
നമ്മിൽ പലർക്കും പല സ്വപ്നങ്ങളും ഉണ്ടാവും. അതിൽ തന്നെ വളരെ ചെറുതായിരിക്കുമ്പോൾ മുതൽ കൂടെ കൊണ്ടു നടക്കുന്ന സ്വപ്നങ്ങളും കാണും. എന്നാൽ, ചിലപ്പോൾ അത് സഫലീകരിക്കാൻ സാധിച്ചു എന്ന് വരില്ല. എന്നാൽ, ഇവിടെ 77 വയസുള്ള, കെയർ ഹോമിൽ കഴിയുന്ന ഒരു സ്ത്രീ തന്റെ കൗമാരപ്രായത്തിലുള്ള സ്വപ്നം ഇപ്പോൾ സാധിച്ചിരിക്കുകയാണ്. ആദ്യമായി അവർ ടാറ്റൂ ചെയ്തു.
വെസ്റ്റ് മിഡ്‌ലാൻഡിലെ വോൾവർഹാംപ്ടണിലുള്ള കെയർ യുകെ ഫോക്‌സ്‌ലാൻഡ് ഗ്രാഞ്ച് ഹോമിൽ താമസിക്കുന്ന ഹെലൻ അലന്റെ ഭർത്താവ് ഒരു ബൈക്കറായിരുന്നു. കീത്ത് മിച്ചലെന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. മിച്ചലിന്റെ ദേഹത്ത് ഒരു ടാറ്റൂവും ഉണ്ടായിരുന്നു. തന്റെ ഭർത്താവിന്റെ ദേഹത്തുള്ള ടാറ്റൂ ഹെലനെ എപ്പോഴും ആകർഷിച്ചിരുന്നു. എന്നാൽ, ഇത്രയും കാലമായിട്ടും തന്റെ ദേഹത്ത് ഒരു ടാറ്റൂ ചെയ്യാൻ അവർക്ക് സാധിച്ചിട്ടില്ലായിരുന്നു.
എന്നാൽ, കെയർ ഹോമിൽ ഒരു വിഷ്‍ട്രീ സ്ഥാപിച്ചു. അവിടെ താമസിക്കുന്നവർക്ക് അവരുടെ ഇതുവരെ സാക്ഷാത്കരിക്കാൻ സാധിക്കാത്ത മോഹങ്ങൾ എഴുതി വയ്‍ക്കാനുള്ള അവസരമായിത്തീർന്നു ഇത്. ഹെലന്റെ നടക്കാതെ പോയ സ്വപ്നമായിരുന്നു ഒരു ടാറ്റൂ ചെയ്യുക എന്നത്. അങ്ങനെ ഹെലൻ ആ സ്വപ്നം എഴുതി. അതോടെയാണ് ടാറ്റൂ ചെയ്യാനുള്ള അവസരം വന്നത്. എന്നത്തേയും ആഗ്രഹം ആയിരുന്ന കുഞ്ഞ് ചിത്രശലഭത്തെയാണ് അവർ തന്റെ ശരീരത്തിൽ എന്നേക്കുമായി വരച്ച് ചേർത്തത്. വലതുകയ്യിലാണ് ടാറ്റൂ ചെയ്തത്.
ടാറ്റൂ ചെയ്യുമ്പോൾ തനിക്ക് വേദനിച്ചില്ല, പ്രതീക്ഷിച്ചതിലും വേഗം ടാറ്റൂ പൂർത്തിയായി. ടാറ്റൂ ആർട്ടിസ്റ്റായ ഗർത്ത് വേദന തോന്നിപ്പിക്കാതെയാണ് തനിക്ക് ടാറ്റൂ ചെയ്തത് എന്ന് ഹെലൻ പറയുന്നു. തന്റെ ടാറ്റൂ തനിക്ക് ഒരുപാട് ഇഷ്ടമായി എന്നും സ്വപ്നം സാക്ഷാത്കരിക്കാൻ സാധിച്ചതിൽ വളരെ സന്തോഷം തോന്നുന്നു എന്നും ഹെലൻ പറഞ്ഞു.