Camel Beauty Contest : ഒട്ടകങ്ങള്‍ക്ക് സൗന്ദര്യശസ്ത്രക്രിയ; സൗദിയില്‍ നടപടി

By Web TeamFirst Published Dec 9, 2021, 2:23 PM IST
Highlights

സൗന്ദര്യം കൂട്ടുന്നതിന്റെ ഭാഗമായി ബോട്ടോക്‌സ് കുത്തിവയ്പ്പുകള്‍, മുഖം ഉയര്‍ത്തല്‍ ശസ്ത്രക്രിയ തുടങ്ങിയ കൃത്രിമ സൗന്ദര്യ വര്‍ധക മാര്‍ഗ്ഗങ്ങള്‍ക്ക് വിധേയരായ ഒട്ടകങ്ങളെയാണ് നിരോധിച്ചതെന്ന് എ പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.  


സൗദിയുടെ (Saudi Arabia) തലസ്ഥാനമായ റിയാദിന്റെ (Riyadh) വടക്കുകിഴക്ക് ഭാഗത്തുള്ള മരുഭൂമിയില്‍ എല്ലാ ഡിസംബര്‍ മാസത്തിലും  വ്യത്യസ്തമായ ഒരു ഒട്ടക സൗന്ദര്യമത്സരം (King Abdulaziz Camel Festival) നടക്കാറുണ്ട്. ഇത് കാണാനായി ലക്ഷക്കണക്കിന് ആളുകളാണ് എല്ലാ വര്‍ഷവും ഇവിടേയ്ക്ക് എത്തുന്നത്. ഈ സൗന്ദര്യമത്സരത്തിന്റെ പ്രത്യേകത, ഇതില്‍ പങ്കെടുക്കുന്നത് സ്ത്രീകളല്ല, മറിച്ച് ഒട്ടകങ്ങളാണ് എന്നതാണ്. 

കിംഗ് അബ്ദുല്‍ അസീസ് ഒട്ടക മേള എന്നാണ് ഇതറിയപ്പെടുന്നത്. ഏറ്റവും മനോഹരമായ ഒട്ടകങ്ങളുടെ ഉടമയ്ക്ക് ഏകദേശം 66 മില്യണ്‍ ഡോളറാണ് സമ്മാനത്തുക.  ഈ വര്‍ഷവും പതിവ് പോലെ ഒട്ടകമേള ആരംഭിക്കാനിരിക്കെ, 40 ഒട്ടകങ്ങളെ മത്സരത്തില്‍ നിന്ന് സൗദി അധികൃതര്‍ അയോഗ്യരാക്കിയ വാര്‍ത്തയാണ് പുറത്ത് വരുന്നത്.  സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.      

സൗന്ദര്യം കൂട്ടുന്നതിന്റെ ഭാഗമായി ബോട്ടോക്‌സ് കുത്തിവയ്പ്പുകള്‍, മുഖം ഉയര്‍ത്തല്‍ ശസ്ത്രക്രിയ തുടങ്ങിയ കൃത്രിമ സൗന്ദര്യ വര്‍ധക മാര്‍ഗ്ഗങ്ങള്‍ക്ക് വിധേയരായ ഒട്ടകങ്ങളെയാണ് നിരോധിച്ചതെന്ന് എ പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.  ഒട്ടകങ്ങളുടെ തല, കഴുത്ത്, കൂന്, വസ്ത്രധാരണം, നില്‍പ്പ് എന്നിവയെ അടിസ്ഥാനമാക്കിയാണ് ജൂറി അംഗങ്ങള്‍ വിജയിയെ നിശ്ചയിക്കുന്നത്. എന്നാല്‍ ഓരോ വര്‍ഷവും ഇതിന്റെ പേരില്‍ ഒട്ടകങ്ങളെ ഉടമകള്‍ പീഡിപ്പിക്കുന്നതായി ആരോപണമുണ്ട്. ചുണ്ടുകളും മൂക്കും നീട്ടുക, പുറത്തെ കൂന് ഉയര്‍ത്തുക തുടങ്ങിയ വേദനാജനകമായ മാര്‍ഗ്ഗങ്ങളിലൂടെ ഉടമകള്‍ ഒട്ടകങ്ങളെ കൂടുതല്‍ സുന്ദരികളാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആേരാപണം. ഇതു പരിഗണിച്ചാണ് ഇത്തവണ അന്വേഷണം നടന്നതും ഒട്ടകങ്ങളെ പുറത്താക്കിയതും.     

ഈ വര്‍ഷവും ഡസന്‍ കണക്കിന് ഒട്ടകങ്ങളുടെ ചുണ്ടുകളും മൂക്കും നീട്ടുകയും, മൃഗങ്ങളുടെ പേശികള്‍ വര്‍ദ്ധിപ്പിക്കാന്‍ ഹോര്‍മോണുകള്‍ ഉപയോഗിക്കുകയും, ഒട്ടകങ്ങളുടെ തലയിലും ചുണ്ടുകളിലും ബോട്ടോക്സ് കുത്തിവയ്ക്കുകയും, റബ്ബര്‍ ബാന്‍ഡ് ഉപയോഗിച്ച് ശരീരഭാഗങ്ങള്‍ വീര്‍പ്പിക്കുകയും ഫില്ലറുകള്‍ ഉപയോഗിക്കുകയും ചെയ്തതായി അധികൃതര്‍ കണ്ടെത്തി. പ്രത്യേകവും നൂതനവുമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കോസ്മെറ്റിക് മാറ്റങ്ങള്‍ക്ക് വിധേയമായ ഒട്ടകങ്ങളെ കണ്ടെത്തിയതെന്ന് മത്സരത്തിന്റെ വിധികര്‍ത്താക്കള്‍ അറിയിച്ചു. 

ഒട്ടകങ്ങളെ മനോഹരമാക്കാന്‍ ചെയ്യുന്ന എല്ലാ കൃത്രിമത്വവും, മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയും അവസാനിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് കര്‍ശനമായ പിഴയാണ് ചുമത്തുന്നത്. ഒട്ടകമേളയില്‍, സൗന്ദര്യ മത്സരത്തിന് പുറമേ, ഒട്ടക ഓട്ടവും, വില്‍പ്പനയും മറ്റ് ആഘോഷങ്ങളും നടക്കുന്നു. ഒട്ടകം വളര്‍ത്തല്‍ കോടിക്കണക്കിന് ഡോളറിന്റെ വ്യവസായമാണ് ഇവിടെ.  

click me!