് ബ്രയാൻ ജോൺസൺ. 2013 -ൽ ഈ കമ്പനി പേപാൽ 800 ദശലക്ഷം ഡോളറിന് സ്വന്തമാക്കി. തുടർന്ന് സാങ്കേതിക മേഖലയിൽ നിന്ന് മാറി, 'പ്രോജക്റ്റ് ബ്ലൂപ്രിന്റ്' എന്ന പദ്ധതിയിലൂടെ മനുഷ്യന്റെ ഏജിംഗ് (വയസ്സാവൽ) കുറയ്ക്കാനുള്ള തീവ്രശ്രമങ്ങളിലാണ് അദ്ദേഹം. അതീവ കർശനമായ സസ്യാഹാര രീതി, വിപുലമായ വൈദ്യ പരിശോധനകൾ, ദിനംപ്രതി ഡസൻകണക്കിന് മരുന്നുകളും വിറ്റാമിനുകളും കഴിക്കൽ എന്നിവ ഉൾപ്പെടുന്ന ജീവിതരീതിയാണ് അദ്ദേഹം പിന്തുടരുന്നത്. എന്നാൽ, ആയുർദൈർഘ്യത്തിനായി ഇത്തരം അതിരുകടന്ന പരീക്ഷണങ്ങൾ നടത്തുന്നത് ശരിയാണോ എന്ന് താൻ പോലും ചിലപ്പോൾ ചിന്തിച്ചുപോകാറുണ്ടെന്നും കഴിഞ്ഞ ദിവസം അദ്ദേഹം എക്സിൽ കുറിച്ചിരുന്നു.