40 വർഷം മുമ്പ് മോഷണം പോയ പുസ്തകം തപാലിലെത്തി തിരികെ; ഒപ്പം കണ്ണുനിറയ്ക്കുന്ന മാപ്പപേക്ഷയും 100 ഡോളറും!

Published : Aug 07, 2026, 02:37 PM IST
The Unstrung Harp

Synopsis

നാല് പതിറ്റാണ്ട് മുമ്പ് ഒരു പുസ്തകശാലയിൽ നിന്ന് മോഷ്ടിക്കപ്പെട്ട എഡ്വേർഡ് ഗോറെയുടെ അപൂർവ്വ ഗ്രന്ഥം തപാലിൽ തിരികെയെത്തി. പുസ്തകത്തോടൊപ്പം, ചെയ്ത തെറ്റിന് ക്ഷമ ചോദിച്ചുകൊണ്ടുള്ള ഒരു കത്തും 100 ഡോളറും അയച്ചയാൾ വെച്ചിരുന്നു. ജീവിതത്തിലെ മോശം കാലഘട്ടത്തിൽ ചെയ്ത തെറ്റ് തിരുത്താനുള്ള ഈ പ്രവൃത്തി പുസ്തകശാല ഉടമയെ വികാരാധീനയാക്കി.

നാല് പതിറ്റാണ്ട് മുമ്പ് പുസ്തകശാലയിൽ നിന്ന് മോഷ്ടിച്ച അപൂർവ്വ ഗ്രന്ഥം തപാലിൽ തിരികെയെത്തി. പുസ്തകത്തിനൊപ്പം കണ്ണുനിറയ്ക്കുന്ന ഒരു മാപ്പപേക്ഷയും 100 ഡോളറും (ഏകദേശം 8,300 ഇന്ത്യൻ രൂപ) പുസ്തകത്തോടാപ്പം ലഭിച്ചു. അമേരിക്കൻ എഴുത്തുകാരനും പ്രശസ്ത കോസ്റ്റ്യൂം ഡിസൈനറുമായ എഡ്വേർഡ് ഗോറെയുടെ 1953 -ൽ പുറത്തിറങ്ങിയ 'ദി അൺസ്ട്രംഗ് ഹാർപ്പ്' (The Unstrung Harp) എന്ന പുസ്തകത്തിന്‍റെ അപൂർവ്വമായ ആദ്യ പതിപ്പാണ് ഇത്തരത്തിൽ പുസ്തകശാലയ്ക്ക് തിരികെ കിട്ടിയത്.

കണ്ണ് നനയിച്ച കത്ത്

നോർത്തേൺ കാലിഫോർണിയയിലെ യൂറേക്കയിൽ പ്രവർത്തിക്കുന്ന 'ബുക്ക്‌ലെഗ്ഗർ' എന്ന പ്രശസ്തമായ പുസ്തകശാലയിലാണ് അപൂർവ്വ സംഭവം നടന്നത്. ഓഗസ്റ്റ് 3 -ന് കടയുടമയായ ജെന്നിഫർ മക്ഫാഡൻ ജോലി കഴിഞ്ഞ് ഇറങ്ങാൻ ഒരുങ്ങവേയാണ് കടയിലേക്ക് ഒരു പാക്കറ്റ് തപാലിൽ എത്തുന്നത്. വിലാസം വ്യക്തമല്ലാതിരുന്ന പാക്കറ്റിൽ എന്താണെന്നറിയാനുള്ള ജീവനക്കാരുടെ ആകാംക്ഷ കാരണം ജെന്നിഫർ അത് തുറന്ന് നോക്കുകയായിരുന്നു. എന്നാൽ, അതിനുള്ളിലെ കത്തും പുസ്തകവും കണ്ടതോടെ ജെന്നിഫറിന്‍റെയും കൂടെയുണ്ടായിരുന്ന രണ്ട് ജീവനക്കാരുടെയും കണ്ണുകൾ നിറഞ്ഞു. 

 

 

"ആരാണ് അയച്ചതെന്ന് വ്യക്തമല്ലാത്ത ഒരു ചെറിയ പാക്കറ്റാണ് ഞങ്ങൾക്ക് തപാലിൽ ലഭിച്ചത്. പുസ്തകങ്ങളെക്കുറിച്ചുള്ള വല്ല പരസ്യവുമാകാം എന്നാണ് ഞങ്ങൾ ആദ്യം കരുതിയത്. എന്നാൽ അത് തുറന്നു നോക്കിയപ്പോൾ കണ്ട കാഴ്ച ഞങ്ങളെ ഏറെ വികാരാധീനരാക്കി," ജെന്നിഫർ സോഷ്യൽ മീഡിയയിൽ കുറിച്ചു. "40 വർഷങ്ങൾക്ക് മുമ്പ് ഞങ്ങളുടെ കടയിൽ നിന്ന് മോഷ്ടിച്ച പുസ്തകമാണ് ആ വ്യക്തി തിരികെ അയച്ചു തന്നത്. അതിനൊപ്പം 100 ഡോളറും വളരെ ആത്മാർത്ഥമായ ഒരു മാപ്പപേക്ഷയും ഉണ്ടായിരുന്നു. എത്ര വൈകിയാണെങ്കിലും ചെയ്ത തെറ്റ് തിരുത്താൻ വലിയ ധൈര്യം വേണം. മനുഷ്യർക്ക് തെറ്റുകൾ പറ്റാം, എന്നാൽ, മനുഷ്യത്വത്തിന്‍റെ നന്മ വെളിവാക്കുന്ന നിമിഷങ്ങൾ അതിനേക്കാൾ വളരെ വലുതാണ്," ജെന്നിഫർ കൂട്ടിച്ചേർത്തു.

പുസ്തകം മോഷ്ടിച്ചത്

1980 -കളുടെ തുടക്കത്തിൽ എച്ച്.എസ്.യുവിൽ പഠിച്ചിരുന്ന കാലത്ത് കടുത്ത മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടിരുന്നതിനാലാണ് പുസ്തകം മോഷ്ടിച്ചതെന്ന് കത്തിൽ പറയുന്നു. പിന്നീട് ജീവിതം തിരികെപ്പിടിച്ച അദ്ദേഹം, അടുത്തിടെ ഗാരേജ് വൃത്തിയാക്കുന്നതിനിടയിലാണ് വർഷങ്ങൾക്ക് മുമ്പ് മോഷ്ടിച്ച പുസ്തകം കണ്ടെടുക്കുന്നത്. കത്തിലുണ്ടായിരുന്ന ഫോൺ നമ്പറിലേക്ക് തിരികെ മെസ്സേജ് അയക്കുമെന്ന് ജെന്നിഫർ വ്യക്തമാക്കി. ഇത്രയും കാലം മനസ്സിൽ ചുമന്ന കുറ്റബോധത്തിൽ നിന്ന് ആ മനുഷ്യൻ പൂർണ്ണമായും മുക്തനാകാനും നന്ദി അറിയിക്കാനുമാണ് താൻ ആഗ്രഹിക്കുന്നതെന്നും ജെന്നിഫർ കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

ചീവീടുകളുടെ ശബ്ദം കേട്ടത് നാല് മണിക്കൂർ; പിന്നാലെ 18 -കാരന് കേൾവിശക്തി നഷ്ടപ്പെട്ടു; മുന്നറിയിപ്പുമായി ഡോക്ടർമാർ
പാകിസ്ഥാൻ നിരസിച്ചയാൾ എയർ ഇന്ത്യയുടെ തലപ്പത്തേക്ക്? ആരാണ് ടെവോൾഡെ ഗെബ്രെമാരിയം?