
ജയിൽ മോചിതനാവാൻ നാല് മാസം മാത്രം ബാക്കി നിൽക്കെ ജയിൽ ചാടിയ യുവാവിന് വീണ്ടും 40 വർഷത്തെ തടവുശിക്ഷ. മിസിസിപ്പിയിലാണ് സംഭവം. 2022 ഓഗസ്റ്റിലാണ് സെൻട്രൽ മിസിസിപ്പി കറക്ഷണൽ ഫെസിലിറ്റിയിൽ നിന്ന് ഷുനെക്ൻഡ്രിക്ക് ഹഫ്മാൻ എന്ന 21 -കാരൻ രക്ഷപ്പെടാൻ നോക്കിയത്.
പിന്നീട് അടുത്തുള്ള ഒരു വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും അവിടെയുണ്ടായിരുന്ന മൂന്നുപേരെ മണിക്കൂറുകളോളം തോക്കിൻമുനയിൽ നിർത്തുകയും ചെയ്തു. പിന്നീട് അതിലൊരാളുടെ കാറും മോഷ്ടിച്ചു. വിശദമായ തിരച്ചിലിന് ശേഷം, ഇയാൾ ജയിലിൽ നിന്ന് 3.2 കിലോമീറ്റർ അകലെയുള്ള വിറ്റ്ഫീൽഡിലെ മിസിസിപ്പി സ്റ്റേറ്റ് ഹോസ്പിറ്റലിലെ ഒരു കുപ്പയ്ക്കരികിൽ ഒളിച്ചിരിക്കുന്നതായി അധികൃതർ കണ്ടെത്തി.
വളരെ പെട്ടെന്ന് തന്നെ ഇയാളെ അറസ്റ്റ് ചെയ്യുകയും മണിക്കൂറുകൾക്കുള്ളിൽ തന്നെ തിരികെ ജയിലിൽ എത്തിക്കുകയും ചെയ്തു. പീഡനത്തിന് അറസ്റ്റിലായ ഇയാൾ ഏഴ് വർഷത്തെ ശിക്ഷ അനുഭവിക്കുകയായിരുന്നു. തടവ് തീരാൻ വെറും നാല് മണിക്കൂർ മാത്രം ബാക്കി നിൽക്കെയാണ് ഇയാൾ തടവ് ചാടിയത്. പിന്നാലെ ഇയാളെ ഇപ്പോൾ 40 വർഷത്തെ തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. ഇനി ഇയാൾ പുറത്തിറങ്ങണമെങ്കിൽ അയാളുടെ അറുപതുകളിൽ എത്തണം.
എന്നാലും മോചനത്തിന് വെറും നാല് മാസം മാത്രം ബാക്കി നിൽക്കെ ഇയാൾ എന്തിനാണ് ജയിൽ ചാടിയത് എന്നതാണ് എല്ലാവരും ചോദിക്കുന്ന ചോദ്യം. ഏതായാലും ഭാവിയിൽ ഇത്തരം ജയിൽചാട്ടങ്ങൾ ഇല്ലാതിരിക്കുന്നതിനായി ജയിലിലെ സൈറൺ സിസ്റ്റം ഒന്നുകൂടി ബലവത്താക്കും എന്നാണ് ജയിൽ അധികൃതർ പറയുന്നത്. അതുപോലെ കുറ്റവാളികൾ ജയിൽ ചാടിയാൽ അത് പ്രദേശത്തുള്ളവരെ അറിയിക്കുന്നതിനുള്ള സൈറൺ വേണ്ട വിധത്തിൽ പ്രവർത്തിക്കാത്തതിനും ജയിൽ അധികൃതർ മാപ്പ് ചോദിച്ചു.