പാർലമെന്റിലേക്ക് ഇന്ത്യയേക്കാൾ അഞ്ചു സിഖുകാരെ അധികമയച്ച് കാനഡ

By Web TeamFirst Published Oct 23, 2019, 3:55 PM IST
Highlights

24 സീറ്റ് കയ്യിലുള്ള എൻഡിപിയുടെ നേതാവ് ജഗ്‌മീത് സിങ്ങ്  കിങ്ങ് മേക്കർ റോളിൽ വരാനാണ് സാധ്യത

കനേഡിയൻ പാർലമെന്റിന്റെ ഹൗസ്‌ ഓഫ് കോമൺസിൽ ഇത്തവണത്തെ സിഖ് പ്രാതിനിധ്യം ഇന്ത്യൻ ലോക്സഭയിലേതിനേക്കാൾ അഞ്ച് കൂടുതലാണ്. നമ്മുടെ ലോക്സഭയിലേക്ക് ഇക്കുറി ആകെ 13 സിഖ് വംശജരാണ് തെരഞ്ഞെടുക്കപ്പെട്ടു വന്നിരിക്കുന്നതെങ്കിൽ കനേഡിയൻ പാർലമെന്റിൽ അത് 18 ആണ്. അതായത്  കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യയിൽ നിന്നുണ്ടായതിനേക്കാൾ അഞ്ചു സിഖുകാർ അധികം. ഒന്റാറിയോയിൽ നിന്ന് പത്തും, ബ്രിട്ടീഷ് കൊളംബിയയിൽ നിന്ന് നാലും, ആൽബെർട്ടയിൽ നിന്ന് മൂന്നും, ക്യൂബൈക്കിൽ നിന്ന് ഒന്നും വീതം സിഖ് എംപിമാരാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇതിൽ പതിമൂന്നുപേർ ലിബറൽ പാർട്ടിക്കാരും, അഞ്ചുപേർ കൺസർവേറ്റീവ് പാർട്ടിക്കാരും ഒരാൾ എൻഡിപിക്കാരനുമാണ്. 

 ട്രൂഡോയുടെ കാബിനെറ്റിലും ഇക്കുറി കാര്യമായ സിഖ് സാന്നിധ്യമുണ്ട്. പ്രതിരോധമന്ത്രി ഹർജിത്ത് സജ്ജൻ, അടിസ്ഥാനസൗകര്യ വകുപ്പ് മന്ത്രി അമർജീത് സോഹി, ശാസ്ത്രവികസന വകുപ്പ് മന്ത്രി നവദീപ് ബൈസ്, ടൂറിസം മന്ത്രി ബർഗിസ് ചാഗർ എന്നിവർ സിഖുകാരാണ്. ഇന്ത്യയിലും കാനഡയിലും ജനസംഖ്യയുടെ ഏകദേശം ഒരേ ശതമാനം (2%) സിഖുകാരാണുള്ളത്.

തെരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ കൂട്ടത്തിൽ ടിക്ടോക്കും ഇൻസ്റ്റഗ്രാമും, ഫേസ്ബുക്കും, ട്വിറ്ററും ഒക്കെ ഉപയോഗപ്പെടുത്തി ചെറുപ്പക്കാരായ വോട്ടർമാരുടെ വിശ്വാസമാർജിച്ച  ജഗ്മീത് സിങാണ് അടുത്ത കിങ്‌മേക്കർ ആകാൻ പോകുന്നത് എന്നാണ് സംസാരം. കാരണം, പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ വളരെ നേരിയ ഒരു മാർജിനാണ് ജയിച്ചത്. അതുകൊണ്ട് വളരെ ദുർബലമാണ് അദ്ദേഹത്തിന്റെ മുന്നണിയുടെ അവസ്ഥ. ന്യൂ ഡെമോക്രാറ്റിക് പാർട്ടി, അഥവാ എൻഡിപി ആണ് ജഗ്‌മീത് സിംഗിന്റെ പാർട്ടി. പാർട്ടി തെരഞ്ഞെടുപ്പിൽ ആകെ നേടിയിരിക്കുന്നത് 24 സീറ്റുകളാണ്. ട്രൂഡോയ്ക്ക് കിട്ടിയത് 157 സീറ്റുകൾ. കൺസർവേറ്റിവ് പാർട്ടിക്ക് 121 സീറ്റുകളും. 170 ആണ് ഭരണത്തിലേറാൻ വേണ്ട മാജിക് നമ്പർ. 

ഈ അവസരത്തിൽ 24 സീറ്റ് കയ്യിലുള്ള എൻഡിപിയുടെ നേതാവ് ജഗ്‌മീത് സിങ്ങ്  കിങ്ങ് മേക്കർ റോളിൽ വരാനാണ് സാധ്യത. ഇക്കുറി കഴിഞ്ഞ തവണത്തെ പാതി സീറ്റുകൾ മാത്രമേ എൻഡിപിയ്ക്ക് നേടാൻ കഴിഞ്ഞുള്ളൂവെങ്കിലും ഇത്തവണ അവർക്ക് കിട്ടിയ സീറ്റുകൾ ഏറെ നിർണായകമാകും. നാല്പതുകാരനായ ജഗ്‌മീത് സിങ്ങ് ഒരു പ്രധാനമന്ത്രി സ്ഥാനാർത്ഥിയും ആയിരുന്നു. ഇടതുചായ്‍വുള്ള എൻഡിപിയുടെ നേതാവായ ഈ നാല്പതുകാരൻ അറിയപ്പെടുന്ന ഒരു ക്രിമിനൽ ഡിഫൻസ് ലോയർ കൂടിയാണ്. അച്ഛൻ ജഗ് തരൺസിംഗ് പഞ്ചാബിലെ ബർണാലയിൽ നിന്നാണ് കാനഡയിലേക്ക് കുടിയേറുന്നത്. 

വരും വർഷങ്ങളിലെ കാനഡാ രാഷ്ട്രീയത്തിൽ സിഖ് ജനതയ്ക്ക് വഹിക്കാനുള്ളത് വളരെ പ്രസക്തമായ റോൾ തന്നെയാണ്, അതിന്റെ തലപ്പത്തു വരാൻ പോകുന്നതും ജഗ്‌മീത് സിങ്ങ് എന്ന യുവനേതാവ് തന്നെയായിരിക്കും. 

click me!