
ബംഗളൂരുവിൽ നടന്ന റോഡ് അപകടത്തിന്‍റെ അസ്വസ്ഥത ഉളവാക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇന്‍കോഗ്നിറ്റോ എന്ന എക്സ് ഹാന്‍റിലില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോയിൽ നഗരത്തിലെ ഒരു പെട്രോൾ പമ്പിന് സമീപത്ത് വെച്ച് ഒരു കാറും ഇരുചക്ര വാഹനവും തമ്മിൽ കൂട്ടിയിടിക്കുന്നതും തുടർന്നുണ്ടായ അക്രമ സംഭവങ്ങളുമാണ് ഉള്ളത്. അപകടത്തിൽ പരിക്ക് പറ്റിയ ബൈക്ക് യാത്രക്കാരനെ കാറോടിച്ചിരുന്ന സ്ത്രീ അസഭ്യം പറയുന്നതിന്‍റെയും മർദ്ദിക്കുന്നതിന്‍റെയും ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. സ്ത്രീയുടെ പെരുമാറ്റം ഓൺലൈനിൽ വ്യാപക വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. പരിക്കുപറ്റി രക്തം വാർന്ന നിലയിൽ ആയിരുന്നിട്ടും ബൈക്ക് യാത്രികനെ ഈ സ്ത്രീ കുറ്റക്കാരനായി ആരോപിക്കുകയും മർദ്ദിക്കുകയും ആയിരുന്നു.
വീഡിയോയിൽ കൈകളിലും മുഖത്തും പരിക്ക് പറ്റി രക്തം വാർന്ന അവസ്ഥയിലാണ് ബൈക്ക് യാത്രികൻ ഉള്ളത്. ബൈക്ക് റോഡിൽ മറിഞ്ഞു കിടക്കുന്ന അവസ്ഥയിലും കാറിന്‍റെ ഇരുവശങ്ങളിലും മുൻവശത്തും കേടുപാടുകൾ സംഭവിച്ച നിലയിലുമാണ്. എന്നാൽ, കാർ ഓടിച്ചിരുന്ന സ്ത്രീക്ക് പരിക്കുകൾ ഒന്നും തന്നെയില്ല. അപകടത്തിന് ശേഷം ഈ സ്ത്രീ കാറിൽ നിന്നും ഇറങ്ങി വന്ന് ബൈക്ക് യാത്രക്കാരന്‍ പരിക്ക് പറ്റിയതായി അഭിനയിക്കുകയാണ് എന്ന് പറഞ്ഞ് കൊണ്ട് അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്യുന്നതാണ് ഈ വീഡിയോയെ അസ്വാഭാവികമാക്കിയത്. യുവതി എടുത്ത വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതും.
വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ അസഭ്യവർഷം നടത്തിയ സ്ത്രീക്കെതിരെ വലിയ വിമർശനമാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. അപകടത്തിൽ തെറ്റ് ആരുടെ ഭാഗത്താണെന്ന് വ്യക്തമല്ല. ബൈക്ക് ഓടിച്ചിരുന്ന വ്യക്തിയുടെ ഭാഗത്താണ് തെറ്റെങ്കിൽ കൂടിയും അപകടത്തിൽ പരിക്ക് പറ്റിയ ഒരാളോട് ഇത്രയും ക്രൂരമായി എങ്ങനെ പെരുമാറാൻ സാധിക്കുന്നു എന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ ചോദിക്കുന്നത്.