അമ്മക്കരടിയുടെയും കുഞ്ഞുങ്ങളുടെയും ചിത്രം പകർത്താൻ ശ്രമിച്ചു, യുവതിക്കെതിരെ കേസ്

By Web TeamFirst Published Aug 1, 2021, 10:59 AM IST
Highlights

മെയ് 25 -ന് യെല്ലോ സ്റ്റോണ്‍ നാഷണല്‍ പാര്‍ക്ക് യുവതിയുടെ നേര്‍ക്ക് കരടി കുതിക്കുന്നതിന്‍റെ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും പൊതുജനങ്ങളോട് എന്തെങ്കിലും വിവരങ്ങളുണ്ടെങ്കില്‍ നല്‍കാനും ആവശ്യപ്പെട്ടിരുന്നു. 

ഇല്ലിനോയ്സിലെ നാഷണല്‍ പാര്‍ക്കില്‍ കരടിയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച യുവതിക്കെതിരെ കേസ്. വന്യമൃഗങ്ങളെ ശല്യപ്പെടുത്തിയതിനാണ് കേസ് ചുമത്തിയിരിക്കുന്നത്. വ്യാപകമായി ഇവരുടെ ചിത്രം ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. അതില്‍ സാമന്താ ഡെഹ്റിംഗ് എന്ന യുവതി ഒരു അമ്മക്കരടിയേയും രണ്ട് കുഞ്ഞുങ്ങളെയും ഫോട്ടോ എടുക്കുന്നതിനായി വിടാതെ പിന്തുടരുന്നതാണ് കാണാനാവുന്നത്. 

അവസാനം ആ അമ്മക്കരടി അവര്‍ക്ക് നേരെ ചാടുകയും ചെയ്തു. അപ്പോഴും അത് തൊട്ടടുത്തെത്തിയപ്പോഴാണ് ഡെഹ്റിംഗ് അവിടെനിന്നും മാറുന്നത്. നിരവധി കുറ്റങ്ങളാണ് ഇവര്‍ക്ക് നേരെ ചുമത്തിയിരിക്കുന്നത്. അതില്‍ പരിധി ലംഘിച്ചു, വന്യമൃഗങ്ങളെ ശല്യപ്പെടുത്തി തുടങ്ങി പല കുറ്റങ്ങളും പെടുന്നു. കരടികളില്‍ നിന്നും 300 മീറ്റര്‍ മാറിവേണം സന്ദര്‍ശകര്‍ നില്‍ക്കാന്‍ എന്ന് ഇവിടുത്തെ നിയമങ്ങളില്‍ തന്നെ പറയുന്നുണ്ട്. 

മെയ് 15 -നാണ് ഡെഹ്റിംഗ് അടക്കമുള്ള വിനോദസഞ്ചാരികളുടെ സംഘം പാര്‍ക്കിലെത്തുന്നത്. റോറിംഗ് മൌണ്ടയിന്‍ സെക്ഷനില്‍ വച്ചാണ് അവര്‍ അമ്മക്കരടിക്കും കുഞ്ഞുങ്ങള്‍ക്കും സമീപത്തെത്തിയത്. ദൃക്സാക്ഷികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്, ഡെഹ്റിംഗിന് അവിടെനിന്നും മാറി അവരുടെ വാഹനത്തില്‍ ചെന്നിരിക്കാന്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, കരടി അടുത്തേക്ക് ചാടുന്നത് വരെ അവര്‍ അതെല്ലാം അവഗണിച്ചു എന്നാണ്. 

മെയ് 25 -ന് യെല്ലോ സ്റ്റോണ്‍ നാഷണല്‍ പാര്‍ക്ക് യുവതിയുടെ നേര്‍ക്ക് കരടി കുതിക്കുന്നതിന്‍റെ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും പൊതുജനങ്ങളോട് എന്തെങ്കിലും വിവരങ്ങളുണ്ടെങ്കില്‍ നല്‍കാനും ആവശ്യപ്പെട്ടിരുന്നു. ഡെഹ്റിംഗിനെ കുറിച്ച് സൂചന ലഭിച്ച പൊലീസ് അവരുടെ സാമൂഹികമാധ്യമങ്ങളിലെ അക്കൗണ്ട് പരിശോധിക്കുകയും അതില്‍ അവര്‍ പങ്കുവച്ച കരടിയുടെ ചിത്രങ്ങള്‍ കാണുകയും ചെയ്തു. 

വന്യജീവികൾക്ക് ഭക്ഷണം കൊടുക്കുക, സ്പർശിക്കുക, ഭയപ്പെടുത്തുക അല്ലെങ്കിൽ മനപ്പൂർവ്വം ശല്യപ്പെടുത്തുക എന്നിവയെല്ലാം നിരോധിക്കുന്ന ഫെഡറൽ നിയമപ്രകാരമാണ് അവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ആഗസ്റ്റ് 26 -ന് അവൾ വ്യോമിംഗ് കോടതിയിൽ ഹാജരാകണം.

(ചിത്രം: ഫയൽചിത്രം/​ഗെറ്റി ഇമേജസ്)

click me!