മരിച്ച അമ്മക്കുറുക്കന്‍റെ വയര്‍ കീറി കുഞ്ഞുങ്ങളെ പുറത്തെടുത്തു, അവയെ പരിചരിച്ചു; ഇത് നിസ്വാര്‍ത്ഥ സ്നേഹത്തിന്‍റെ കഥ

By Web TeamFirst Published May 15, 2019, 3:21 PM IST
Highlights

ഇപ്പോൾ ആ കുറുക്കൻ കുഞ്ഞുങ്ങൾക്ക് ഏഴാഴ്ച പ്രായമുണ്ട്. അവയുമൊത്തുള്ള സുന്ദരമായ ചിത്രങ്ങൾ ക്രിസ് സാമൂഹ്യമാധ്യമങ്ങളിൽ തന്റെ അനുഭവകഥയോടൊപ്പം പങ്കുവെച്ചിരുന്നു.  

ഉൾനാട്ടിലെ വിജനമായ ഒരു റോഡിലൂടെ വാഹനത്തിൽ പോവുകയാണ് നിങ്ങൾ. പോകുന്ന വഴിക്ക് റോഡരികിൽ ഏതോ വാഹനമിടിച്ച് കിടക്കുന്ന ഒരു തെരുവുപട്ടിയെ നിങ്ങൾ കാണുന്നു. ഏറിവന്നാൽ നിങ്ങൾ എന്ത് ചെയ്യും..? വണ്ടി ഒതുക്കി അത് ചത്തോ എന്നൊന്ന് നോക്കും. അല്ലേ...? ചിലപ്പോൾ റോഡിൽ നിന്നും പട്ടിയുടെ ശവം വണ്ടിതട്ടാത്ത ഒരിടത്തേക്ക് മാറ്റിക്കിടത്തിയെന്നും വരാം. അങ്ങനെ ചെയ്യുന്ന പലരെയും നമ്മളെല്ലാവരും കണ്ടിട്ടുണ്ട്. എന്നാൽ, നിങ്ങൾ പോവുന്ന വഴി, വണ്ടി തട്ടി ചത്തുകിടക്കുന്നത് ഒരു കുറുക്കനാണെങ്കിലോ..? അടുത്ത് ചെന്ന് പരിശോധിച്ചപ്പോൾ അത് ഗർഭിണിയായിരുന്നു എന്ന് നിങ്ങൾ തിരിച്ചറിഞ്ഞാലോ..? ആ നിറവയറ്റിനുള്ളിൽ നിന്നും അനക്കങ്ങൾ നിങ്ങളുടെ കണ്ണിൽപ്പെട്ടാലോ..?  നിങ്ങളെന്തുചെയ്യും..?  ഈ ഒരു സാഹചര്യത്തിൽ ചെന്നുപെട്ട ഇംഗ്ലണ്ടിലെ സസെക്‌സ് കൗണ്ടിയിലുള്ള ക്രിസ് റോൾഫ് എന്ന ഇരുപത്തിനാലുകാരനായ  ഗ്രാമീണ കർഷകൻ ചെയ്തത് നമുക്കാർക്കും സങ്കൽപ്പിക്കാൻ പോലുമാവാത്ത ചിലതാണ്. 

രാത്രി ഏറെ വൈകിയിരുന്നു  റോൾഫ് ആവഴി വന്നപ്പോൾ.  ഹെഡ്‌ലൈറ്റിന്റെ വെട്ടത്തിൽ യാദൃച്ഛികമായിട്ടാണ്,  പരിക്കേറ്റു മരിച്ചു കിടക്കുന്ന ഗർഭിണിയായ  ആ കുറുക്കന്റെ ശരീരം അയാളുടെ കണ്ണിൽപെട്ടത്. അയാൾ ഡോക്ടറോ നഴ്സോ ഒന്നുമായിരുന്നില്ല. ആശുപത്രികളുമായി വിദൂരബന്ധം പോലുമുണ്ടായിരുന്നില്ല തൊഴിൽപരമായി അയാൾക്ക്.  പക്ഷേ, അയാൾ ഒട്ടേറെ വളർത്തുമൃഗങ്ങളെ പോറ്റിയ പരിചയമുള്ള ഒരു കർഷകനായിരുന്നു. ആ കുറുക്കന്റെ വയറ്റിനുളിൽ ഒന്നിലധികം കുഞ്ഞുങ്ങൾ അപ്പോഴും കിടന്നു പിടയ്ക്കുന്നുണ്ടെന്നും, താൻ ഉടനടി എന്തെങ്കിലും ചെയ്തിലെങ്കിൽ അവിടെ ഒന്നിലധികം മരണങ്ങൾ നടക്കുമെന്നും അയാൾക്ക് ഉറപ്പായി.  എങ്ങനെ ധൈര്യം വന്നു എന്നറിയില്ല, കാറിലേക്ക് തിരിച്ചു ചെന്ന അയാൾ അതിൽ സൂക്ഷിച്ചിരുന്ന തന്റെ കത്തി എടുത്തുകൊണ്ടു തിരിച്ചുവന്നു. മരിച്ചു കിടന്ന ആ കുറുക്കന്റെ വയറ്റിൽ  റോൾഫ് ഒരു എമർജൻസി സി സെക്ഷൻ ചെയ്തു. വയറിനുള്ളിൽ വീർപ്പുമുട്ടിക്കിടന്ന നാലു കുറുക്കൻ കുഞ്ഞുങ്ങളെ അയാൾ വയറുകീറി പുറത്തെടുത്തു. നാലാമത്തെ കുറുക്കൻ കുഞ്ഞും പുറത്തുവന്നപ്പോഴേക്കും നേരം പാതിരാത്രി.

കുഞ്ഞുങ്ങളെ തന്റെ കോട്ടിന്റെ പോക്കറ്റിലിട്ട്  റോൾഫ് വേഗം വണ്ടിയോടിച്ച് അധികം ദൂരെയല്ലാതെ സ്ഥിതിചെയ്യുന്ന തന്റെ അമ്മയുടെ വീട്ടിലെത്തി. അയാൾക്ക് പറയത്തക്ക വെറ്ററിനറി പരിശീലനമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, മുമ്പ് തന്റെ ഫാമിലെ ആടുകളിൽ ഇതുപോലെ സിസേറിയൻ ചെയ്യുന്നത് അയാൾ നേരിൽ കണ്ടിരുന്നു പലകുറി. ആ ഒരു ധൈര്യത്തിനായിരുന്നു അയാളിത് ചെയ്തത്. അയാളുടെ സമയോചിതമായ ഇടപെടൽ രക്ഷിച്ചത് നാല് ജീവനുകളെയാണ്. 

ഇപ്പോൾ ആ കുറുക്കൻ കുഞ്ഞുങ്ങൾക്ക് ഏഴാഴ്ച പ്രായമുണ്ട്. അവയുമൊത്തുള്ള സുന്ദരമായ ചിത്രങ്ങൾ ക്രിസ് സാമൂഹ്യമാധ്യമങ്ങളിൽ തന്റെ അനുഭവകഥയോടൊപ്പം പങ്കുവെച്ചിരുന്നു.  രാത്രിയിൽ, അസമയത്ത്, ആ കാട്ടിനുള്ളിൽ വണ്ടി നിർത്തി ആ തള്ളക്കുറുക്കനെ പരിശോധിക്കാനും, കുഞ്ഞുങ്ങളെ വയറുകീറി രക്ഷിക്കാനും  റോൾഫ്  കാണിച്ച മനസ്സാന്നിദ്ധ്യത്തെ വാനോളം പുകഴ്ത്തുകയാണ് സൈബർ ലോകം. പ്രദേശത്തെ കുറുക്കന്മാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന 'ദി ഫോക്സ് പ്രോജക്ട്' എന്ന എൻജിഒയുടെ സഹായം അവർക്ക് ലഭ്യമാവുന്നുണ്ട്. ജിഞ്ചർ, ബിസ്‌ക്കറ്റ്, ബിഗ് ടിപ്പ്‌ , ലിറ്റിൽ ടിപ്പ്‌ എന്നിങ്ങനെയാണ് അവർക്ക് റോൾഫ് ഇട്ടിരിക്കുന്ന പേരുകൾ. ആ കുഞ്ഞുങ്ങളെ പരിചരിച്ചത് റോൾഫിന്റെ അമ്മയായിരുന്നു. ആദ്യമാദ്യമൊക്കെ ഇടയ്ക്കിടെ പാലുകുടിക്കണമായിരുന്നു പിള്ളേർക്ക്. പിന്നെ പതുക്കെ അത് രണ്ടു മണിക്കൂർ ഇടവിട്ടാക്കി, എന്നിട്ട് മൂന്ന്  മണിക്കൂർ ഇടവിട്ട്. ഇപ്പോൾ പാലുകുടി നിർത്തി പൂർണ്ണമായും ഖരാഹാരമാക്കി. 

പലരും കുറുക്കന്മാരെ ഇണക്കി വളർത്തുന്നതിനെപ്പറ്റിയൊക്കെ പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും റോൾഫ് ആ ആശയത്തിന് എതിരാണ്. കുറുക്കന്മാർ പൂർണ്ണമായും വന്യജീവികളാണെന്നും, അവരെ നാട്ടിൽ വളർത്താൻ പാടില്ലെന്നും അയാള്‍ വിശ്വസിക്കുന്നു. ആറുമാസം കഴിയുമ്പോഴേക്കും ഈ കുറുക്കൻ കുഞ്ഞുങ്ങൾ വളരുമെന്നും അപ്പോൾ അവരെ തിരിച്ച് കാടിനുള്ളിൽ കൊണ്ടുചെന്നാക്കാം എന്നുമാണ് റോൾഫ് പ്രതീക്ഷിക്കുന്നത്. 


 

click me!