
വർഷം 15 ലക്ഷം പാക്കേജിൽ ജോലിക്ക് കയറിയ ജീവനക്കാരി കമ്പനി ലാപ്‍ടോപ്പുമായി കടന്നു കളഞ്ഞതായി സിഇഒ. ഒടുവിൽ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഭീഷണി മുഴക്കേണ്ടി വന്നുവെന്നും വന്ഷീവ് ടെക്നോളജീസിന്റെ സ്ഥാപകനും സിഇഒയുമായ ഗൗരവ് ഖേതർപാൽ തന്റെ പോസ്റ്റിൽ പറയുന്നു. ദിവ്യ എന്ന യുവതി വാർഷിക പാക്കേജായ 15 ലക്ഷത്തിനാണ് കമ്പനിയിൽ ജോലിക്കായി എത്തിയത്. ഇവരുടെ നോട്ടീസ് കാലാവധി പൂർത്തിയാക്കാൻ കമ്പനി മൂന്ന് മാസം കാത്തിരുന്നു. എന്നാൽ, ജോലിക്കെത്തുന്നതിന് കൃത്യം മൂന്ന് ദിവസം മുമ്പ് അവർ 50,000 രൂപ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടു. അവസാന നിമിഷം ഒരാൾ പിന്മാറുന്ന സാഹചര്യം ഒഴിവാക്കാൻ കമ്പനി ഈ ആവശ്യം അംഗീകരിച്ചു. തുടർന്ന് ദിവ്യ ഓൺബോർഡിംഗ് നടപടികൾ പൂർത്തിയാക്കി കമ്പനി നൽകിയ ലാപ്ടോപ്പ് കൈപ്പറ്റി. ഇതിനുപിന്നാലെ വ്യക്തിപരമായ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും കമ്പനി അത് അംഗീകരിക്കുകയും ചെയ്തു.
എന്നാൽ, ഇതിന്റെ അടുത്ത ദിവസം തന്നെ അവർ കോളുകൾക്കോ ഇമെയിലുകൾക്കോ ഒന്നും മറുപടി നൽകാതെ അപ്രത്യക്ഷയായി. ഒടുവിൽ കമ്പനി അവരുമായി ബന്ധപ്പെട്ടപ്പോൾ, വ്യക്തിപരമായ കാരണങ്ങളാൽ ജോലി തുടരാനാകില്ലെന്നായിരുന്നു മറുപടി. 'ലാപ്ടോപ്പ് വന്ന് എടുത്തോളൂ' എന്ന ധാർഷ്ട്യം നിറഞ്ഞ മറുപടി തന്നെ അമ്പരപ്പിച്ചതായും പോസ്റ്റിൽ പറയുന്നു. തുടർന്ന് സിഇഒ നേരിട്ട് ഇടപെടുകയും, നിശ്ചിത സമയത്തിനകം ഓഫീസിൽ ലാപ്ടോപ്പ് തിരികെ നൽകിയില്ലെങ്കിൽ നിയമനടപടികളും ക്രിമിനൽ നടപടികളും സ്വീകരിക്കുമെന്ന് കാണിച്ച് ഇമെയിൽ അയക്കുകയും ചെയ്തു. ഈ ഇമെയിലിന്റെ സ്ക്രീൻഷോട്ടും എക്സിൽ പങ്കുവെച്ചിട്ടുണ്ട്. തനിക്ക് നിയമപരമായ കുഴപ്പങ്ങൾ ഉണ്ടാകുമെന്ന് മനസ്സിലായതോടെയാണ് അവർ ലാപ്ടോപ്പ് നേരിട്ട് തിരിച്ചെത്തിച്ചത്.
Imagine selling your soul for 25K! That too when you are on 15 LPA.
> You wait for a candidate to serve full notice period of 3 months
> 3 Days before joining, candidate asks you to increase their package by 50K - you somehow agree as you don't want another last minute back out… pic.twitter.com/leqebxQXJY— Gaurav Kheterpal (@gauravkheterpal) August 7, 2026
വന്ഷീവ് വാഗ്ദാനം ചെയ്തതിനേക്കാൾ 25,000 രൂപ കൂടുതൽ നൽകിയ മറ്റൊരു കമ്പനിയിലാണ് ദിവ്യ ജോലിയിൽ ചേർന്നതെന്ന് പിന്നീട് കമ്പനി കണ്ടെത്തിയതായി ഖേതർപാൽ വ്യക്തമാക്കി. '15 ലക്ഷം ശമ്പളം വാങ്ങുന്ന ഒരാൾ വെറും 25,000 രൂപയ്ക്ക് സ്വന്തം ആത്മാവിനെ വിൽക്കുന്നതായി ചിന്തിച്ചുനോക്കൂ' എന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ചിലർ സിഇഒയെ അനുകൂലിച്ചാണ് കമന്റുകൾ നൽകിയിരിക്കുന്നത്. എന്നാൽ, ശരിക്കും അവർ ജോലി മാറാൻ കാരണം ആ 25,000 രൂപ മാത്രമാണോ കാരണമെന്നും പലരും അന്വേഷിച്ചിട്ടുണ്ട്. നിങ്ങളൊരു സിഇഒ ആണ് ഇത്ര വൈകാരികമായി പെരുമാറേണ്ടതില്ല എന്നും ആളുകൾ കുറിച്ചിട്ടുണ്ട്.