80 -കാരി കോടീശ്വരി പ്രേമിച്ചത് 57 -കാരനായ വീടില്ലാത്ത, മയക്കുമരുന്നിന് അടിമയെ, അന്വേഷണത്തില്‍ ഞെട്ടി മക്കളും

Published : Jan 08, 2024, 12:54 PM IST
80 -കാരി കോടീശ്വരി പ്രേമിച്ചത് 57 -കാരനായ വീടില്ലാത്ത, മയക്കുമരുന്നിന് അടിമയെ, അന്വേഷണത്തില്‍ ഞെട്ടി മക്കളും

Synopsis

ഒരിക്കൽ മയക്കുമരുന്നിന് അടിമയായിരുന്നു ഡേവ്. ഭാര്യയെ മർദ്ദിച്ചതും കുഞ്ഞിനെ നോക്കാത്തതും ബോംബ് നിർമ്മിച്ചതുമടക്കം അനേകം കുറ്റങ്ങൾ വേറെയും. ഇക്കാര്യങ്ങളെല്ലാം സാലിയേയും സൂസനേയും ആശങ്കയിലാഴ്ത്തി. 

പ്രേമത്തിന് കണ്ണില്ല, മൂക്കില്ല എന്നെല്ലാം നാം പറയാറുണ്ട്. ചില പ്രണയങ്ങളൊക്കെ കാണുമ്പോൾ ഈ പറയുന്നത് സത്യമാണല്ലോ എന്ന് തോന്നുക​യും ചെയ്യും. അതുപോലെ യുഎസ്‍എയിൽ 80 -കാരിയായ ഒരു കോടീശ്വരി പ്രണയിച്ചത് തെരുവിൽ കഴിയുന്ന മയക്കുമരുന്നിന് അടിമയായ ഒരു 57 -കാരനെയാണ്. കാലിഫോർണിയയിൽ നിന്നുള്ള കരോലിൻ ഹോളണ്ട് എന്ന 80 -കാരിയാണ് ഈ കഥയിലെ നായിക. കരോലിന് രണ്ട് പെൺമക്കളും ഉണ്ട്. 

എന്തായാലും കരോലിൻ ഇപ്പോൾ ജീവനോടെ ഇല്ല. എന്നാൽ, അവരുടെ പ്രണയകഥ മിക്കവർക്കും പരിചിതമാണ്. 2015 -ലാണ് കരോലിന് അവളുടെ ഭർത്താവിനെ നഷ്ടപ്പെട്ടത്. അങ്ങനെ, രണ്ട് പെൺമക്കളെയും നോക്കി ജീവിച്ച് വരികയായിരുന്നു കരോലിൻ. എന്നാൽ, പയ്യെപ്പയ്യെ ഒറ്റപ്പെടലിന്റെ വേദന അവളെ തളർത്തി തുടങ്ങി. ആ സമയത്താണ് അവർ 57 -കാരനായ ഡേവ് ഫൂട്ടിനെ കാണുന്നത്. അവരുടെ വീട്ടിലെ അല്ലറച്ചില്ലറ ജോലികളൊക്കെ ചെയ്യാൻ വന്നിരുന്ന ആളായിരുന്നു ഡേവ്. പിന്നാലെ, ഇരുവരും സുഹൃത്തുക്കളായി. അധികം വൈകാതെ തന്നെ ആ സൗഹൃദം പ്രണയത്തിലും എത്തിച്ചേർന്നു. ‌

ഡേവിന് വീടില്ലായിരുന്നു. അവൻ മിക്കവാറും കഴിഞ്ഞിരുന്നത് ഒരു കടൽത്തീരത്തായിരുന്നു. പ്രണയത്തിലായി അധികം കഴിയും മുമ്പ് തന്നെ കരോലിൻ ഡേവിനെ തന്റെ ആഡംബരമാളികയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇരുവരും ഒരുമിച്ച് കഴിഞ്ഞു തുടങ്ങി. കരോലിന്റെ മക്കളായ സാലിയും സൂസനും ഇതോടെ ഒന്ന് ഭയന്നു. എന്താണ് സംഭവിക്കുക എന്ന കാര്യത്തിൽ അവർക്ക് യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല. അമ്മയുടെ പേരിലാണെങ്കിൽ അച്ഛനും അമ്മയും ചേർന്ന് സമ്പാദിച്ച സ്വത്തുക്കൾ മുഴുവനും ഉണ്ടായിരുന്നു. 

അതോടെ ഭയന്ന പെൺമക്കൾ അമ്മയുടെ കാമുകനെ കുറിച്ച് രഹസ്യമായി അന്വേഷിച്ചു. ആ അന്വേഷണത്തിലാണ് പൈപ്പ് ബോംബ് നിർമ്മിച്ചതിന് 10 വർഷക്കാലം ജയിലിൽ കിടന്നയാളാണ് തങ്ങളുടെ അമ്മയുടെ കാമുകൻ എന്ന ഞെട്ടിക്കുന്ന സത്യം അവർ അറിയുന്നത്. തീർന്നില്ല, വാൾമാർട്ടിൽ ബോംബിടാനും ഡേവിന് പദ്ധതിയുണ്ടായിരുന്നത്രെ. 

കരോലിന് അൾഷിമേഴ്സും ഉണ്ടായിരുന്നു. അങ്ങനെയുള്ള തങ്ങളുടെ അമ്മയെ പറ്റിച്ച് പണം തട്ടുക തന്നെയാണ് ഡേവിന്റെ ലക്ഷ്യം എന്ന് സാലിയും സൂസനും ഉറപ്പിച്ചു. പെൺമക്കൾ അമ്മയോട് ഇക്കാര്യമെല്ലാം പറഞ്ഞെങ്കിലും കരോലിൻ അതൊന്നും വിശ്വസിക്കാൻ തയ്യാറായില്ല. തന്റെ ഭർത്താവ് തന്റെ ഒരു കാര്യത്തിലും ശ്രദ്ധിക്കാത്ത ആളായിരുന്നു. എന്നാൽ, ഡേവ് അങ്ങനെയല്ല തന്നെ നന്നായി സ്നേഹിക്കുന്നുണ്ട്, തന്നെ നന്നായി നോക്കുന്നുണ്ട് എന്നെല്ലാമായിരുന്നു കരോലിന്റെ വാദം. താൻ കരോലിനെയും ഒരുപാട് സ്നേഹിക്കുന്നു എന്നായിരുന്നു ഡേവും പറഞ്ഞത്. 

എന്നാൽ, ഒരിക്കൽ മയക്കുമരുന്നിന് അടിമയായിരുന്നു ഡേവ്. ഭാര്യയെ മർദ്ദിച്ചതും കുഞ്ഞിനെ നോക്കാത്തതും ബോംബ് നിർമ്മിച്ചതുമടക്കം അനേകം കുറ്റങ്ങൾ വേറെയും. ഇക്കാര്യങ്ങളെല്ലാം സാലിയേയും സൂസനേയും ആശങ്കയിലാഴ്ത്തി. 

കരോലിന്റെ അവസാന കാലത്ത് അവരുടെ ആരോ​ഗ്യം വളരെ മോശമായി. ആ സമയം ഡേവിനെ കാണാൻ മക്കൾ അമ്മയെ അനുവദിച്ചില്ല. കരോലിന്റെ മരണവാർത്തയും ഡേവിനെ അറിയിച്ചില്ല. കരോലിന്റെയും മരിച്ചുപോയ ഭർത്താവിന്റെയും സ്വത്തുക്കളുടെ അവകാശം അങ്ങനെ മക്കളിൽ തന്നെ എത്തിച്ചേർന്നു. 

കരോലിൻ മരിച്ചതോടെ ഡേവ് വീണ്ടും വീടില്ലാത്തവനായി. അവർ ഒരിക്കൽ വാങ്ങി നൽകിയ വാൻ ഓടിച്ചും ഫാൻസി ആഭരണങ്ങൾ വിറ്റുമാണ് ഡേവ് ജീവിച്ചത്. താൻ കരോലിനെ ഒരുപാട് സ്നേഹിച്ചിരുന്നു എന്നാണ് ഡേവ് ഇപ്പോഴും പറയുന്നത്. ശരിക്കും ഡേവിന് കരോലിനോട് പ്രണയമായിരുന്നോ, അതോ ഒരു വീടിനും പണത്തിനും വേണ്ടി പ്രണയം നടിച്ചതാണോ എന്ന കാര്യത്തിൽ ഇപ്പോഴും ഉറപ്പില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

മാസശമ്പളം 10,000 രൂപ മാത്രം; മൂന്നാമതും അച്ഛനായ വാച്ച്മാനെക്കുറിച്ച് ബീഹാർ സ്വദേശിയുടെ കുറിപ്പ് വൈറൽ
പണി എളുപ്പമാക്കാൻ ഭാര്യ ഡിഷ് വാഷർ വാങ്ങി, പിന്നാലെ വീട് അടിച്ച് തകർത്ത് ഭർത്താവ്