Latest Videos

നല്ല 'ഹൃദയമുള്ള' കള്ളൻ; കാർ മോഷ്ടിച്ചു, ആരുമറിയാതെ ചിതാഭസ്മം തിരികെ വച്ചു

By Web TeamFirst Published May 6, 2024, 9:07 AM IST
Highlights

കള്ളൻ കാറിന്റെ വിൻഡോ തകർത്തു, കാർ കുറച്ച് ദൂരം തള്ളിക്കൊണ്ടുപോയി, പിന്നീട് എഞ്ചിൻ സ്റ്റാർട്ടാക്കി എന്നാണ് ലാറി കരുതുന്നത്. എന്നാൽ, ഇതൊന്നും അറിയാതെ ആ സമയത്ത് ലാറി കിടന്നുറങ്ങുകയായിരുന്നു.

കാറുകൾ മോഷ്ടിക്കപ്പെടുന്നത് പുതിയ സംഭവം ഒന്നുമല്ല. എന്നാൽ, ചില കള്ളന്മാർ നല്ല ഹൃദയമുള്ള കള്ളന്മാരാണ് എന്നാണ് യുഎസ്സിലെ ഫ്ലോറിഡയിൽ നിന്നുള്ള ലാറി കാർട്ടർ ജൂനിയർ പറയുന്നത്. ലാറിയുടെ വിലയേറിയ 2023 ലിമിറ്റഡ് എഡിഷൻ ഡോഡ്ജ് ചാർജർ എസ്ആർടി ഹെൽകാറ്റ് റെഡെയെ ജയിൽ ബ്രേക്ക് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മോഷണം പോയി. ആ കാറിനോട് പലതരത്തിലുമുള്ള വൈകാരിക അടുപ്പവുമുണ്ടായിരുന്നു ലാറിക്ക്. 

അതിലൊന്ന് ആ കാറിന് ലാറിയുടെ അന്തരിച്ച അമ്മയുടെ പേരായിരുന്നു എന്നതാണ്. എന്നാൽ, അമ്മ ലോറെന ലിയോനാർഡിൻ്റെ പേര് മാത്രമല്ല അവരുടെ ചിതാഭസ്മവും ലാറി ആ കാറിൽ സൂക്ഷിച്ചിരുന്നു. കള്ളൻ കാറിന്റെ വിൻഡോ തകർത്തു, കാർ കുറച്ച് ദൂരം തള്ളിക്കൊണ്ടുപോയി, പിന്നീട് എഞ്ചിൻ സ്റ്റാർട്ടാക്കി എന്നാണ് ലാറി കരുതുന്നത്. എന്നാൽ, ഇതൊന്നും അറിയാതെ ആ സമയത്ത് ലാറി കിടന്നുറങ്ങുകയായിരുന്നു. പിറ്റേന്നാണ് തന്റെ കാർ മോഷണം പോയ കാര്യം അയാൾ അറിയുന്നത്. 

എന്നാൽ‌, അന്നുതന്നെ വേറൊരു സംഭവം കൂടിയുണ്ടായി. ലാറിയുടെ വീട്ടിലെ മെയിൽബോക്സിൽ കാറിലുണ്ടായിരുന്ന അമ്മയുടെ ചിതാഭസ്മം കള്ളൻ കൊണ്ടു വച്ചിരുന്നു. എങ്കിലും, ചിതാഭസ്മം മാത്രമാണ് കള്ളൻ അവിടെ വച്ചത്. കാർ തിരികെ കൊടുത്തില്ല. ചിതാഭസ്മം വയ്ക്കാൻ കാണിച്ച മനസ് കാർ തിരികെ തരാനും കള്ളൻ കാണിക്കുമെന്നാണ് ലാറി കരുതുന്നത്. 

അച്ഛനും അമ്മയും തനിക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു. അവരായിരുന്നു തന്റെ ലോകം. ആ കാർ തനിക്ക് തന്റെ അമ്മയുടെ ഓർമ്മയാണ്. ചിതാഭസ്മം തിരികെ കിട്ടിയില്ലായിരുന്നുവെങ്കിൽ താനാകെ തകർന്നു പോയേനെ. കാറും തനിക്ക് അതുപോലെ പ്രിയപ്പെട്ടതാണ്, അത് തിരികെ കിട്ടും എന്നാണ് കരുതുന്നത് എന്നാണ് ലാറി പറയുന്നത്. 

അതേസമയം ഫ്ലോറിഡ പൊലീസ് കാർ മോഷണത്തിൽ അന്വേഷണം തുടരുകയാണ്. 

(ചിത്രം പ്രതീകാത്മകം)

click me!