2023 ഫെബ്രുവരി 21-നാണ് അബി ചോയിയെ കാണാതാകുന്നത്. മുൻ ഭർത്താവിന്റെ സഹോദരൻ ആന്റണി ക്വോങ്ങിന്റെ കാറിൽ കയറിപ്പോയ അബിയെ പിന്നീട് കാണാതാവുകയായിരുന്നു.

മോഡലും സോഷ്യലൈറ്റുമായ അബി ചോയിയുടെ ദാരുണമായ കൊലപാതകത്തിൽ, മുൻഭർത്താവ് ഉൾപ്പടെയുള്ള പ്രതികളുടെ വിചാരണ ആരംഭിച്ചു. ആഗോളതലത്തിൽ തന്നെ വലിയ നടുക്കമുണ്ടാക്കിയ കേസാണിത്. കൊലപാതകം നടന്ന് മൂന്ന് വർഷത്തിന് ശേഷമാണ് ഹോങ് കോങ് ഹൈക്കോടതിയിൽ കേസിന്റെ വിചാരണ നടപടികൾക്ക് തുടക്കമായിരിക്കുന്നത്. അബി ചോയിയെ വധിച്ച കേസിലെ പ്രധാന പ്രതികളായ മുൻഭർത്താവ് അലക്സ് ക്വോങ്, ഇയാളുടെ സഹോദരൻ ആന്റണി ക്വോങ്, മുൻ പോലീസ് ഉദ്യോഗസ്ഥൻ കൂടിയായ പിതാവ് ക്വോങ് കൗ എന്നിവരാണ് വിചാരണ നേരിടുന്നത്. മൃതദേഹം കഷണങ്ങളാക്കി സൂപ്പിൽ വേവിച്ച നിലയിൽ കണ്ടെത്തിയ കേസിൽ വിചാരണ നടപടികൾ 45 ദിവസത്തോളം നീണ്ടുനിൽക്കുമെന്നാണ് റിപ്പോർട്ടുകൾ.

ദാരുണമായ കൊലപാതകവും അന്വേഷണവും

2023 ഫെബ്രുവരി 21-നാണ് അബി ചോയിയെ കാണാതാകുന്നത്. മുൻ ഭർത്താവിന്റെ സഹോദരൻ ആന്റണി ക്വോങ്ങിന്റെ കാറിൽ കയറിപ്പോയ അബിയെ പിന്നീട് കാണാതാവുകയായിരുന്നു. മൂന്ന് ദിവസങ്ങൾക്ക് ശേഷം, ഹോങ് കോങ്ങിലെ ഒരു ഗ്രാമപ്രദേശത്തുള്ള വീടിന്റെ ഫ്രിഡ്ജിലും വലിയ സൂപ്പ് പാത്രത്തിലുമായി അബിയുടെ മൃതദേഹാവശിഷ്ടങ്ങൾ പോലീസ് കണ്ടെത്തുകയായിരുന്നു. പാചകം ചെയ്ത നിലയിലാണ് ശരീരഭാഗങ്ങളിൽ ചിലത് കണ്ടെത്തിയതെന്ന പോലീസ് വെളിപ്പെടുത്തൽ അന്ന് അന്താരാഷ്ട്ര തലത്തിൽ വൻ വാർത്തയായിരുന്നു.

തുടർന്ന് നടന്ന് തെരച്ചിലിൽ, ഡ്രൈവറായ ആന്റണിയെയും മാതാപിതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. നഗരത്തിലുടനീളം ഊർജ്ജിതമായ തിരച്ചിൽ പ്രഖ്യാപിച്ചതിനെ തുടർന്ന്, കടൽമാർഗ്ഗം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് മുൻഭർത്താവ് അലക്സ് ക്വോങ് അറസ്റ്റിലായത്.

ആഗോള ശ്രദ്ധ നേടിയ കേസ്

പ്രശസ്ത നടൻ ആരോൺ ക്വോങ്, ഭാര്യ മോക്ക ഫാംഗ് എന്നിവരുടെ അടുത്ത സുഹൃത്തായിരുന്ന അബി ചോയി, ഫാഷൻ ലോകത്തെ പ്രമുഖ വ്യക്തിത്വമായിരുന്നു. പാരീസ് ഫാഷൻ വീക്കിലും പ്രമുഖ അന്താരാഷ്ട്ര മാഗസിനുകളിലും നിറഞ്ഞുനിന്നിരുന്ന അബിയുടെ വധം ഹോങ് കോങ്ങിനെ നടുക്കി.

18-ാം വയസ്സിൽ അലക്സ് ക്വോങ്ങിനെ വിവാഹം കഴിച്ച അബി, ആ ബന്ധത്തിൽ രണ്ട് കുട്ടികളുണ്ടായ ശേഷം മൂന്ന് വർഷത്തിനകം വിവാഹമോചനം നേടി. പിന്നീട് പ്രമുഖ വ്യവസായ കുടുംബത്തിലെ അംഗമായ ക്രിസ് താം ഫോങ്-ചുനുമായി ഒന്നിച്ചു ജീവിക്കുകയും ഈ ബന്ധത്തിൽ രണ്ട് കുട്ടികൾ കൂടി ജനിക്കുകയും ചെയ്തു.

വിചാരണവേളയിൽ, കേസിൽ ഇതുവരെ പുറത്തുവരാത്ത സാമ്പത്തിക തർക്കങ്ങൾ ഉൾപ്പെടെയുള്ള പ്രേരണകൾ പ്രോസിക്യൂഷൻ വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.