
കാലിഫോര്‍ണിയ പൊലീസ് (California Police) കുറച്ചുനാളായി ഊണും ഉറക്കവുമില്ലാതെ ഒരു കുറ്റവാളിക്ക് പിറകിലോടുകയാണ്. എത്ര ശ്രമിച്ചിട്ടും ആളെ കിട്ടുന്നില്ല. കിട്ടിയാലാവട്ടെ പിടിക്കാനും കഴിയുന്നില്ല. ആരാണ് ആ കുറ്റവാളിയെന്നോ?
ഒരു കരിങ്കരടി!
വെറും കരടിയല്ല, വമ്പനൊരു കരടി! ഭാരം: 227 കിലോ. സാധാരണ കാട്ടില്‍ കാണുന്ന കരടികള്‍ക്കുണ്ടാവുന്ന ഭാരത്തിന്റെ എത്രയോ മടങ്ങ് കൂടുതല്‍. ഹങ്ക് ദ് ടാങ്ക് എന്നാണ് നാട്ടുകാരിട്ട ഒരു പേര്. മാധ്യമങ്ങളില്‍ ഈ കൂറ്റന്‍ കരടിയെ ഹെന്‍ട്രി രാജാവ് എന്നും വിളിച്ചുപോരുന്നു.
ഹങ്ക് ദ് ടാങ്ക് എന്ന പേരില്‍ തന്നെയുണ്ട് ഇവന്റെ സ്വഭാവം. വിശപ്പാണ് (Hungry) അവന് സദാസമയവും. സാധാരണ കരടികള്‍ കഴിക്കുന്നതല്ല പക്ഷേ അവന്റെ മെനുവിലുള്ളത്. മനുഷ്യര്‍ കഴിക്കുന്ന ഭക്ഷണമാണ്. പിസ, ബര്‍ഗര്‍, ഐസ്‌ക്രീം എന്നുവേണ്ട കിട്ടിയാല്‍ സ്‌കോച്ച് വിസ്‌കിയും അവനടിക്കും.
അതു തന്നെയാണ് അവന്റെ പ്രശ്‌നവും. മനുഷ്യരുടെ ഭക്ഷണം ഉണ്ടാവുക അവരുടെ വീടുകളിലാണല്ലോ. അതിനാല്‍, പുള്ളിക്കാരന് വിശന്നാല്‍, നേരെ അടുത്തുള്ള വീട്ടിലേക്ക് വെച്ചുപിടിക്കുകയാണ് പതിവ്. ഏതു വീടു അവന് ഭക്ഷണശാലയാണ്. നേരെ ചെല്ലുന്നു, വാതിലും ജനലുമെല്ലാം തല്ലിത്തുറക്കുന്നു. അകത്തുകയറി കണ്ണില്‍ കണ്ട ഭക്ഷണം ആവശ്യത്തിന് വാരിത്തിന്നശേഷം സ്ഥലം വിടുന്നു. ഇതാണവന്റെ രീതി.
സാധാരണ കരടികളെ കൈകാര്യം ചെയ്യുന്ന വിധത്തില്‍ അവനെ പിടിക്കാനായി നാട്ടുകാരും പൊലീസുകാരുമൊക്കെ പല വട്ടം ശ്രമം നടത്തിയെങ്കിലും ഫലിച്ചില്ല. ഒരായുധവും അവന് ഏശില്ല. അതിനാല്‍, അവനെ എങ്ങനെയെങ്കിലും കൊണ്ടുവരാനായി തോക്കും മറ്റായുധങ്ങളുമായി കാത്തുനില്‍ക്കുകയാണ് കാലിഫോര്‍ണിയ പൊലീസ്.
എന്നാല്‍, അവനെ കൊല്ലരുത് എന്നാണ് മൃഗസംരക്ഷണ സംഘടനകള്‍ പറയുന്നത്. മനുഷ്യര്‍ ഭക്ഷണം കൊടുത്തു ശീലമാക്കിയിട്ടാവണം അവന്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണം തേടി വരുന്നതെന്നാണ് അവര്‍ പറയുന്നത്. ''അതവന്റെ കുറ്റമല്ല, മനുഷ്യരുടെ കുറ്റമാണ്. അതിനാല്‍, അവനെ വെടിവെച്ചു കൊല്ലുന്നത് ശരിയല്ല. പിടികൂടി കാട്ടിലേക്ക് വിടുകയാണ് ചെയ്യേണ്ടത്. ''-ബിയര്‍ ലീഗ് എന്ന സംഘടന വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
എന്നാല്‍, നാട്ടില്‍ നടക്കുന്ന കോലാഹലമൊന്നും അവനെ ബാധിച്ചിട്ടേയില്ല എന്നതാണ് വാസ്തവം. ഇപ്പോഴും അവന്‍ പുറത്തിറങ്ങുന്നു. വിശക്കുന്ന സമയത്തൊക്കെ തൊട്ടടുത്ത വീടുകളിലേക്ക് ഇരച്ചുകയറി ആവശ്യത്തിന് ഫുഡടിച്ച് മടങ്ങി പോവുന്നു. ഉപദ്രവിക്കാനോ പിടിക്കാനോ ശ്രമിച്ചാല്‍, പേടിപ്പിക്കുകയോ ഓടിരക്ഷപ്പെടുകയോ ചെയ്യുന്നു.
ഇതുവരെയായി 40 വീടുകളില്‍ ഇവന്‍ കയറിക്കഴിഞ്ഞു. ഇക്കാലയളവില്‍ ഇതുമായി ബന്ധപ്പെട്ട് 150 -ലേറെ കോളുകള്‍ തങ്ങള്‍ക്ക് ലഭിച്ചതായി കാലിഫോര്‍ണിയ പൊലീസ് വ്യക്തമാക്കുന്നു.