22 ഗ്രാമങ്ങളിലായി ഇരുപത് ലക്ഷം മരങ്ങള്‍; പ്രകൃതിയെ ഇങ്ങനെ തിരിച്ചെടുക്കാനാകുമോ?

By Web TeamFirst Published Oct 23, 2019, 1:15 PM IST
Highlights

ഒരു ജോലി തേടണമെന്നാണ് തോന്നിയത്. പക്ഷേ, എന്തുചെയ്യാം അനസൂയമ്മ സ്‍കൂളില്‍ പോയിരുന്നില്ല. അതുകൊണ്ട് തന്നെ ജോലി കിട്ടില്ലെന്നറിയാവുന്നത് കൊണ്ട് തനിക്കും തന്‍റെ ദത്തുപുത്രനും ജീവിക്കാനായി അവര്‍ കുഞ്ഞുകുഞ്ഞ് തൊഴിലുകള്‍ ചെയ്‍തു തുടങ്ങി. 

ചില്‍കപ്പള്ളി അനസൂയമ്മ തെലങ്കാനയിലെ സങ്കറെഡ്ഡി ജില്ലയിലെ പസ്‍താപൂര്‍ എന്ന ഗ്രാമത്തിലെ താമസക്കാരിയാണ്. നൂറുകണക്കിനാളുകളുടെ കരഘോഷങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ക്കുമിടയില്‍ അനസൂയമ്മയും ടീമംഗങ്ങളും യുനെസ്കോയുടെ ഒരു അവാര്‍ഡ് ഏറ്റുവാങ്ങി. ഒരു സാധാരണഗ്രാമത്തിലെ, വിദ്യാഭ്യാസമില്ലാത്ത എടുത്തുപറയാന്‍ ഒന്നുമില്ലാത്ത ഒരു സ്ത്രീയെ തേടി എങ്ങനെയാണ് ആ പുരസ്‍കാരമെത്തിയത്? അത് വെറുതെയെത്തിയതല്ല, അവരുടെ ഏറെകാലത്തെ പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ് ആ പുരസ്‍കാരം. 

''എനിക്ക് വിശ്വസിക്കാന്‍ കഴിയാത്തൊരു അനുഭവമായിരുന്ന അത്. എന്‍റെ സ്വപ്നങ്ങളില്‍ പോലും ഇത്തരമൊരു സംഭവമുണ്ടായിരുന്നില്ല. എന്നെപ്പോലൊരു സ്ത്രീ ഇങ്ങനെയൊരു അവാര്‍ഡ് ലഭിക്കുന്നത്. ഇങ്ങനെ അംഗീകരിക്കപ്പെടുന്നതും പ്രോത്സാഹിപ്പിക്കപ്പെടുന്നതും സമൂഹത്തിലുള്ള എന്‍റെ വിശ്വാസം വര്‍ധിപ്പിക്കുന്നു...'' എന്നാണ് അനസൂയമ്മ പറഞ്ഞത്.  ഡെക്കാന്‍ ഡെവലപ്മെന്‍റ് സൊസൈറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നു വര്‍ഷങ്ങളായി ഇവര്‍. അത് ഒരു എന്‍ജിഒ ആണ്. എന്‍ജിഒയുടെ കീഴിലെ സ്ത്രീകളുടെ കൂട്ടായ്‍മയില്‍ പരമ്പരാഗതമായ രീതികളുപയോഗിച്ച് കൃഷി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. 22 ഗ്രാമങ്ങളിലായി ഇരുപത് ലക്ഷം ചെടികളാണ് അനസൂയമ്മയും സംഘവും വച്ചുപിടിപ്പിച്ചത്. അങ്ങനെയിന്ന് ആ ഗ്രാമങ്ങളില്‍ രണ്ട് ഡസനിലേറെ കാടുണ്ടായി. 

പരിസ്ഥിതിയിലേക്കുള്ള കാല്‍വെപ്പ്

1993 നവംബര്‍ മാസത്തിലെ ഒരു തണുത്ത പ്രഭാതത്തില്‍ അനസൂയമ്മ ഉറക്കമുണര്‍ന്നത് ഒരു വേദനിപ്പിക്കുന്ന സത്യത്തിലേക്കാണ്. അനസൂയമ്മയുടെ ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചു പോകുന്നത് അന്നാണ്. ഭര്‍ത്താവുപേക്ഷിക്കുമ്പോള്‍ 20 വയസ്സായിരുന്നു അനസൂയമ്മയുടെ പ്രായം. ''എന്‍റെ ജീവിതം തീര്‍ന്നുവെന്ന് തന്നെയാണ് എന്‍റെ മാതാപിതാക്കള്‍ കരുതിയത്. ബന്ധുക്കളും അയല്‍ക്കാരും സംഭവിച്ചതിന് എന്നെ ശപിക്കുകയാണ് ചെയ്‍തത്. ഞാനാകെ തകര്‍ന്നിരുന്നു. പക്ഷേ, ലോകത്തിന്‍റെ അവസാനം അതല്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.'' അനസൂയമ്മ പറയുന്നു. 

ഒരു ജോലി തേടണമെന്നാണ് തോന്നിയത്. പക്ഷേ, എന്തുചെയ്യാം അനസൂയമ്മ സ്‍കൂളില്‍ പോയിരുന്നില്ല. അതുകൊണ്ട് തന്നെ ജോലി കിട്ടില്ലെന്നറിയാവുന്നത് കൊണ്ട് തനിക്കും തന്‍റെ ദത്തുപുത്രനും ജീവിക്കാനായി അവര്‍ കുഞ്ഞുകുഞ്ഞ് തൊഴിലുകള്‍ ചെയ്‍തു തുടങ്ങി. അങ്ങനെയാണ് DDS -മായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലേക്കെത്തുന്നത്. ''ഞങ്ങളുടെ ഗ്രാമത്തിലെ ഓരോരുത്തരും വെള്ളം കൊണ്ടുവരുന്നതിനായി മൈലുകള്‍ താണ്ടുകയായിരുന്നു. അത്രപോലും അവിടെ വെള്ളമില്ലായിരുന്നു. നാട്ടിലെ തരിശുഭൂമികളില്‍ മരം നട്ടുപിടിപ്പിച്ചാല്‍ അതിന് എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് തോന്നിയിരുന്നു. DDS പറഞ്ഞത് മഴവെള്ളം മണ്ണിലേക്കിറങ്ങുന്നതിന് മരങ്ങള്‍ സഹായിക്കും എന്നാണ്. അങ്ങനെയാണ് അങ്ങനെ ഒരു പ്രവര്‍ത്തനത്തിലേക്ക് തിരിയാന്‍ ഞാന്‍ തീരുമാനിക്കുന്നത്.'' എന്നാണ് അതേക്കുറിച്ച് അനസൂയമ്മ പറയുന്നത്.

രാവിലെ അനസൂയമ്മ പണിക്ക് പോകും. രാത്രിയില്‍ DDS സംഘടിപ്പിക്കുന്ന മരം നടീല്‍ പരിശീലനത്തിനും. കുറച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ DDS -ല്‍ ചെലവഴിക്കുന്ന സമയം കൂടിവന്നു. മരങ്ങള്‍ നട്ടുപിടിപ്പിക്കുക എന്നത് അവരുടെ ജീവിതലക്ഷ്യം തന്നെയായി മാറി. ആദ്യമൊക്കെ ഗ്രാമീണര്‍ അവരെ പലതുംപറഞ്ഞ് പിന്തിരിപ്പിക്കുന്നുണ്ടായിരുന്നു. ഈ കിളയും മരംനടീലുമൊക്കെ ആണുങ്ങളുടെ പണിയല്ലേ എന്നതായിരുന്നു പ്രധാനചോദ്യം. മരം നടുന്നതിനെക്കുറിച്ചുള്ള ബോധവല്‍ക്കരണവുമായി എന്നിട്ടും അനസൂയമ്മ ഗ്രാമങ്ങളിലെ മനുഷ്യര്‍ക്കിടയിലേക്കിറങ്ങി. 

ചിലയിടങ്ങളിലാകട്ടെ സ്ഥലത്തിന് ഉടമയുണ്ടാകില്ല. ഗ്രാമത്തിന്‍റേത് എന്നതരത്തില്‍ കിടക്കുന്ന ആ ഭൂമിയില്‍ മരം നടാന്‍ ചെല്ലുമ്പോള്‍ ഗ്രാമവാസികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ടേയിരുന്നു. അവരെ കാര്യം പറഞ്ഞ് മനസിലാക്കുക എന്നത് ബുദ്ധിമുട്ടുള്ള ജോലിയായിരുന്നു. പക്ഷേ, ആ പ്രതിസന്ധികളിലൊന്നും തളരാതെ DDS -ന്‍റെ സജീവ പ്രവര്‍ത്തകയായി അനസൂയമ്മ നിന്നു. 

അടുത്ത ഗ്രാമത്തില്‍ 32 തരം ചെടികള്‍ നട്ടുകഴിഞ്ഞപ്പോള്‍ അനസൂയമ്മയുടെ ആത്മാര്‍ത്ഥത തിരിച്ചറിഞ്ഞ DDS അനസൂയമ്മയോട് സ്വന്തമായി ഗ്രാമത്തിലുള്ളവര്‍ക്ക് മരം നടുന്നതില്‍ പരിശീലനം നല്‍കാനും അവരെവെച്ച് ഒരു സംഘം രൂപീകരിക്കാനും പറയുന്നു. ചെടികള്‍ നേടാനും അവ നട്ടുപിടിപ്പിക്കാനുമെല്ലാം കളക്ടറുടെയടക്കം അനുവാദം ആവശ്യമായിരുന്നു. DDS ചെടി നടുന്നവര്‍ക്കായി ഒരു നിശ്ചിത തുകയും തീരുമാനിച്ചിട്ടുണ്ടായിരുന്നു. ശാസ്ത്രീയമായ വിശകലനം നടത്തിയാണ് ചെടിനടുന്നത് മുന്നോട്ട് പോയത്. പെസ്റ്റ് റിസ്‍ക് അനാലിസിസിലൂടെ (Pest risk analysis) ഓരോ മണ്ണിനും ചേരുന്ന ചെടികള്‍ കണ്ടെത്തി. ഗ്രാമത്തിലെ മുതിര്‍ന്നവര്‍ നല്‍കിയ അവരുടെ അനുഭവത്തിലൂടെയുള്ള അറിവുകളും സഹായകമായി. 

1200 ഏക്കറിലാണ് അനസൂയമ്മ കാട് വളര്‍ത്തിയിരിക്കുന്നത്. അതില്‍ 80 ശതമാനവും വിജയമായിരുന്നുവെന്നും അവര്‍ പറയുന്നു. എങ്ങനെയാണ് വിജയവും പരാജയവും കണക്കാക്കുന്നത് എന്ന് ചോദിക്കുമ്പോള്‍ അവര്‍ ചിരിക്കുന്നു. അവിടെയെത്തുന്ന പക്ഷികളും മൃഗങ്ങളുമാണ് തന്‍റെ പ്രവൃത്തി വിജയകരമായിരുന്നുവെന്നതിന് തെളിവെന്ന് ചൂണ്ടിക്കാണിക്കുകയാണ് ആത്മവിശ്വാസത്തോടെ അവര്‍. തന്‍റെ അവസാനശ്വാസം വരെ താനീ പ്രവൃത്തി തുടരുമെന്നും അനസൂയമ്മ പറയുന്നു. 

click me!