
ഓരോ ദിവസവും പലതരത്തിലുള്ള തട്ടിപ്പുകളാണ് നമ്മുടെ രാജ്യത്ത് നടക്കുന്നത്. അതിന്റെ ഭാഗമായി ഓരോ ദിവസവും വലിയ തുകകൾ നഷ്ടപ്പെടുന്ന ആളുകളും നമ്മുടെ നാട്ടിലുണ്ട്. അതുപോലെ ബംഗളൂരുവിലെ ഒരു കാബ് ഡ്രൈവർ ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തി കൈക്കലാക്കിയത് 40 ലക്ഷം രൂപയും 60 ലക്ഷം രൂപ വില വരുന്ന ആഭരണങ്ങളും ആണ്.
സംഭവം ഇങ്ങനെ: കാറിൽ കയറിയ സ്ത്രീ തന്റെ സുഹൃത്തിനോട് തന്റെ സ്വകാര്യമായ പ്രശ്നങ്ങൾ പറയുന്നത് കാബ് ഡ്രൈവർ കേട്ടു. അതോടെ ആ സ്ത്രീയെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ഒരു പദ്ധതി ഇയാൾ തയ്യാറാക്കുകയായിരുന്നു. കിരൺ എന്നാണ് ഡ്രൈവറുടെ പേര്. രണ്ടോ മൂന്നോ തവണ സ്ത്രീ ഇയാളുടെ വണ്ടിയിൽ യാത്ര ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇയാൾ ഇവരുടെ നമ്പർ സേവ് ചെയ്ത് വയ്ക്കുകയായിരുന്നു.
പിന്നീട്, ഇയാൾ അവളുടെ സുഹൃത്തായി നടിച്ചു കൊണ്ട് അവളെ വിളിച്ചു. സ്ത്രീയാണെങ്കിൽ പ്രശ്നങ്ങളെല്ലാം കിരണുമായി പങ്ക് വയ്ക്കാൻ തുടങ്ങി. അധികം വൈകാതെ ഈ വിവരങ്ങളെല്ലാം ഉപയോഗിച്ച് കൊണ്ട് ഇയാൾ സ്ത്രീയെ ബ്ലാക്ക്മെയിൽ ചെയ്യാനും തുടങ്ങി. 20 ലക്ഷം രൂപയും 60 ലക്ഷം രൂപയുടെ ആഭരണങ്ങളും സ്ത്രീ ഇയാൾക്ക് നൽകി. എന്നാൽ, എന്നിട്ടും ഇയാൾ ബ്ലാക്ക് മെയിൽ ചെയ്യുന്നത് നിർത്തിയില്ല.
സംശയം തോന്നിയ സ്ത്രീ കിരണിന്റെ നമ്പർ തന്റെ ബാല്യകാല സുഹൃത്തിന്റെ നമ്പറുമായി ഒത്തുനോക്കുകയും താൻ
പൂർണമായും പറ്റിക്കപ്പെട്ടു എന്ന് തിരിച്ചറിയുകയും ആയിരുന്നു. അവൾ അത് ചോദിച്ചപ്പോൾ കിരൺ സമ്മതിക്കുകയും ചെയ്തു. കൂടുതൽ പണം തന്നില്ലെങ്കിൽ എല്ലാ കാര്യങ്ങളും ഓൺലൈനിൽ പങ്ക് വയ്ക്കുമെന്നും വൈറലാക്കുമെന്നും ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തി.
പിന്നാലെ, സ്ത്രീ പൊലീസിനെ സമീപിച്ചു. ഏതായാലും ഈ നാടകങ്ങൾക്കെല്ലാം ശേഷം കിരൺ അറസ്റ്റ് ചെയ്യപ്പെട്ടു.